
687 ല്‍ ഓര്‍ലിയന്‍സിലാണ് എവുക്കേരിയൂസ് ജനിച്ചത്. 714 നോടടുത്ത് ജൂമീജസിലെ ബനഡിക്ടന്‍ ആശ്രമത്തില്‍ അംഗമായി ചേര്‍ന്നു. ആറോ, ഏഴോ വര്‍ഷം കഴിഞ്ഞ് ഓര്‍ലിയന്‍സിലെ മെത്രാനായി നാമനിര്‍ദേശം ചെയ്യപ്പെട്ടു. പക്ഷേ, വിനയം മൂലം സ്ഥാനമേല്‍ക്കാന്‍ അദ്ദേഹം വൈമുഖ്യം പ്രകടിപ്പിച്ചു. എന്നാല്‍, അവിടുത്തെ ഭരണാധികാരിയായിരുന്ന ചാള്‍സ് മാര്‍ട്ടെല്‍ വൈദികരുടെയും അത്മായരുടെയും അപേക്ഷയെ മാനിച്ച് എവുക്കേരിയൂസിനെ ആശ്രമത്തില്‍നിന്നും നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുവന്ന് മെത്രാനായി വാഴിച്ചു. എവുക്കേരിയൂസില്‍ വിളങ്ങിയിരുന്ന വിശുദ്ധി അദ്ദേഹത്തെ സകലരുടെയും സ്‌നേഹബഹുമാനങ്ങള്‍ക്കു പാത്രമാക്കി.
യുദ്ധച്ചെലവുകള്‍ക്കും മറ്റും പണംതികയാതെ വരുമ്പോഴെല്ലാം ദൈവാലയങ്ങളുടെ സ്വത്ത് നിര്‍ബന്ധപൂര്‍വം പിടിച്ചെടുക്കുകയായിരുന്നു ചാള്‍സ് മാര്‍ട്ടെലിന്റെ പതിവ്. എവുക്കേരിയൂസ് ആ സമ്പ്രദായത്തെ ശക്തമായി എതിര്‍ത്തു. അതിനാല്‍, 737 ല്‍ ചാള്‍സ് മാര്‍ട്ടെല്‍ എവുക്കേരിയൂസിനെ കൊളോണിലേക്കു നാടുകടത്തി.
എവുക്കേരിയൂസ് തന്റെ ഭക്തിയും ജീവിതപരിശുദ്ധിയും നിമിത്തം അവിടുത്തെ ജനങ്ങളുടെ ഹൃദയം കവര്‍ന്നു. പിന്നീട് അദ്ദേഹത്തെ ലീജിലേക്കു മാറ്റി. അവിടെയും ജനങ്ങളുടെ കണ്ണിലുണ്ണിയായിത്തീര്‍ന്നു ആ മഹാത്മാവ്. വിശപ്പും വേദനയും വൈവശ്യവുമാര്‍ന്ന അവിടുത്തെ ജനങ്ങളെ യഥാശക്തി ശുശ്രൂഷിച്ചുകൊണ്ട് തന്റെ ശിഷ്ടജീവിതം അദ്ദേഹം ധന്യമാക്കി. 743 ല്‍ ആ പുണ്യാത്മാവ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വിചിന്തനം: ”ഒരു യഥാര്‍ഥ ക്രിസ്തീയ ആത്മാവ് ഗാഗുല്‍ത്തായിലും ഈശോയുടെ തിരുമുറിവുകളിലും വസിച്ച് സഹനങ്ങളും ക്ലേശങ്ങളുമെല്ലാം ക്ഷമയോടും ആത്മശക്തിയോടും വിശ്വസ്തതയോടുംകൂടെ ദൈവത്തെപ്രതി സഹിക്കുന്നു” – ക്രിസ്താനുകരണം.
ഫാ. ജെ. കൊച്ചുവീട്ടില്‍