അമാന്തൂസ് 584 ല്‍ ഫ്രാന്‍സില്‍ ജനിച്ചു. ഇരുപതാമത്തെ വയസ്സില്‍ മാതാപിതാക്കളുടെ സമ്മതം കൂടാതെ യൂദ്വീപിലെ ചെറിയ ഒരു സന്യാസാശ്രമത്തില്‍ അംഗമായി ചേര്‍ന്നു. ഒരുവര്‍ഷം കഴിയുന്നതിനുമുമ്പ് പിതാവ് അമാന്തിയൂസിനെ കണ്ടെത്തുകയും വീട്ടിലേക്കു മടങ്ങിവരാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു. എന്നാല്‍ അമാന്തൂസ് വഴങ്ങിയില്ല. തന്മൂലം പിതാവ് കോപിഷ്ഠനാവുകയും പുത്രന് കുടുംബാവകാശം നല്‍കുകയില്ലെന്നുപറഞ്ഞ് ഭീഷണിപ്പെടുത്തുകയുംചെയ്തു. അപ്പോള്‍ അമാന്തൂസ് പറഞ്ഞു: “ക്രിസ്തു മാത്രമാണ് എന്റെ അവകാശം.”
അനന്തരം ടൂഴ്‌സിലെത്തി വൈദികപദം സ്വീകരിച്ചു. തുടര്‍ന്ന് ബോര്‍ജസ്സില്‍ പതിനഞ്ചു വര്‍ഷം പ്രേഷിതപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു. 629 ല്‍ ഒരു മിഷനറി മെത്രാനായി നിയമിക്കപ്പെട്ടു. അക്കാലത്ത് ഡഗോബര്‍ട്ട് ഒന്നാമന്‍ രാജാവിന്റെ ദുര്‍നയങ്ങള്‍ക്കെതിരെ ധാര്‍മ്മികരോഷം പ്രകടിപ്പിച്ചതുകൊണ്ട് രാജ്യം വിട്ടുപോകാന്‍ നിര്‍ബന്ധിതനായി. എന്നാല്‍ അധിക കാലം കഴിയുന്നതിനുമുമ്പ് രാജാവിന്റെ അഭ്യര്‍ഥനയെ മാനിച്ച് തിരിച്ചുവരികയും രാജാവിന്റെ പുത്രന്‍ സീജ്ബര്‍ട്ടിന് ജ്ഞാനസ്‌നാനം നല്‍കുകയും ചെയ്തു.
കെന്റിലെ നിര്‍മ്മതരായ ആളുകളുടെയിടയില്‍ സുവിശേഷം പ്രസംഗിക്കാന്‍ ശിഷ്ടായുസ്സ് വിനിയോഗിച്ചു. എന്നാല്‍, കെന്റിലെ ആളുകള്‍ അമാന്തൂസിനെ കഠിനമായി ഉപദ്രവിക്കുകയും നദിയില്‍ വലിച്ചെറിയുകയുംചെയ്തു. കുറേക്കാലം അമാന്തൂസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു ഫലവുമുണ്ടായില്ല. പക്ഷേ, ഒടുവില്‍ അനേകം ആളുകള്‍ വിശ്വാസം സ്വീകരിച്ചു. ഇതിനിടയില്‍ അമാന്തൂസ് ബല്‍ജിയത്തില്‍ ഏതാനും സന്യാസാശ്രമങ്ങള്‍ സ്ഥാപിക്കുകയുണ്ടായി. മേസ്ട്രിച്ച് രൂപതയുടെ ഭരണം ഏറ്റെടുക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടെങ്കിലും അദ്ദേഹം നിര്‍മ്മതരുടെ മാനസാന്തരത്തിനുള്ള യത്നം തുടരുകയാണ് ചെയ്തത്.
വാര്‍ധക്യകാലമായപ്പോള്‍ അമാന്തൂസ് എല്‍നോണിലേക്കു പോയി. വിശ്രമദിനങ്ങളിലും അദ്ദേഹം വിശ്വസ്തതയോടുകൂടി ദൈവജനത്തെ സേവിച്ചു. 676 ല്‍ ആ വന്ദ്യപുരുഷന്‍ നിര്യാതനായി.
വിചിന്തനം: “ഞാന്‍ മുഴുവനായി മറ്റുുള്ളവര്‍ക്കുവേണ്ടി എരിഞ്ഞുതീരേണ്ട ബലിവസ്തുവായിത്തീരണം” – വി. ഈഡിത്ത് സ്റ്റെയിന്‍.
ഫാ. ജെ. കൊച്ചുവീട്ടില്‍