
കര്‍മ്മലീത്താ സഭാംഗമായ വി. അവര്‍ത്താന്‍ പതിമൂന്നാം നൂറ്റാണ്ടില്‍ ഫ്രാന്‍സിലെ ലിമോഗസ് എന്ന സ്ഥലത്ത് ജനിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വളരെ വിരളമായ വിവരങ്ങള്‍ മാത്രമേ നമുക്ക് അറിവുള്ളൂ.
വളരെ ചെറുപ്പത്തില്‍തന്നെ ഒരു സന്യാസിയാകാന്‍ അദ്ദേഹം അതിയായി ആഗ്രഹിച്ചിരുന്നു. അതനുസരിച്ച് ഒരു തുണസഹോദരനായി അവര്‍ത്താന്‍ ലിമോഗസിലുള്ള കര്‍മ്മലീത്താ സഭയില്‍ പ്രവേശിച്ചു. ഒരു വിശുദ്ധനു ചേര്‍ന്ന ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. അധികം തമസിയാതെ തന്നെ അവര്‍ത്താന്റെ സുകൃതജീവിതം അനേകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിപ്പിക്കാൻന്‍ ഇടയായി.
ഒരിക്കല്‍ അദ്ദേഹം മറ്റൊരു തുണസഹോദരനോടൊപ്പം തീർഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനായി പുറപ്പെട്ടു. ഈ യാത്രയില്‍ ദൈവം വിശുദ്ധനിലൂടെ അനേകം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചതായി പറയപ്പെടുന്നു. അദ്ദേഹത്തിന്റെ സഹസന്യാസികളും സുഹൃത്തുക്കളുമെല്ലാം അദ്ദേഹത്തെ ഒരു വിശുദ്ധനായിട്ടാണ് കരുതിയിരുന്നത്. ദര്‍ശനവരം, പ്രവചനവരം തുടങ്ങിയ ദാനങ്ങളും ദൈവം വിശുദ്ധനു നല്‍കിയിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് തിരികെയുള്ള യാത്രയില്‍ രോഗബാധിതനായ വിശുദ്ധന്‍ 1280 നോടടുത്ത് ഇറ്റലിയുടെ വടക്കുഭാഗത്തുള്ള ലൂക്കാ എന്ന സ്ഥലത്തുവച്ച് മരണമടഞ്ഞു എന്നു കരുതുന്നു. അവിടെയുള്ള വി. പത്രോസിന്റെ ദൈവാലയത്തിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചത്.
മരണശേഷവും അദ്ദേഹത്തിന്റെ മധ്യസ്ഥതയിലൂടെ അനേകം അദ്ഭുതങ്ങള്‍ നടന്നു. അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ നടന്നിട്ടുള്ള അദ്ഭുതങ്ങളെ സൂചിപ്പിക്കുന്ന ചിത്രങ്ങള്‍ ലൂക്കായിലെ കത്തീഡ്രലിലും അവിടെയുള്ള വി. പത്രോസിന്റെ ദൈവാലയത്തിലും ഇന്ന് കാണാവുന്നതാണ്.
വിചിന്തനം: “ആത്മാവ് സ്വയം വീണതാണെങ്കിലും സ്വയം എഴുന്നേല്‍ക്കാന്‍ അതിനു കഴിയില്ല. ദൈവകൃപയിലുള്ള ആശ്രയത്വം ഒന്നുമാത്രമാണ് ആത്മാവിന് രക്ഷാകരം” – ക്ലയര്‍വോയിലെ വി. ബര്‍ണാര്‍ദ്
ഫാ. ജെ. കൊച്ചുവീട്ടില്‍