
1641 ല്‍ ലിയോണ്‍സിലാണ് ക്ലോഡ് ലാ കൊളംബിയര്‍ ജനിച്ചത്. പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം ലിയോണ്‍സിലെ ജസ്യൂട്ട് സർവകലാശാലയില്‍ ചേര്‍ന്ന് കലകളിലും ശാസ്ത്രങ്ങളിലും ഗണ്യമായ നൈപുണ്യംനേടി. അതിനുശേഷം ജസ്യൂട്ട് സഭയില്‍ അംഗമായി ചേര്‍ന്നു. അവിഞ്ഞോണില്‍ രണ്ടുവര്‍ഷത്തെ പരിശീലനത്തിനുശേഷം അവിടുത്തെ വൈദികാലയത്തില്‍ ചേര്‍ന്ന് തത്വശാസ്ത്രപഠനം പൂര്‍ത്തിയാക്കി. അനന്തരം 1661 മുതല്‍ 1666 വരെ ആ കലാലയത്തില്‍തന്നെ അധ്യാപകനായി ജോലിചെയ്തു. ഇക്കാലയളവില്‍ രാഷ്ട്രീയവും മതപരവുമായ കാരണങ്ങളാല്‍ അവിഞ്ഞോണിലെ ജീവിതം വളരെ ക്ലേശപൂര്‍ണ്ണമായി പരിണമിച്ചു.
ക്ലോഡിന്റെ അനന്യസാമാന്യമായ കഴിവുകള്‍ മനസ്സിലാക്കിയ അധികാരികള്‍ അദ്ദേഹത്തെ ദൈവശാസ്ത്രസംബന്ധമായ ഉപരിപഠനത്തിനായി പാരീസിലേക്ക് അയച്ചു. ക്രമേണ അദ്ദേഹം അവിടെ ബുദ്ധിജീവികളുടെ ഇടയില്‍ നേതൃപദം നേടി. 1670 ല്‍ അവിഞ്ഞോണില്‍ മടങ്ങിയെത്തിയതിനുശേഷം അവിടെയും പിന്നീട് ഇംഗ്ലണ്ടിലും പ്രഭാഷണങ്ങള്‍ നടത്താന്‍ നിയോഗിക്കപ്പെട്ടു.
1674 ല്‍ വൈദികപദം സ്വീകരിച്ച ക്ലോഡിനെ, പാരേലേ മോണിയല്‍ കലാലയത്തിന്റെ ഭരണാധികാരിയായി നിയമിച്ചു. ക്ലോഡ് പിന്നീട് പ്രഭാഷണങ്ങള്‍ നടത്തുന്നതിനുവേണ്ടി നിയോഗിക്കപ്പെട്ടു. ‘ക്രിസ്തുവിന്റെ ദിവ്യഹൃദയത്തോടുള്ള ഭക്തി’ ആയിരുന്നു മുഖ്യമായ പ്രഭാഷണവിഷയം. പ്രൊട്ടസ്റ്റന്റ് നവീകരണപ്രസ്ഥാനം ഏറ്റവും ശക്തിയാര്‍ജിച്ച കാലഘട്ടമാണ് അത്. നവീകരണോദ്യമങ്ങളുടെ വേലിയേറ്റത്തില്‍ ക്രൈസ്തവമൂല്യങ്ങള്‍ പലതും കൈവിട്ടുപോയ ജനതയ്ക്ക് ക്ലോഡ് ഒരു മാര്‍ഗദീപമായി തെളിഞ്ഞുനിന്നു. അതുകൊണ്ടുതന്നെ സ്വാഭാവികമായി ധാരാളം ശത്രുക്കളുണ്ടാവുകയും ചെയ്തു. 1682 ഫെബ്രുവരി 15-ാം തീയതി അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വിചിന്തനം: ”എന്തിന് നിന്റെ പ്രതിജ്ഞകള്‍ നീട്ടിക്കൊണ്ടുപോകുന്നു? എഴുന്നേറ്റ് തല്‍ക്ഷണം ആരംഭിക്കുക. ഇതാണ് പ്രവര്‍ത്തിക്കാനുള്ള സമയം. ഇതാണ് പടവെട്ടാനുള്ള സന്ദര്‍ഭം. ഇതാണ് ജീവിതനവീകരണത്തിനുള്ള കാലം എന്ന് നിന്നോടു പറയുക” – ക്രിസ്താനുകരണം
ഫാ. ജെ. കൊച്ചുവീട്ടില്‍