ഫ്‌ളാന്‍ഡേഴ്‌സില്‍ 652 ലായിരുന്നു അഡല്‍ബാള്‍ഡിന്റെ ജനനം. അദ്ദേഹം ഡഗോബര്‍ട്ട് ഒന്നാമന്റെ കൊട്ടാരത്തിലെ സേവകനായിരുന്നു. കുലീനനും സദ്ഗുണസമ്പന്നനും ആയിരുന്ന ആ യുവാവ് രാജാവിന്റെ നിര്‍ദേശമനുസരിച്ച് ഗാസ്‌കണിയിലെ കലാപകാരികളെ കീഴടക്കുന്നതിനുവേണ്ടി പല സാഹസിക പര്യടനങ്ങളിലും പങ്കെടുക്കുകയുണ്ടായി. പര്യടനത്തിനിടയില്‍ ഒരിക്കല്‍ ഏര്‍നോള്‍ഡ് എന്ന പേരോടു കൂടിയ ഒരു മാന്യവ്യക്തിയുടെ സൗഹൃദം സമ്പാദിക്കുകയും അദ്ദേഹത്തിന്റെ പുത്രിയായ റിക്ട്രൂഡിസിനെ വിവാഹം കഴിക്കുകയും ചെയ്തു.
ഈ വിവാഹം വധുവിന്റെ ബന്ധുക്കള്‍ക്ക് ഹിതമായില്ല. അവര്‍ അഡല്‍ബാള്‍ഡിനോട് പകയോടു കൂടിയാണ് വര്‍ത്തിച്ചത്. എന്നാല്‍, അഡല്‍ബാള്‍ഡിന്റെ വിവാഹജീവിതം സൗഭാഗ്യപൂര്‍ണ്ണമായിരുന്നു. രോഗികളെ ശുശ്രൂഷിക്കുക, ദരിദ്രരെ സഹായിക്കുക, കുറ്റവാളികളെ മാനസാന്തരപ്പെടുത്തുക മുതലായ സല്‍ക്കര്‍മ്മങ്ങള്‍ ചെയ്തുകൊണ്ട് അഡല്‍ബാര്‍ഡും റിക്ട്രൂഡിസും മാതൃകായോഗ്യമായ കുടുംബജീവിതം നയിച്ചു. അവര്‍ക്ക് നാല് സന്താനങ്ങളുണ്ടായി. മാതാപിതാക്കളുടെ സന്മാതൃകയും സദുപദേശവും നിമിത്തം സന്താനങ്ങള്‍ വിജ്ഞാനത്തിലും വിശുദ്ധിയിലും വളര്‍ന്നുവന്നു.
ആയിടയ്ക്ക് ഗാസ്‌കണിയിലേക്കു വരാന്‍ റിക്ട്രൂഡിസിന്റെ ബന്ധുക്കള്‍ അഡല്‍ബാള്‍ഡിനെ ക്ഷണിച്ചു. ആ ക്ഷണത്തിന്റെ പിന്നിലുണ്ടായിരുന്ന ദുഷ്ടോദ്ദേശ്യം ഗ്രഹിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ഗാസ്‌കണിയില്‍ എത്തിയപ്പോള്‍ അപ്രതീക്ഷിതമായി അവര്‍ അദ്ദേഹത്തെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേറ്റ അഡല്‍ബാള്‍ഡ് അധികംവൈകാതെ മരണമടയുകയും ചെയ്തു. അതിദാരുണമായ ഈ സംഭവം സ്വാഭാവികമായിത്തന്നെ റിക്ട്രൂഡിസിനെ ശോകാകുലയാക്കി. എങ്കിലും ഈശ്വരേച്ഛയ്ക്കു കീഴടങ്ങിക്കൊണ്ട് അവള്‍ ഭര്‍ത്താവിന്റെ ശരീരം ഏറ്റുവാങ്ങി ക്രിസ്തീയമായ എല്ലാ ബഹുമതികളോടും കൂടെ സംസ്‌കരിച്ചു. പില്‍ക്കാലത്ത് അവിടെ വളരെയധികം അദ്ഭുതങ്ങള്‍ നടന്നായി പറയപ്പെടുന്നു.
മതതീക്ഷ്ണതയും സേവനോത്സുകതയും ജീവിതവിശുദ്ധിയും കൊണ്ട് ധന്യരായ വ്യക്തികള്‍ ശത്രുക്കളാല്‍ അകാരണമായി വധിക്കപ്പെടുമ്പോള്‍ ദൈവജനം അവരെ രക്തസാക്ഷികളായി ബഹുമാനിക്കുക അക്കാലത്ത് അത്ര അസാധാരണമായിരുന്നില്ല. അഡല്‍ബാള്‍ഡും ഒരു രക്തസാക്ഷിയായിട്ടാണ് എണ്ണപ്പെടുന്നത്. പിന്നീട് റിക്ട്രൂഡിസും പുത്രന്‍ മോറോണും സല്‍ക്കര്‍മ്മനിരതമായ ജീവിതം കൊണ്ട് വിശുദ്ധപദം പ്രാപിച്ചു. അങ്ങനെ ഒരേ കുടുംബത്തിലെ അംഗങ്ങളായ അഡല്‍ബാള്‍ഡും റിക്ട്രൂഡിസും മോറോണും വിശുദ്ധരായിത്തീര്‍ന്നു.
വിചിന്തനം: “വിശ്വസ്തതയോടെ ഞാന്‍ സ്വീകരിച്ച ഓരോ സഹനത്തിനും വേറെ ഒരായിരം അനുഗ്രഹങ്ങള്‍ ഈശോ എനിക്കു നല്‍കി” – വി. കൊച്ചുത്രേസ്യാ.
ഫാ. ജെ. കൊച്ചുവീട്ടില്‍