എ. ഡി. 423 ല്‍ കദോച്യായിലാണ് വി. തെയേഡോഷ്യസ് ജനിച്ചത്. വളരെ ചെറുപ്പത്തില്‍തന്നെ ഒരു സന്യാസിയാകാന്‍ തെയേഡോഷ്യസ് ആഗ്രഹിച്ചിരുന്നു. സ്തൂപസ്ഥനായ ശിമയോന്റെ ജീവിതരംഗങ്ങള്‍ തെയോഡേഷ്യസിന്റെ ഹൃദയത്തെ വളരെയധികം ആകര്‍ഷിച്ചിരുന്നു. പുണ്യവാനായ കലാഞ്ചിനൂസ് എന്ന ഗുരുവിന്റെ കീഴില്‍ വിശുദ്ധന്‍ സന്യാസജീവിതം ആരംഭിച്ചു. കുറച്ചു നാളുകള്‍ക്കുശേഷം അദ്ദേഹത്തെ ഒരു ആശ്രമം ഭരിക്കുന്നതിനായി അയച്ചു. മറ്റുള്ളവരെ ഭരിക്കുന്നതിന് താന്‍ യോഗ്യനല്ലെന്നു വിശ്വസിച്ച തെയോഡോഷ്യസ് അവിടെനിന്ന് ഒളിച്ചോടി ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. 30 വര്‍ഷത്തോളം പ്രാര്‍ഥനയിലും ഉപവാസത്തിലുമായി അദ്ദേഹം അവിടെ കഴിഞ്ഞു.
വിശുദ്ധനില്‍ വിളങ്ങിയിരുന്ന സുകൃതങ്ങളില്‍ ആകൃഷ്ടരായ പലരും അദ്ദേഹത്തിന്റെ ശിഷ്യരായി. അവരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. നിര്‍വാഹമില്ലെന്നു കണ്ടപ്പോള്‍ വിശുദ്ധന്‍ അവരുടെ ഭരണം ഏറ്റെടുത്തു. സഹസന്യാസികളുടെ സംഖ്യ വര്‍ധിച്ചപ്പോള്‍ തെയോഡോഷ്യസ് അവര്‍ക്കായി വലിയൊരു ആശ്രമവും മൂന്ന് ദൈവാലയങ്ങളും നിര്‍മിച്ചു.
ദരിദ്രരെ സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ചില അവസരങ്ങളില്‍ സന്യാസികള്‍ നൂറു പ്രാവശ്യത്തിലധികം അഗതികള്‍ക്ക് ഭക്ഷണം നല്‍കിയിട്ടുണ്ട്. ക്ഷാമകാലങ്ങളിലും ഈ പ്രവൃത്തിക്ക് യാതൊരു കുറവും വരുത്തരുതെന്ന് അദ്ദേഹം കൽപിച്ചിരുന്നു. ഭക്ഷണം തികയാതെവന്ന സാഹചര്യങ്ങളില്‍ അദ്ഭുതകരമായ വിധത്തില്‍ ഭക്ഷണത്തെ വിശുദ്ധന്‍ വര്‍ധിപ്പിച്ചു. ആ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്ന പാഷണ്ഡതകളെ വിശുദ്ധന്‍ എതിര്‍ത്തുതോൽപിച്ചു. ഇതില്‍ കുപിതനായ ഏകസ്വഭാവ വാദിയായിരുന്ന ചക്രവര്‍ത്തി വിശുദ്ധനെ നാടുകടത്തി.
വിശുദ്ധന്റെ വാര്‍ധക്യത്തില്‍ അത്യധികം മാരകവും വേദനാകരവുമായ ഒരു രോഗം അദ്ദേഹത്തെ ബാധിച്ചു. സുഖപ്രാപ്തിക്കായി അദ്ദേഹം ഒരിക്കലും പ്രാർഥിച്ചിരുന്നില്ല. തന്റെ ജീവിതകാലം മുഴുവന്‍ സുഖമായി കഴിഞ്ഞതിന്റെ പരിഹാരമായി ഈ വേദനയെ അദ്ദേഹം സസന്തോഷം സ്വീകരിച്ചു. എ. ഡി. 529 ല്‍ തന്റെ 106-ാമത്തെ വയസ്സില്‍ നിത്യസമ്മാനത്തിനായി വിശുദ്ധന്‍ സ്വര്‍ഗത്തിലേക്കു യാത്രയായി.
വിചിന്തനം: ”ഈശോ നമ്മുടെ അടുത്തുള്ളപ്പോള്‍ എല്ലാം ശുഭം തന്നെ! യാതൊന്നും ദുഷ്‌കരമായി തോന്നില്ല. ഈശോയെ കണ്ടെത്തുന്നവന്‍ ഒരു മഹാനിക്ഷേപം കണ്ടെത്തുന്നു” ക്രിസ്താനുകരണം.
ഇതര വിശുദ്ധര്‍ : അലക്‌സാണ്ടര്‍ (രണ്ടാം നൂറ്റാണ്ട്) ഫോര്‍മയിലെ മെത്രാന്‍/ ബോഡിന്‍ (ബനഡിക്റ്റന്‍ സന്യാസി)/ ഗാസായിലെ വിറ്റാലിസ് (+625)/ സാല്‍വിയൂസ്/ ഹൊണരാത്താ (+500)/ ബ്രിണ്ടാസിയിലെ ലിഷ്യസ് (+180)/ അനസ്താസിയൂസ് (+570)/ ബ്രന്റന്‍ (അഞ്ചാം നൂറ്റാണ്ട്)/ അക്വീലായിലെ പൗളീനൂസ് (+802), അക്വീലിയായിലെ പാട്രിയാക്ക്/ വി. ഹൈജിനൂസ് (+136).
ഫാ. ജെ. കൊച്ചുവീട്ടില്‍