![february-09-copy](https://i0.wp.com/www.lifeday.in/wp-content/uploads/2022/02/february-09-copy.jpg?resize=696%2C435&ssl=1)
മൂന്നാം ശതകത്തില്‍ അലക്‌സാണ്ട്രിയായില്‍ അതിക്രൂരമായ മതമര്‍ദനം നടമാടിയിരുന്നു. ദൈവദൂഷണം പറയാന്‍ വിസമ്മതിച്ചതുകൊണ്ട് വിജാതീയര്‍ മെത്രാസ എന്ന വയോവൃദ്ധന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ചതിനുശേഷം കല്ലെറിഞ്ഞുകൊന്നു. ക്വിന്റാ എന്ന ഒരു വനിതയെ പിടികൂടി ദേവന്മാരുടെ ക്ഷേത്രത്തിലേക്കു കൂട്ടിക്കൊണ്ടുചെന്ന് വിഗ്രഹങ്ങളെ ആരാധിക്കാന്‍ നിര്‍ബന്ധിച്ചു. അവളാകട്ടെ, വിഗ്രഹങ്ങളെ ഭര്‍ത്സിക്കുകയാണ് ചെയ്തത്. അതിനാല്‍ അവര്‍ അവളെ വലിച്ചിഴച്ചുകൊണ്ടുപോയി ചമ്മട്ടികൊണ്ട് അടിക്കുകയും കല്ലെറിഞ്ഞു കൊല്ലുകയും ചെയ്തു. ക്രിസ്ത്യാനികളുടെ ഭവനങ്ങള്‍ കവര്‍ച്ച ചെയ്തു. തന്മൂലം ക്രിസ്ത്യാനികള്‍ വസ്തുവകകളെല്ലാം ഉപേക്ഷിച്ച് രക്ഷാസങ്കേതങ്ങളിലേക്ക് പലായനം ചെയ്തു. എന്നാല്‍ ഒരു വ്യക്തിപോലും ക്രിസ്തുവിനെ ഉപേക്ഷിച്ചുപറഞ്ഞില്ല എന്നാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മതമര്‍ദകരുടെ ഒടുവിലത്തെ ഇര അപ്പൊളോണിയാ എന്ന ഒരു വൃദ്ധകന്യകയായിരുന്നു. അവര്‍ അപ്പളോണിയായുടെ മുഖത്തടിച്ചു; പല്ലുകള്‍ അടര്‍ന്നുവീണു. നഗരത്തിനു വെളിയില്‍ അവര്‍ ഒരു അഗ്നികുണ്ഡം നിര്‍മ്മിച്ചിരുന്നു. വിശ്വാസം ഉപേക്ഷിച്ചില്ലെങ്കില്‍ അഗ്നിയിലെറിയുമെന്ന് അവളോടു പറഞ്ഞു. അവള്‍ അൽപസമയം മൗനമായിനിന്നു. അതിനുശേഷം അവള്‍ സ്വയം ചിതയിലേക്കു ചാടി.
ഈ സാഹസികത അനുകരണീയമല്ലെങ്കിലും മറ്റു മാര്‍ഗമില്ലാഞ്ഞതുകൊണ്ട് ഉദ്ദേശ്യശുദ്ധിയോടുകൂടി അവള്‍ ആത്മബലിവഴിയായി ക്രിസ്തുവിനോടുള്ള സ്‌നേഹം പ്രകടിപ്പിച്ചു എന്നു വിചാരിക്കേണ്ടിയിരിക്കുന്നു.
വിചിന്തനം: ”വിശുദ്ധരാകാന്‍വേണ്ടി നാം ചെയ്യേണ്ട എല്ലാറ്റിന്റെയും സാരാംശം ‘ആത്മപരിത്യാഗം’ എന്ന ഒറ്റവാക്കില്‍ അടങ്ങിയിട്ടുണ്ട്” – അല്‍ഫോന്‍സ് ലിഗോരി.
ഫാ. ജെ. കൊച്ചുവീട്ടില്‍