ജനുവരി 10: വി. വില്യം

ബെല്‍ജിയത്തിലെ നേവേര്‍സില്‍ ഒരു കുലീനകുടുംബത്തില്‍ ജനിച്ച വില്യം, തന്റെ മാതുലനും സോയിസണിലെ ആര്‍ച്ചുഡീക്കനുമായ പീറ്ററിന്റെ കീഴില്‍ വിദ്യാഭ്യാസം ചെയ്തു. ചെറുപ്പം മുതല്‍ ആത്മീയജീവിതത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നതുകൊണ്ട് വിദ്യാഭ്യാസകാലം കഴിഞ്ഞപ്പോള്‍തന്നെ അവന്‍ വൈദികവൃത്തി തിരഞ്ഞെടുത്തു.

സോയിസണിലും പാരീസിലും കുറേ നാള്‍ സേവനമനുഷ്ഠിച്ചു. പരിപൂര്‍ണ്ണത പ്രാപിക്കാന്‍ സന്യാസജീവിതമാണ് ഉത്തമമാര്‍ഗം എന്നുകണ്ട് ഗ്രാന്‍ഡ് മോണ്ട് ആശ്രമത്തിലേക്കു പിന്‍വാങ്ങി. അവിടെ കുറേനാള്‍ കഴിഞ്ഞപ്പോള്‍ ഗായകസംഘാംഗങ്ങളായ സന്യാസിമാരും ഏതാനും അത്മായസഹോദരന്മാരും തമ്മില്‍ അഭിപ്രായസംഘര്‍ഷങ്ങളുണ്ടായി. അങ്ങനെ ആശ്രമത്തിലെ ശാന്തത നഷ്ടപ്പെട്ടതില്‍ ദുഃഖിതനായ അദ്ദേഹം സിസ്റ്റേഴ്‌സ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്ന് സഭാവസ്ത്രം സ്വീകരിച്ചു. തപോനിഷ്ഠമായ ഉത്തമജീവിതംകൊണ്ട് സകലരുടെയും ശ്രദ്ധയ്ക്കും ബഹുമാനത്തിനും പാത്രീഭവിച്ചു. സെന്‍സിലെ ഫോണ്ടെന്‍ജീനിലും സെന്‍ലിസിലെ ചാലീസിലും ആശ്രമാധിപനായി.

1200 ല്‍ ബോര്‍ജസിലെ മെത്രാപ്പോലീത്ത മരിച്ചപ്പോള്‍ തല്‍സ്ഥാനത്തേക്ക്  അധികാരികള്‍ വില്യമിനെ തിരഞ്ഞെടുത്തു. മെത്രാപ്പോലീത്തായായി സ്ഥാനമേറ്റതോടുകൂടി വില്യം തപശ്ചര്യകള്‍ പൂര്‍വാധികം കര്‍ക്കശമാക്കി. തനിക്കും തന്റെ സംരക്ഷണത്തില്‍ ഭരമേൽപിക്കപ്പെട്ട അജഗണങ്ങള്‍ക്കുംവേണ്ടി നിരന്തരമായി പ്രാർഥിക്കുകയും ഉപവസിക്കുകയും ചെയ്തു. ഉടുപ്പിനുള്ളില്‍ രോമച്ചട്ട ധരിച്ചു, മാംസം ഭക്ഷിച്ചിരുന്നില്ല, അഗതികളെ സഹായിക്കുന്നതിലും സംരക്ഷിക്കുന്നതിലും അത്യധികം താൽപര്യം പ്രദര്‍ശിപ്പിച്ചു. അഗതികളെ സംരക്ഷിക്കുന്നതിനാണ് താന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

വിനയവും കാരുണ്യവുംകൊണ്ട് വില്യം അവിശ്വാസികളെ മെരുക്കിയെടുത്ത് സഭാവിശ്വാസത്തിലേക്ക് ആനയിച്ചു. തത്സംബന്ധമായ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് പനി പിടിപെട്ടു. ഒരു ദിവസത്തെ പ്രസംഗം കഴിഞ്ഞപ്പോള്‍ പനി വര്‍ധിച്ചു. അന്ന് അര്‍ധരാത്രിയിലെ പ്രാര്‍ഥന മുന്‍കൂട്ടി ചൊല്ലിത്തുടങ്ങി; എന്നാല്‍, അത് പൂര്‍ത്തിയായില്ല. അദ്ദേഹം നെറ്റിയിലും മാറിലും കുരിശടയാളം വരച്ചു. ആംഗ്യം കാണിച്ചതനുസരിച്ച് അദ്ദേഹത്തെ വൈദികര്‍ ചാരത്തില്‍ കിടത്തി. വൈകാതെ അദ്ദേഹം ദിവംഗതനാവുകയും ചെയ്തു. അന്ന് 1209 ജനുവരി പത്താം തീയതിയായിരുന്നു. 1217 ല്‍ അദ്ദേഹം വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.

വിചിന്തനം: ആത്മീയതയുടെ പൂര്‍ണ്ണത എന്നത് പുണ്യങ്ങളുടെ നിറവല്ല; ദൈവത്തിന്റെ കൂട്ടായ്മയിലായിരിക്കുന്നതാണ് ക്രിസ്താനുകരണം.

ഇതര വിശുദ്ധര്‍: തോമിയന്‍ (+660) അയര്‍ലണ്ടിലെ ആര്‍ച്ചുബിഷപ്പ്/ ഡെര്‍മട്ട് (ആറാം നൂറ്റാണ്ട്) ആബട്ട്, അയര്‍ലണ്ട്/ മാര്‍സിയന്‍ (കോണ്‍സ്റ്റാന്റിനോപ്പിള്‍)/ പീറ്റര്‍ ഉര്‍സിയാലോ (928-987)/ ജോണ്‍ കമില്ലസ് (+660) മിലാനിലെ മെത്രാന്‍/ നിക്കനോര്‍(+76), 72 ഡീക്കാരിലൊരാള്‍/ പെട്രോണിയസ് (+463) ഡൈയിലെ മെത്രാന്‍/ വി. അഗാത്തോ(678).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.