മൂന്നാം ശതകത്തില്‍ ഡേഷ്യസ് ചക്രവര്‍ത്തി രൂക്ഷമായ മതമര്‍ദനം അഴിച്ചുവിട്ടപ്പോള്‍ ക്രൂരപീഡനങ്ങള്‍ക്ക് ഇരയായ ഒരു ധീരപുരുഷനാണ് ഫെലിക്‌സ്. ഫെലിക്‌സ്, തനിക്ക് പൈതൃകമായി സിദ്ധിച്ച സ്വത്തില്‍ ഗണ്യമായ ഭാഗം അഗതികള്‍ക്ക് നല്‍കിയതിനുശേഷം വൈദികവിദ്യാഭ്യാസം നേടി. നോളായിലെ മെത്രാന്‍ മാക്‌സിമൂസില്‍നിന്ന് പട്ടമേറ്റ് വൈദികനായി.
ക്രൈസ്തവ വിശ്വാസത്തിന്റെപേരില്‍ ബന്ധിതനായ ഫെലിക്‌സിനെ ചമ്മട്ടികൊണ്ട് അടിച്ചതിനുശേഷം അദ്ദേഹത്തിന്റെ കാല്‍ ചങ്ങലയാൽ ബന്ധിച്ച് തടവറയില്‍ അടച്ചു. ഫെലിക്‌സിന് നില്‍ക്കാനോ, കിടക്കാനോ കഴിയാത്തവിധം തറയില്‍ കുപ്പിച്ചില്ലുകള്‍ വിതറി. ഒരു രാത്രി തടവറയില്‍ അദ്ഭുതകരമായ ഒരു അഭൗമതേജസ് പ്രസരിച്ചു. ഒരു മാലാഖ പ്രത്യക്ഷനായി ഫെലിക്‌സിന്റെ കാലിലെ ചങ്ങലകള്‍ അഴിച്ചുമാറ്റി അദ്ദേഹത്തെ സ്വതന്ത്രനാക്കി. പിന്നീട് ഫെലിക്‌സ് വേഷപ്രച്ഛന്നനായി കഴിഞ്ഞുകൂടി. പടയാളികള്‍ തന്നെ അന്വേഷിച്ചിറങ്ങിയത് അറിഞ്ഞ് ഒരു ഗുഹയില്‍ ഒളിച്ചു. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഗുഹാമുഖം ചിലന്തിവലയാല്‍ മൂടപ്പെട്ടു. അതിനാല്‍, പടയാളികള്‍ അങ്ങോട്ട് നോക്കുകപോലും ചെയ്തില്ല. ഗുഹയില്‍ നിന്നിറങ്ങിയ ഫെലിക്‌സ് വീണ്ടും കുറേനാള്‍ വേഷപ്രച്ഛന്നനായിത്തന്നെ കഴിഞ്ഞു.
ഡേഷ്യസിന്റെ മരണത്തോടുകൂടി സഭയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചു. മാക്‌സിമൂസ് മരിച്ചതിനുശേഷം ഫെലിക്‌സ് മെത്രാനായി തിരഞ്ഞെടുക്കപ്പെട്ടു. ഭരണാധികാരികള്‍ കണ്ടുകെട്ടിയിരുന്ന തന്റെ പൈതൃകസ്വത്തിന്റെ അവശിഷ്ടഭാഗം തിരികെ കിട്ടിയതിനെ തുടര്‍ന്ന് അതും ദരിദ്രര്‍ക്ക് ദാനം ചെയ്തു. അങ്ങനെ തികച്ചും നിസ്വനായിത്തീര്‍ന്ന ആ പുണ്യശ്ലോകന്‍ ത്യാഗസുരഭിലമായ ജീവിതം നയിച്ചുകൊണ്ട് ദീര്‍ഘകാലം സഭയെ സേവിച്ചു. 260 ജനുവരി 14-ാം തീയതി അദ്ദേഹം മരണമടഞ്ഞു.
വാഴ്ത്തപ്പെട്ട പീറ്റര്‍ ഡോന്‍ഡേഴ്‌സ്
ഹോളണ്ടിലെ ടിന്‍ബര്‍ഗ് എന്ന സ്ഥലത്ത് 1809 ല്‍ പീറ്റര്‍ ജനിച്ചു. 1841 ല്‍ പീറ്റര്‍ പുരോഹിതനായി അഭിഷിക്തനായി. താമസിയാതെ ലാറ്റിന്‍ അമേരിക്കയിലെ സുരിനാം പ്രദേശത്തേക്ക് പുറപ്പെട്ടു. സുരിനാം ഡച്ച് കോളനി മാനുഷികമൂല്യങ്ങളെ ചവിട്ടിമെതിക്കുന്നതില്‍ കുപ്രസിദ്ധി നേടിയിരുന്നു. ശുശ്രൂഷയുടെ ആദ്യത്തെ നാലു വര്‍ഷങ്ങള്‍ സുരിനാമിലെ പ്രധാന നഗരമായ പാരമാരി ബോയിലേ കൃഷിയിടങ്ങളില്‍ അടിമവേല ചെയ്തിരുന്നവരുടെ ഇടയിലാണ് ചെലവഴിച്ചിരുന്നത്. പിന്നീട് അദ്ദേഹം കുഷ്ഠരോഗികളുടെ ഇടയില്‍ 30 വര്‍ഷം ശുശ്രൂഷ ചെയ്തു.
പീറ്റര്‍ 1867 ല്‍ ദിവ്യരക്ഷകസഭയില്‍ ചേര്‍ന്ന് സന്യാസ വ്രതവാഗ്ദാനം ചെയ്തു. 1887 ജനുവരി 14-ാം തീയതി അദ്ദേഹം മരണമടഞ്ഞു. പ്രചോദനാത്മകമായ ഒരു ജീവിതം പൂര്‍ത്തിയാക്കിയ പീറ്ററിനെ 1982 മെയ് 13-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവരുടെ ഗണത്തില്‍ ചേര്‍ത്തു.
വിചിന്തനം: ഈശോയുടെ ഈ ലോകജീവിതം കുരിശിന്റെ വഴി ആയിരിക്കണമെന്ന് പിതാവായ ദൈവം തിരുമനസ്സായി. ആകയാല്‍ കുരിശിന്റെ വഴി പിഞ്ചെല്ലാതെ ഈശോയെ അനുഗമിക്കുക സാധ്യമല്ല – അല്‍ഫോന്‍സ് ലിഗോരി.
ഇതര വിശുദ്ധര്‍: ബാര്‍ബേസിമസ് (+346)/ മക്രീനാ (+340)/ സാവാ (11741236)/ ദാഷിയൂസ് (+552) മിലാനിലെ മെത്രാന്‍/ യൂഫ്രാസിയൂസ്/ മൗണ്ട് സിനായിലെ രക്തസാക്ഷികള്‍.
ഫാ. ജെ. കൊച്ചുവീട്ടില്‍