ഡിസംബര്‍ 19: ഉര്‍ബന്‍ അഞ്ചാമന്‍ മാര്‍പാപ്പ

വില്യം ഡി. ഗ്രിമോര്‍ഡ്, ലാന്‍ഗ്വിഡോക്കിലെ ഗ്രിസാക്കില്‍ ഒരു കുലീനകുടുംബത്തില്‍ ജനിച്ചു. വൈദികനായ അദ്ദേഹം 1352 ല്‍ ഓക്‌സിയറിലെ വി. ജര്‍മെയിന്‍സ് ആശ്രമത്തിന്റെ അധിപനായി നിയമിക്കപ്പെട്ടു. അക്കാലത്ത് അവിഞ്ഞോണ്‍ ആയിരുന്നു മാര്‍പാപ്പമാരുടെ ആസ്ഥാനം. ഏകദേശം പത്തുവര്‍ഷം ഇന്നസെന്റ്‌ ആറാമന്‍ മാര്‍പാപ്പയുടെ നിര്‍ദേശമനുസരിച്ച് വില്യം നയതന്ത്രപരമായ ദൗത്യങ്ങള്‍ ഏറ്റെടുത്തു നിര്‍വഹിച്ചു.

1361 ല്‍ ഇന്നസെന്റ്‌ മാര്‍പാപ്പ വില്യത്തെ മാര്‍സെയിന്‍സിലെ വിക്ടര്‍ ആശ്രമത്തിന്റെ അധിപനായി നിയമിച്ചു. ഒപ്പം നേപ്പിള്‍സിലെ പേപ്പല്‍ പ്രതിനിധിയായി നിയോഗിക്കുകയും ചെയ്തു. വില്യം നേപ്പിള്‍സിലായിരിക്കെ ഇന്നസെന്റ്‌ മാര്‍പാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ അനന്തരഗാമിയായി കര്‍ദിനാള്‍മാരുടെ തിരുസംഘം തിരഞ്ഞെടുത്തത് വില്യമിനെയായിരുന്നു. 1362 നവംബര്‍ ആറാം തീയതി മാര്‍പാപ്പയായി അധികാരമേറ്റു. ഉര്‍ബന്‍ അഞ്ചാമന്‍ എന്ന പേരാണ് തിരഞ്ഞെടുത്തത്.

മാര്‍പാപ്പയുടെ ആസ്ഥാനം എന്ന നിലയില്‍ റോമാ നഗരം താല്‍ക്കാലികമായിട്ടാണെങ്കിലും വീണ്ടെടുക്കാന്‍ കഴിഞ്ഞു എന്നതാണ് ഉര്‍ബന്‍ അഞ്ചാമന്റെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. 1366 ല്‍ ഫ്രഞ്ച് രാജാവിന്റെയും കര്‍ദിനാള്‍മാരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച് ഉര്‍ബന്‍ റോമിലേക്കു പോകാനുള്ള തീരുമാനം പ്രഖ്യാപനം ചെയ്തു. നാലുമാസത്തെ യാത്രയ്ക്കുശേഷം 1367 ല്‍ മാര്‍പാപ്പ റോമിലെത്തി. ആഹ്ലാദോന്മത്തരായ റോമന്‍ ജനത ആര്‍പ്പുവിളികളോടെ വലിയ മുക്കുവന് സ്വാഗതമോതി. അങ്ങനെ അന്‍പതു വര്‍ഷത്തിനുള്ളില്‍ ആദ്യമായി ഒരു മാര്‍പാപ്പ റോമില്‍ കാലുകുത്തി. ആ വാര്‍ത്ത യൂറോപ്പിലെങ്ങും സ്വാഗതം ചെയ്യപ്പെട്ടു.

റോമിലെത്തിയ പാപ്പയ്ക്ക് നിരവധി പ്രതിസന്ധികള്‍ നേരിടേണ്ടിവന്നു. ഫ്രഞ്ചുകാരായ ഉദ്യോഗസ്ഥന്മാരെയും സഭാശുശ്രൂഷകരെയും പരസ്യമായി അവഹേളിക്കാന്‍പോലും വിഭിന്നതാൽപര്യങ്ങളോടു കൂടിയ റോമാക്കാര്‍ തുനിഞ്ഞു. ഇതിനിടയില്‍ മാര്‍പാപ്പായുടെ ആരോഗ്യം അടിക്കടി ക്ഷയിച്ചുകൊണ്ടുമിരുന്നു. ഒടുവില്‍ ഗത്യന്തരമില്ലാതായപ്പോള്‍ മാര്‍പാപ്പ അവിഞ്ഞോണിലേക്കുതന്നെ മടങ്ങാന്‍ തീരുമാനിച്ചു. ആ വാര്‍ത്ത അറിഞ്ഞപ്പോള്‍ റോമാക്കാര്‍ വേദനിച്ചു. അവര്‍ മാര്‍പാപ്പയോട് റോമില്‍തന്നെ പാര്‍ക്കണമെന്ന് നിര്‍ബന്ധപൂര്‍വം അപേക്ഷിച്ചു. ഉന്നതരായ അനേകം വ്യക്തികള്‍ തീരുമാനം പുനഃപരിശോധിക്കണമെന്ന് മാര്‍പാപ്പയോടു യാചിച്ചു. സ്വീഡനിലെ വി. ബ്രീജീത്താ തന്റെ വെളുത്ത കഴുതപ്പുറത്തേറി ബഹുദൂരം സഞ്ചരിച്ച് റോമിലെത്തി, മാര്‍പാപ്പയെ നേരിട്ടുകണ്ടു. റോമാ വിട്ടുപോയാല്‍ മാര്‍പാപ്പ അകാലചരമം പ്രാപിക്കുമെന്നു പ്രവചിക്കുക കൂടി ചെയ്തു. പക്ഷേ, എല്ലാ ശ്രമങ്ങളും വിഫലമായി.

1370 ജൂണില്‍ മാര്‍പാപ്പ വളരെ ഹൃദയവേദനയോടുകൂടി റോമിനോടു വിടവാങ്ങി. താന്‍ പോകുന്നതുകൊണ്ട് സഭയ്ക്കും ഫ്രാന്‍സിനും പ്രയോജനമുണ്ടാകുമെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. കഠിനമായ ദുഃഖഭാരത്തോടു കൂടിത്തന്നെ 1370 സെപ്റ്റംബര്‍ അഞ്ചാം തീയതി കാര്‍ണെറ്റോവില്‍ കപ്പലിറങ്ങി. താമസമെന്യേ ബ്രിജീത്തായുടെ പ്രവചനം അക്ഷരംപ്രതി നിറവേറി. ഡിസംബര്‍ 19-ാം തീയതി മാര്‍പാപ്പ കാലം ചെയ്തു.

വിചിന്തനം: ഞാന്‍ ലോകത്തിന്റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവന് ജീവന്റെ പ്രകാശമുണ്ടാകും (യോഹ. 8:12).

ഇതരവിശുദ്ധര്‍: നെമെസിയോണ്‍ (+250)/ ദാരിയൂസും കൂട്ടരും ദ്രുതിസെയായിലെ രക്തസാക്ഷി/ഫൗസ്താ (മൂന്നാം നൂറ്റാണ്ട്)/ വലേറായിലെ ബര്‍ണാര്‍ഡ് (+1122)/ അനസ്താസിയൂസ് (+401)റിബേര്‍ട്ട് (+790)/അഗസ്റ്റിന്‍ മോയി (1839)/മാനിതൂസ് സ്‌കോട്‌ലണ്ടിലെ മെത്രാന്‍/ തോമസും കൂട്ടരും (+1839)വി. അനസ്താനിയൂസ് ഒന്നാമന്‍ മാര്‍പാപ്പ

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.