
അഞ്ചാം നൂറ്റാണ്ടില്‍ ബിത്തീനിയായില്‍ ജീവിച്ചിരുന്ന ഒരു താപസനാണ് ഔക്‌സെന്‍ഷിയൂസ്. പേര്‍ഷ്യയിലാണ് അദ്ദേഹം ജനിച്ചത്. യൗവനത്തില്‍ തിയഡോഷ്യസിന്റെ അംഗരക്ഷകനായി അദ്ദേഹം ജോലിചെയ്തു. ഔദ്യോഗിക കൃത്യങ്ങളൊന്നും തന്റെ ധ്യാനചര്യകള്‍ക്ക് പ്രതിബന്ധമാകാന്‍ ഒരിക്കലും അദ്ദേഹം അനുവദിച്ചിരുന്നില്ല. വിശ്രമാവസരങ്ങളില്‍ വിജനമായ മരുപ്രദേശങ്ങളില്‍ ചെന്നിരുന്ന് ദീര്‍ഘസമയം പ്രാർഥിക്കുകയും പര്‍ണ്ണശാലകളില്‍ തപോനിഷ്ഠരായി പാര്‍ത്തിരുന്ന മഹര്‍ഷിമാരോടൊത്ത് ഈശ്വരസ്‌തോത്രങ്ങള്‍ ആലപിക്കുകയും ചെയ്തിരുന്നു.
കുറേക്കാലം കഴിഞ്ഞപ്പോള്‍ പരിപൂര്‍ണ്ണത നേടാനുള്ള ആഗ്രഹത്താല്‍ പ്രേരിതനായി ഉദ്യോഗം വെടിഞ്ഞ് കോണ്‍സ്റ്റാന്റിനോപ്പിളില്‍നിന്നും എട്ടുനാഴിക അകലെയുള്ള ഓക്‌സിയാ എന്ന ഒരു മലയില്‍ താന്‍തന്നെ കെട്ടിയുണ്ടാക്കിയ ചെറിയ ഒരു കുടിലില്‍ താമസമാക്കി. തപശ്ചര്യകളുടെ കാര്‍ക്കശ്യം നിമിത്തം അധികം വൈകാതെ അദ്ദേഹം ജനശ്രദ്ധയാകര്‍ഷിച്ചു.
എവുത്തീക്കിയന്‍ പാഷണ്ഡതയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനായി സമ്മേളിച്ച നാലാമത്തെ കല്‍ക്കദോനിയാ സൂനഹദോസില്‍, മാര്‍സിയന്‍ ചക്രവര്‍ത്തിയുടെ ക്ഷണമനുസരിച്ച് ഔക്‌സെന്‍ഷിയൂസ് സംബന്ധിച്ചു. തദവസരത്തില്‍ എവുത്തീക്കിയന്‍ സിദ്ധാന്തങ്ങളെ തള്ളിപ്പറഞ്ഞുകൊണ്ട് തന്റെ നിലപാട് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. അതിനുശേഷം കല്‍ക്കദോനിയാക്കു സമീപം സ്‌കോപ്പാ മലയില്‍ പാര്‍ത്തു. അക്കാലത്ത് ധാരാളം സ്ത്രീപുരുഷന്മാര്‍ സദുപദേശങ്ങള്‍ക്കും മാര്‍ഗദര്‍ശനത്തിനുംവേണ്ടി അദ്ദേഹത്തെ ആശ്രയിക്കുക പതിവായി. ശിഷ്യരായിത്തീര്‍ന്ന സ്ത്രീകള്‍ സ്‌കോപ്പാ പര്‍വതത്തിന്റെ താഴ്‌വരയില്‍ ഒരു സമൂഹമായി ആശ്രമജീവിതം നയിച്ചു. ‘രോമവസ്ത്രങ്ങളോടു കൂടിയ സന്യാസിനികള്‍’ എന്നാണ് അവര്‍ അറിയപ്പെട്ടിരുന്നത്.
473 ല്‍ ഔക്‌സെന്‍ഷിയൂസ് മരണമടഞ്ഞു. ആശ്രമവാസികളായ സ്ത്രീജനങ്ങളുടെ നിര്‍ബന്ധം നിമിത്തം മൃതദേഹം അവരുടെ ദൈവാലയത്തില്‍ സംസ്‌കരിക്കപ്പെട്ടു.
വിചിന്തനം: ”ഓരോ മണിക്കൂറും അവസാന മണിക്കൂറുകളാണെന്ന് അറിഞ്ഞാല്‍ അധ്വാനിക്കുന്നതു പോലെ എന്നും ആത്മാര്‍ഥമായി അധ്വാനിക്കുക” – വി. അമ്മത്രേസ്യാ.
ഫാ. ജെ. കൊച്ചുവീട്ടില്‍