ഫെബ്രുവരി 05: വി. അഗാത്താ

മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കുലീനരും ധനാഢ്യരുമായ മാതാപിതാക്കളില്‍നിന്ന് സിസിലിയിലെ പലേര്‍മ എന്ന സ്ഥലത്താണ് അഗാത്താ ജനിച്ചത്. ചെറുപ്പം മുതലേ കത്തോലിക്കാ വിശ്വാസത്തില്‍ വളര്‍ന്നുവന്ന അഗാത്താ, തികച്ചും വിശുദ്ധമായൊരു ജീവിതമാണ് നയിച്ചിരുന്നത്. വളരെ ചെറുപ്പത്തില്‍തന്നെ അവള്‍ കന്യാവ്രത വാഗ്ദാനംവഴി തന്നെത്തന്നെ ദൈവത്തിനു പരിപൂര്‍ണ്ണമായി സമര്‍പ്പിച്ചു.

ക്രിസ്ത്യാനികളെ നിഗ്രഹിക്കാനുള്ള കൽപന ഡേസിയൂസ് ചക്രവര്‍ത്തിയില്‍നിന്ന് വിളംബരം ചെയ്യപ്പെട്ട കാലമായിരുന്നു അത്. പക്ഷേ, തന്റെ മതാനുഷ്ഠാനങ്ങളെ മറച്ചുവയ്ക്കാതെ പതിവുപോലെ പരസ്യമായിത്തന്നെ അഗാത്ത അവയൊക്കെ നിര്‍വഹിച്ചു. അധികം താമസിക്കേണ്ടിവന്നില്ല. അവളെ രാജസേവകന്മാര്‍ പിടികൂടി റോമന്‍ ഗവര്‍ണറായിരുന്ന ക്വിന്‍സിയാനൂസിന്റെ മുമ്പില്‍ ഹാജരാക്കി.

അഗാത്തായുടെ അസാമാന്യമായ സൗന്ദര്യത്തില്‍ ആകൃഷ്ടനായ ഗവര്‍ണര്‍ അവളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചു. അവള്‍ തന്റെ ഇംഗിതത്തിനു വഴങ്ങുന്നില്ല എന്നു മനസ്സിലാക്കിയ ഗവര്‍ണര്‍, അവളെ പാപകരമായ ബന്ധത്തിനു പ്രേരിപ്പിക്കുന്നതിനായി വേശ്യാലയം നടത്തിയിരുന്ന ഒരു ദുഷ്ടസ്ത്രീയുടെ മേല്‍നോട്ടത്തിലാക്കി. പക്ഷേ, അത്തരം ശ്രമങ്ങള്‍ക്കൊന്നും അവളെ വശീകരിക്കാനാകുമായിരുന്നില്ല.

“ഞാന്‍ ക്രിസ്തുവിനെപ്രതി ഒരു കന്യകയായിത്തന്നെ മരിക്കും” – ഇതായിരുന്നു അഗാത്തായുടെ തീരുമാനം. ഇതുകേട്ട് കോപവെറി പൂണ്ട ഗവര്‍ണര്‍ അവളുടെ സ്തനങ്ങള്‍ മുറിച്ചുകളയിപ്പിക്കുകയും ശരീരം മുഴുവന്‍ ഇരുമ്പുചൂണ്ടകൊണ്ട് വലിച്ചുകീറി തീവച്ചു പൊള്ളിക്കുകയും ചെയ്തു. പക്ഷേ, ദൈവം അവളെ അദ്ഭുതകരമായി സുഖപ്പെടുത്തി. അഗാത്തായുടെ മരണവാര്‍ത്ത തേടിയെത്തിയ ഗവര്‍ണര്‍ അവളുടെ നല്‍സ്ഥിതി കണ്ട് അമ്പരന്നുപോയി. എന്നിട്ടും മാനസാന്തരത്തിന്റെ ചെറുലാഞ്ചനപോലും ആ ഹൃദയം കാട്ടിയില്ല.

ഒരു സിംഹത്തെപ്പോലെ ഗര്‍ജിച്ച അയാള്‍, കാരാഗൃഹത്തിന്റെ തറയില്‍ ചുട്ടുപഴുത്ത കല്‍ക്കരിയും ഓട്ടുകഷണങ്ങളും നിരത്തി വിശുദ്ധയെ അതിന്മേല്‍ കിടത്തി ഉരുട്ടാന്‍ കൽപിച്ചു. ആ പീഢശയ്യയില്‍ കിടന്നുകൊണ്ട് അഗാത്താ കൈകളുയര്‍ത്തി തന്റെ ആത്മാവിനെ എടുത്തുകൊള്ളണമെന്ന് കര്‍ത്താവിനോടു പ്രാർഥിച്ചു. തന്റെ പ്രിയപ്പെട്ടവളുടെ പ്രാര്‍ഥന കേള്‍ക്കാതിരിക്കാന്‍ അവിടുത്തേക്കാകുമായിരുന്നില്ല. നിര്‍മ്മലമായ ആ ആത്മാവിനെ ദൈവം തന്റെ അടുത്തേക്കു കൂട്ടിക്കൊണ്ടു പോയി. എ ഡി 251 ഫെബ്രുവരി അഞ്ചാം തീയതിയാണ് ഈ സംഭവം നടന്നത്.

വിചിന്തനം: “ഓരോ വേദനയും, അത് എത്രമാത്രം വലുതായാലും കുരിശിലെ യേശുവിനെ നാം ധ്യാനിക്കുമ്പോള്‍ അവ മാധുര്യമുള്ളതായിത്തീരുന്നു” – വി. മേരി മഗ്ദലന ദി പാസ്സി.

ഫാ. ജെ. കൊച്ചുവീട്ടിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.