
യോഹന്നാന്‍ ശ്ലീഹായുടെ ശിഷ്യനായിരുന്ന വി. പോളികാര്‍പ്പ് ആധുനിക ടര്‍ക്കിയിലെ സ്മീര്‍ എന്ന പട്ടണത്തില്‍ ജനിച്ചു. സ്മിര്‍ണ എന്ന പട്ടണത്തിലെ മെത്രാനായിരുന്നു അദ്ദേഹം. യോഹന്നാന്‍ ശ്ലീഹായാണ് അദ്ദേഹത്തിന് മെത്രാന്‍പട്ടം നല്‍കിയതെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ക്രിസ്തുമത വിശ്വാസികളെ തങ്ങളുടെ സത്യവിശ്വാസത്തില്‍നിന്നു പിന്തിരിപ്പിക്കുന്നതിനായി പിശാച് പലവിധ കുതന്ത്രങ്ങള്‍ പ്രയോഗിച്ച കാലഘട്ടമായിരുന്നു അത്. സ്മീര്‍ പട്ടണത്തില്‍ താമസമാക്കിയിരുന്ന പോളീകാര്‍പ്പിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചുവെന്ന വാര്‍ത്ത കേട്ടിട്ടും അദ്ദേഹം നിര്‍ഭയനായി ആ പട്ടണത്തില്‍തന്നെ താമസിക്കാന്‍ തയ്യാറായി. എങ്കിലും ക്രിസ്ത്യാനികളുടെ സ്‌നേഹപൂര്‍വമായ നിര്‍ബന്ധത്തിനു വഴങ്ങിയ വിശുദ്ധന്‍ ഒരു ഗ്രാമത്തിലേക്കു പിന്മാറി.
ഒരു വെള്ളിയാഴ്ച വിശുദ്ധനെ തേടി പടയാളികള്‍, അദ്ദേഹം താമസിച്ചിരുന്ന ഗ്രാമത്തിലെത്തി. അദ്ദേഹത്തിന് അവിടെനിന്നു രക്ഷപെടാമായിരുന്നെങ്കിലും ദൈവേഷ്ടം ഭവിക്കട്ടെ എന്നുപറഞ്ഞ് അദ്ദേഹം ശത്രുക്കളുടെ സമീപത്തേക്കു നീങ്ങി. വന്ധ്യനും വയോധികനുമായിരുന്ന പോളീകാര്‍പ്പിനെ വധിക്കാന്‍ അധികാരികള്‍ അത്ര താല്‍പര്യം കാട്ടിയില്ല. അവര്‍ അദ്ദേഹത്തോടു പറഞ്ഞു: “ക്രിസ്തുവിനെ ഉപേക്ഷിച്ചു പറയൂ.”
അദ്ദേഹം പ്രത്യുത്തരിച്ചു: “86 വര്‍ഷക്കാലം ഞാന്‍ കര്‍ത്താവീശോമിശിഹായ്ക്ക് സേവനം ചെയ്തു. അവിടുന്ന് എനിക്ക് യാതൊരു തിന്മയോ, ഉപദ്രവമോ വരുത്തിയിട്ടില്ല. പ്രത്യുത, വളരെയധികം നന്മകള്‍ ഞാന്‍ അവിടുന്നില്‍നിന്ന് സ്വീകരിച്ചിട്ടുണ്ട്. പിന്നെ എങ്ങനെയാണ് എന്റെ ദൈവവും രക്ഷകനുമായ കര്‍ത്താവീശോയെ ഞാന്‍ തള്ളിപ്പറയുന്നത്.”
വിശുദ്ധന്റെ ഉത്തരത്തില്‍ കുപിതനായ അധികാരി വിശുദ്ധനെ തീയിലിട്ടു ചുട്ടുകരിക്കുമെന്നു ഭീഷണിപ്പെടുത്തി. ഈ ഭീഷണിയില്‍ അശേഷം കുലുങ്ങാതെ വിശുദ്ധന്‍ പറഞ്ഞു: “തീയുടെ കാര്യം താങ്കള്‍ പറഞ്ഞല്ലോ. എന്നാല്‍ മനസ്സിലാക്കണം, ഈ തീ കുറേ നേരം കത്തിജ്വലിക്കും; പിന്നീട് കെട്ടുപോകും. എന്നാല്‍, വരാനിരിക്കുന്ന ദൈവവിധി ഭയാനകമായ നിത്യശിക്ഷയാണെന്നും ദുഷ്ടന്മാര്‍ നിത്യനരകാഗ്നിയില്‍ കിടന്ന് വേകുമെന്നും താങ്കള്‍ ശരിക്കു മനസ്സിലാക്കണം. എന്തുകൊണ്ടാണ് താങ്കള്‍ താമസിക്കുന്നത്. താങ്കള്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യം വേഗം ചെയ്തുതീര്‍ക്കൂ.”
പിന്നീട് അധികം താമസിക്കേണ്ടിവന്നില്ല. അവര്‍ വിശുദ്ധനെ അഗ്നിയിലേക്ക് എറിഞ്ഞു. പക്ഷേ, അഗ്നി അദ്ദേഹത്തെ സ്പര്‍ശിച്ചില്ല എന്നു മാത്രമല്ല, ചിതയില്‍നിന്ന് സുഗന്ധം വീശുകയും ചെയ്തു. വിശുദ്ധനെ അഗ്നി സ്പര്‍ശിക്കുന്നില്ല എന്നു മനസ്സിലാക്കിയ ശത്രുക്കള്‍ അദ്ദേഹത്തെ കുന്തം കൊണ്ട് കുത്തിക്കൊന്നു.
വിചിന്തനം: ”ഉരുകിയ മനസ്സാണ് ദൈവത്തിനു സ്വീകാര്യമായ ബലി. നുറുങ്ങിയ ഹൃദയത്തെ അവിടുന്ന് നിരസ്സിക്കുകയില്ല” (സങ്കീ. 51:17).
ഫാ. ജെ. കൊച്ചുവീട്ടില്‍