
ഇന്ത്യയുടെ ദ്വിതീയ അപ്പസ്‌തോലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധനാണ് ഫ്രാന്‍സിസ് സേവ്യര്‍. മൃതദേഹം പെട്ടെന്ന് അഴുകുന്നതിനുവേണ്ടി ശരീരത്തിനടിയിലും മുകളിലും രണ്ടുചാക്ക് കുമ്മായം കൂടി വച്ച് സംസ്കരിച്ചിട്ടും ശാസ്ത്രത്തിന്റെ എല്ലാ കണക്കുകൂട്ടലുകളെയും അമ്പരിപ്പിച്ചുകൊണ്ട് 1552 ല്‍ മരിച്ച വിശുദ്ധന്റെ ശരീരം ഗോവയിലെ കത്തീഡ്രലില്‍ ഇന്നും അഴുകാതെയിരിക്കുന്നു.
“ഒരു മനുഷ്യന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പടുത്തിയാല്‍ എന്തു പ്രയോജനം” എന്ന ദൈവവചനത്തിലൂടെ, വി. ഇഗ്നേഷ്യസ് ലയോള യേശുസ്‌നേഹത്തിന്റെ അഗാധതയിലേക്കു കൊണ്ടുവന്ന യുവാവാണ് ഫ്രാന്‍സിസ് സേവ്യര്‍. അന്ന് 24 വയസ്സുമാത്രം പ്രായമുള്ള ഫ്രാന്‍സിസ്, പാരീസ് സര്‍വകലാശാലയില്‍ തത്വശാസ്ത്ര അധ്യാപകനായിരുന്നു.
1506 ല്‍ സ്‌പെയിനിലെ ഹവാരയില്‍ ജനിച്ച പ്രഗത്ഭനായ യുവാവിന്റെ ഉള്ളില്‍ ഇഗ്നേഷ്യസ് വിതച്ച വചനം മുളയ്ക്കാന്‍ മാസങ്ങളെടുത്തു. അഞ്ചാറുമാസം കഴിഞ്ഞപ്പോള്‍ ഫ്രാന്‍സിസ്, ഇഗ്നേഷ്യസിനോടൊപ്പം പ്രാർഥിച്ചുതുടങ്ങി. നാലുവര്‍ഷം കഴിഞ്ഞ് 1534 ല്‍ മോണ്‍മാത്രയില്‍, ഇഗ്നേഷ്യസും പീറ്റര്‍ ഫാബറും അടക്കം ഏഴുപേര്‍ ചേര്‍ന്ന് ഈശോസഭ സ്ഥാപിച്ചു. ബ്രഹ്മചര്യം, ദാരിദ്ര്യം, അനുസരണം എന്നിവയ്ക്കു പുറമെ മാര്‍പാപ്പയുടെ നിര്‍ദേശമനുസരിച്ചുള്ള സേവനവും അവര്‍ വ്രതമായെടുത്തു.
1537 ല്‍ വെനീസില്‍വച്ച് വൈദികനായി. തുടര്‍ന്ന് വെനീസ്, ബൊളേഞ്ഞ, റോമ എന്നിവിടങ്ങളില്‍ ജോലിചെയ്തു. 1541 ഏപ്രില്‍ ഏഴിന് ഇന്ത്യയിലേക്കു പുറപ്പെട്ടു. 1541 മെയ് ആറിന് ഇന്ത്യയിലെത്തി. മാര്‍പാപ്പയുടെ പ്രതിനിധിയായിട്ടുകൂടി നിയമനം ഉണ്ടായിരുന്നെങ്കിലും ഒരു വിനീതവൈദികനായി ജീവിച്ചു. ശ്രീലങ്ക, ഇന്ത്യ, മലയാ, ജപ്പാന്‍ എന്നിവിടങ്ങളില്‍ അദ്ദേഹം സുവിശേഷപ്രവര്‍ത്തനം നടത്തി. അത്ഭുതകരമായ അടയാളങ്ങളിലൂടെ ദൈവം ഫ്രാന്‍സിസ് സേവ്യറിന്റെ പ്രവര്‍ത്തനങ്ങളെ സ്ഥിരീകരിച്ചു. ധാരാളം രോഗികള്‍ക്കു സൗഖ്യം നല്‍കി. നിരവധി ദൈവാലയങ്ങള്‍ നിര്‍മിച്ചു. ദരിദ്രരുടെ ഭക്ഷണം കഴിച്ച് അവര്‍ക്കൊപ്പം കഴിഞ്ഞ് അദ്ദേഹം സുവിശേഷവേല നടത്തി. പകല്‍ പ്രസംഗത്തിലും രാത്രി ദീര്‍ഘമായ പ്രാര്‍ഥനയിലും കഴിച്ചുകൂട്ടി.
ഏകദേശം മൂന്നുലക്ഷം പേരെ അദ്ദേഹം മാമ്മോദീസ മുക്കിയെന്നാണ് വിശ്വസിക്കുന്നത്. കേരളത്തിലും ഗോവയിലുമായി 50,000 പേര്‍ക്കാണ് വിശുദ്ധന്‍ മാമ്മോദീസ നല്‍കിയത്. ചൈനയെ മാനസാന്തരെപ്പടുത്തണമെന്ന ആഗ്രഹത്തോടെ ജപ്പാനില്‍നിന്നും ചൈനയിലേക്കു യാത്ര ചെയ്യവെ ഹോങ്കോംഗില്‍നിന്നും നൂറു നാഴിക തെക്കുപടിഞ്ഞാറ് സാന്‍സിയന്‍ ദ്വീപില്‍ വച്ച് 1552 ഡിസംബര്‍ 2 വെള്ളിയാഴ്ച ടൈഫോയിഡ് പിടിപെട്ട് ഫ്രാന്‍സിസ് മരണമടഞ്ഞു.
1622 മാര്‍ച്ച് 12 ന് ഗ്രിഗറി പതിനഞ്ചാമൻ പാപ്പ ഫ്രാന്‍സിസ് സേവ്യറിനെ വിശുദ്ധനായി നാമകരണം ചെയ്തു. വി. പത്താം പീയൂസ് പാപ്പ അദ്ദേഹത്തെ മിഷന്‍ പ്രവര്‍ത്തനത്തിന്റെ മധ്യസ്ഥനായി പ്രഖ്യാപിച്ചു.
വിചിന്തനം: എനിക്ക് ഒരിക്കലും ദിവ്യബലി അര്‍പ്പിക്കാന്‍ കഴിയുകയില്ല എന്നു കേള്‍ക്കുമ്പോള്‍ ഞാന്‍ മരിച്ചതായി കണക്കാക്കണം – വി. ഫ്രാന്‍സിസ് സേവ്യര്‍.
ഇതരവിശുദ്ധര്‍ : അബ്ബോ (+860) ഔക്‌സോണിലെ മെത്രാന്‍/ അഗ്രിക്കോള-പന്നോണിയായിലെ രക്തസാക്ഷി/ അറ്റാലിമാ (697-741) സ്‌ട്രോസ്ബര്‍ഗിലെ മെത്രാന്‍/ ബീറിനൂസ് (600-649) വെസെക്‌സിലെ അസ്‌തോലന്‍ എഥേനം/ മിറോക്കിള്‍സ് (+318) മിലാനിലെ മെത്രാലീത്താ/ കാസ്യന്‍ (+298) രക്തസാക്ഷി/ ഇലോകസ്‌ക് (+666) ബനഡിക്‌റ്റെന്‍ ആബട്ട്/ ലൂസിയൂസ് (+200)
ഫാ. ജെ. കൊച്ചുവീട്ടില്‍