ദൈവം തന്റെ പുത്രനു മാതാവായി തിരഞ്ഞെടുത്ത കളങ്കമറ്റ കന്യകയാണ് പരിശുദ്ധ മാതാവ്. ദാവീദ് രാജാവിന്റെ കുടുംബത്തില്‍ യൊവാക്കീമിന്റെയും അന്നയുടെയും മകളായി ജനിച്ച മറിയം വിശുദ്ധരില്‍ ഏറ്റവും ശ്രേഷ്ഠയാണ്. കാല്‍വരിയില്‍ കുരിശില്‍ കിടന്നുകൊണ്ട് കഠോരപീഡകള്‍ സഹിച്ച് മരിക്കാന്‍പോകുന്ന സമയത്താണ് ഈശോ തന്റെ മാതാവിനെ ലോകത്തിനു മുഴുവന്‍ അമ്മയായി നല്‍കിയത്. അങ്ങനെ മരിയഭക്തിയുടെ ഉറവിടം കാല്‍വരിയിലെ കുരിശിന്‍ചുവടാണെന്നു പറയാം.
ഒരു ശിശുവിനെപ്പോലെ വിശ്വാസത്തോടും ശരണത്തോടും കൂടെ ഏതാവശ്യങ്ങളിലും നമുക്ക് മാതാവിനെ സമീപിക്കാം. പാപരഹിതമായ ജീവിതം നയിക്കാനും സാത്താന്റെ പരീക്ഷകളെ ജയിക്കാനും ദൈവമാതൃഭക്തി ഉത്തമസഹായമാണ്. ഈശോയെ കൂടുതല്‍ അറിയാനും സ്‌നേഹിക്കാനും യഥാര്‍ഥ മരിയഭക്തി നമ്മെ സഹായിക്കും. ദൈവത്തിന്റെ തിരുവിഷ്ടം പൂര്‍ണ്ണമായി നിറവേറ്റാന്‍ ആത്മാര്‍ഥമായി പരിശ്രമിച്ച് കര്‍ത്താവിന്റെ കല്ലറ വരെ അവിടുത്തെ അനുഗമിച്ചവളാണ് നമ്മുടെ അമ്മ. പിതാവിന്റെ ഇഷ്ടം നിറവേറ്റിയ ഈശോയെ സ്വജീവിതത്തിലൂടെ പ്രകാശിപ്പിച്ച പരിശുദ്ധ അമ്മ നമുക്ക് ഉത്തമ മാതൃകയാണ്.
വിചിന്തനം: ദൈവം മനുഷ്യരുടെ അടുത്തേക്കുവന്ന രാജവീഥിയാണ് മറിയം. അതുപോലെ നമ്മള്‍ ദൈവത്തിന്റെ പക്കലേക്കു പോകാനുള്ള രാജവീഥിയും മറിയം തന്നെ.
ഇതര വിശുദ്ധര്‍: വി. ഒഡിലോ (11-ാം നൂറ്റാണ്ട്) ക്യൂണിയിലെ സന്യാസി/ വി. ബാസിന്‍ (മരണം + 475) അലിക്‌സിലെ ബിഷപ്പ്/ ഡിജോണിലെ വി. വില്യം (962-1039) ബനഡിക്ടന്‍ സന്യാസി/ മാഗ്നസ് (റോമന്‍ മെട്രോളജിയില്‍ രേഖെപ്പടുത്തിയിരിക്കുന്നു. ജീവചരിത്രം ലഭ്യമല്ല)/ വി. ജോസഫ് മേരി തൊമാഡി (1649-1713) കത്തോലിക്കാ ആരാധനക്രമ മധ്യസ്ഥന്‍/ ഷീതിയിലെ ജസ്റ്റിന്‍ (+ 540)/ വി.കോണറ്റ്/ വി. കോണ്‍കോര്‍ഡിയൂസ്/ വി. ക്ലാരൂസ് (ഏഴാം ശതകം).
ഫാ. ജെ. കൊച്ചുവീട്ടില്‍