
കേസറിയൂസ് അലക്‌സാണ്ട്രിയായിലെ ഒരു മെത്രാന്റെ മകനും വി. ഗ്രിഗോറിയോസ് നസിയാന്‍സസിന്റെ സഹോദരനുമാണ്. ഗ്രിഗോറിയോസ്, പാലസ്തീനായിലെ കേസറിയായില്‍ വേദശാസ്ത്രങ്ങളില്‍ ഉപരിപഠനം നടത്തിയപ്പോള്‍ കേസറിയൂസ് അലക്‌സാണ്ട്രിയായിലെയും കോണ്‍സ്റ്റാന്റിനോപ്പിളിലെയും ഉന്നത വിദ്യാപീഠങ്ങളില്‍നിന്നും പ്രസംഗകലയും തത്വശാസ്ത്രവും വൈദ്യവും ഉള്‍പ്പെടെ വിജ്ഞാനത്തിന്റെ വിവിധ ശാഖകളില്‍ പ്രാവീണ്യം നേടി.
അദ്ദേഹം കോണ്‍സ്റ്റാന്റിനോപ്പിളിലെ മികവുറ്റ ഭിഷഗ്വരനായി അറിയപ്പെട്ടു. പക്ഷേ, കോണ്‍സ്റ്റാന്‍ഷ്യസ് ചക്രവര്‍ത്തിയും നഗരസഭാധികാരികളും നിര്‍ബന്ധപൂര്‍വം ആവശ്യപ്പെട്ടിട്ടും അവിടെ പാര്‍ക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. എന്നാല്‍, പിന്നീട് കോണ്‍സ്റ്റാന്റിനോപ്പിളിലേക്കു തന്നെ മടങ്ങാന്‍ നിര്‍ബന്ധിതനായി. ക്രിസ്ത്യാനികള്‍ക്കെതിരെ പുറപ്പെടുവിച്ച കൽപനകളില്‍നിന്നെല്ലാം ജൂലിയന്‍, കേസറിയൂസിനെ ഒഴിവാക്കി. കേസറിയൂസ് കൊട്ടാരത്തിലെ പ്രധാന ഭിഷഗ്വരനായി സേവനമനുഷ്ഠിക്കണം എന്നതു മാത്രമായിരുന്നു നിബന്ധന.
കുറേനാള്‍ അങ്ങനെ കഴിഞ്ഞു. വിശ്വാസം ഉപേക്ഷിക്കാൻ ജൂലിയന്‍ കേസറിയൂസിനെ നിര്‍ബന്ധിച്ചുതുടങ്ങി. അപ്പോള്‍ സഹോദരനായ ഗ്രിഗോറിയോസ് നസിയാന്‍സസിന്റെയും പിതാവിന്റെയും നിര്‍ബന്ധപ്രകാരം കേസറിയൂസ് കൊട്ടാരത്തിലെ സേവനം വിട്ട് നാട്ടിലേക്കു മടങ്ങിപ്പോന്നു. അനന്തരം ബിത്തീനിയായിലെ പ്രധാന രാഷ്ട്ര ധനകാര്യവിചാരകനായി നിയമിക്കപ്പെട്ടു.
368 ല്‍ നീസിയായില്‍ വലിയ ഒരു ഭൂകമ്പമുണ്ടായി. കേസറിയൂസ് ആ വിപത്തില്‍നിന്നും അദ്ഭുതകരമായി രക്ഷപെട്ടു. പ്രസ്തുതസംഭവം കേസറിയൂസിന്റെ ജീവിതവീക്ഷണത്തില്‍ വലിയ മാറ്റമുളവാക്കി. അദ്ദേഹം ലോകബന്ധം വെടിഞ്ഞ് ധനം മുഴുവന്‍ ദരിദ്രര്‍ക്ക് ദാനം ചെയ്തു. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ മരണം പ്രാപിക്കുകയും ചെയ്തു. ഗ്രിഗോറിയോസ് നസിയാന്‍സസിന്റെ വാക്കുകളില്‍നിന്നാണ് കേസറിയൂസിനെക്കുറിച്ച് വളരെ പരിമിതമായെങ്കിലും മനസ്സിലാക്കാന്‍ കഴിയുന്നത്.
വിചിന്തനം: ”മരിച്ച വ്യക്തിയെ ഉയിര്‍പ്പിക്കുന്നതിനെക്കാള്‍ ദൈവത്തിനു പ്രീതികരം, എന്നെ ദ്രോഹിച്ചവരോട് ഞാന്‍ ക്ഷമിക്കുന്നതാണ്” – വി. ജോണ്‍ ബാപ്വെരാനി.
ഫാ. ജെ. കൊച്ചുവീട്ടിൽ