ഫെബ്രുവരി 11: ആനിയനിലെ വി. ബനഡിക്ട്

എ ഡി 750 ല്‍ ഒരു ഗവര്‍ണറുടെ മകനായി ലാങ്കുവെഡോക്കിലാണ് വി. ബനഡിക്ട് ജനിച്ചത്. യൗവനത്തില്‍ ബനഡിക്ട്, പെപ്പിന്‍ രാജാവിന്റെയും അദ്ദേഹത്തിന്റെ പുത്രന്റെയും പാനപാത്രവാഹകനായിരുന്നു. സല്‍സ്വഭാവിയായിരുന്ന ബനഡിക്ടിന്  കൊട്ടാരത്തില്‍നിന്ന് നിരവധി സ്ഥാനമാനങ്ങളും ഭൂസ്വത്തുക്കളും ലഭിച്ചിരുന്നു. കൊട്ടാരത്തിലെ എല്ലാ സുഖസൗകര്യങ്ങളും അദ്ദേഹത്തിനു ലഭ്യമായിരുന്നെങ്കിലും അതിലൊന്നും അദ്ദേഹം സംതൃപ്തനായിരുന്നില്ല.

അതിനാല്‍, ലോകത്തിന്റെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് ദൈവത്തെ പരിപൂര്‍ണ്ണമായി പ്രാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ ബനഡിക്ട് വി. സിനിന്റെ ആശ്രമത്തില്‍ പ്രവേശിച്ചു. അന്നുമുതല്‍ കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചിരുന്ന വിശുദ്ധന്‍, വിശ്രമവും നിദ്രയും വെട്ടിക്കുറച്ച് ദീര്‍ഘമായ പ്രാര്‍ഥനയില്‍ ജീവിച്ചു. സന്യാസജീവിതം ആരംഭിച്ചതിനുശേഷമുള്ള വിശുദ്ധന്റെ ധീരമായ തപക്രിയകള്‍ക്കു പ്രതിസമ്മാനമെന്ന നിലയില്‍ മനഃസ്താപത്തിനുള്ള വരവും ജ്ഞാനകാര്യങ്ങളിലുള്ള അറിവും ദൈവം ഇദ്ദേഹത്തിനു പ്രദാനം ചെയ്തു.

ഈ കാലഘട്ടത്തിലാണ് ബെനഡിക്ടിനെ ആനിയനിലെ ആബട്ടായി തിരഞ്ഞെടുത്തത്. എന്നാല്‍ ആ സ്ഥാനം നിരസിച്ച വിശുദ്ധന്‍, ആനിയാന്‍ എന്ന അരുവിക്കു സമീപം ഒരു ചെറിയ കുടില്‍ നിര്‍മ്മിച്ച് അതില്‍ ഏകാന്തജീവിതം നയിച്ചു. വിശുദ്ധന്റെ പുണ്യയോഗ്യതകളെ കേട്ടറിഞ്ഞ അനേകര്‍ അദ്ദേഹത്തില്‍നിന്ന് ഉപദേശങ്ങള്‍ സ്വീകരിക്കാന്‍ എത്തിക്കൊണ്ടിരുന്നു. വളരെ ചുരുങ്ങിയ കാലഘട്ടം കൊണ്ടുതന്നെ ഏകദേശം മുന്നൂറോളം സന്യാസികള്‍ വിശുദ്ധന്റെ ശിഷ്യരായിത്തീര്‍ന്നു.

എല്ലാ സന്യാസ സഭകളും ബനഡിക്ടിന്റെ നിയമാവലി സ്വീകരിക്കണമെന്ന കൽപന ചക്രവര്‍ത്തി പുറപ്പെടുവിച്ചു. അതനുസരിച്ച് വിശുദ്ധന്‍ ഫ്രാന്‍സിലെയും ജര്‍മ്മനിയിലെയും സന്യാസ സഭകളിലെ ജീവിതക്രമത്തെ നവീകരിച്ചു. എ ഡി. 821 ഫെബ്രുവരി പതിനൊന്നിന് വി. ബെനഡിക്ട് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: “നീ നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണ ആത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടി സ്‌നേഹിക്കണം” (ലൂക്കാ 10:27).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.