ഫെബ്രുവരി 21: വി. പീറ്റര്‍ ഡാമിയന്‍

വി. പീറ്റര്‍ ഡാമിയന്‍ എ ഡി 988 ല്‍ റവെന്നാ എന്ന സ്ഥലത്ത് ദരിദ്രമായ ഒരു കുടുംബത്തിലാണ് ജനിച്ചത്. അത്യധികം ക്ലേശങ്ങള്‍ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ബാല്യകാലം. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട പീറ്ററിനെ വളര്‍ത്തിയത് മൂത്ത ജ്യേഷ്ഠനായിരുന്നു. നിര്‍ദയനായിരുന്ന ആ മനുഷ്യന്‍ കുഞ്ഞുപീറ്ററിനെ അതിക്രൂരമായി പീഡിപ്പിച്ചു. പീറ്ററിനെ ഒരു പന്നിനോട്ടക്കാരനായാണ് അദ്ദേഹം നിയോഗിച്ചത്. മാത്രമല്ല, അവന് ആവശ്യത്തിനുള്ള ഭക്ഷണം പോലും കൊടുത്തിരുന്നില്ല.

പീറ്ററിന്റെ ദുരിതങ്ങള്‍ മനസ്സിലാക്കിയ വൈദികനായ അവന്റെ ഇളയ ജ്യേഷ്ഠന്‍, പീറ്ററിനെ തന്റെകൂടെ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി. പിന്നീട് ഉന്നതപഠനത്തിനായി പാര്‍മ്മ സര്‍വകലാശാലയിലേക്ക് അയച്ചു. പഠനശേഷം അവിടുത്തെ അധ്യാപകനായ പീറ്റര്‍, ലോകസുഖങ്ങളില്‍നിന്നു മാറി സന്യാസിയായി ജീവിക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ 28-ാമത്തെ വയസ്സില്‍ പീറ്റര്‍ ഫൊന്തെ അവെല്ലാനാ എന്ന ആശ്രമത്തില്‍ ചേര്‍ന്നു. അതികഠിനമായ തപക്രിയകളാണ് അദ്ദേഹം അനുഷ്ഠിച്ചിരുന്നത്. വേദശാസ്ത്ര പണ്ഡിതനായിരുന്ന അദ്ദേഹം അവിടെ സഹോദര സന്യാസികളെ പഠിപ്പിക്കാന്‍ തുടങ്ങി.

ബുദ്ധിവൈഭവവും പുണ്യയോഗ്യതയും മൂലം അധികം താമസിയാതെ പീറ്റര്‍, അവെല്ലാന ആശ്രമത്തിന്റെ ശ്രേഷ്ഠനായിത്തീര്‍ന്നു. വൈഷമ്യവും പ്രയാസവുമുള്ള പല ജോലികളും അദ്ദേഹത്തിനു നിര്‍വഹിക്കേണ്ടതായിവന്നു. ഇതിനു പുറമെ, തിരുസഭയുടെ നവീകരണത്തിനുള്ള ശ്രമങ്ങളിലും അദ്ദേഹം പങ്കാളിയായി. തുടര്‍ച്ചയായി ഏഴ് മാര്‍പാപ്പമാര്‍ തങ്ങളുടെ ഉപദേഷ്ടാവായി തിരഞ്ഞെടുത്തത് പീറ്ററിനെയായിരുന്നു. മെത്രാന്മാര്‍ തമ്മിലുള്ള പല തര്‍ക്കങ്ങളും പരിഹരിക്കുന്നതിനായി നിയുക്തനായിരുന്നതും അദ്ദേഹമായിരുന്നു. പീറ്റര്‍ അവയെല്ലാം വളരെ ഭംഗിയായും ന്യായമായും പരിഹരിച്ചു.

1507 ല്‍ പീറ്ററിനെ ആസ്ത്രിയായിലെ മെത്രാനായി നിയമിച്ചു. അധികം താമസിയാതെ കര്‍ദിനാളായി ഉയര്‍ത്തി. കര്‍ദിനാള്‍സ്ഥാനം അദ്ദേഹം നിരസിച്ചെങ്കിലും അവസാനം മാര്‍പാപ്പയുടെ നിര്‍ബന്ധത്തിനു വഴങ്ങുകയാണുണ്ടായത്. 1072 ഫെബ്രുവരി 21-ാം തീയതി ജ്വരബാധയെ തുടര്‍ന്ന് ഫായന്‍സായിലെ സ്വന്തം സഭയില്‍പെട്ട ഒരു ആശ്രമത്തില്‍വച്ച് വിശുദ്ധന്‍ മരണമടഞ്ഞു.

വിചിന്തനം: ”ദൈവത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറയ്ക്കപ്പെട്ടതും കീര്‍ത്തിയറ്റതുമായ ജീവിതം വലിയ സുരക്ഷിതത്വം നല്‍കും” – വി. അല്‍ഫോന്‍സ് ലിഗോരി

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.