പീഡിതരുടെ രക്ഷയ്ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച വിശുദ്ധനായിരുന്നു യോഹന്നാന്‍ മാത്താ. 1160 ല്‍ പ്രോവെന്‍സിന്റെ അതിര്‍ത്തിയിലുള്ള മാത്തായിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. വിദ്യാഭ്യാസശേഷം അദ്ദേഹം ആയുധവിദ്യയിലും കുതിരസവാരിയിലും മറ്റും പ്രാവീണ്യം നേടി. പിന്നീട് പിതാവിന്റെ അനുമതിയോടുകൂടി പാരീസിലെത്തി ദൈവശാസ്ത്രം പഠിച്ച് ഉന്നതബിരുദങ്ങള്‍ നേടി. തുടര്‍ന്ന് വൈദികപഠനം പൂര്‍ത്തിയാക്കുകയും വൈദികപദം സ്വീകരിക്കുകയും ചെയ്തു. അപ്പോഴാണ് യോഹന്നാന് ജീവിതദൗത്യം വെളിപ്പെട്ടുകിട്ടിയത്. ആഫ്രിക്കയിലും മറ്റും ധനാഢ്യരുടെ ക്രൂരമര്‍ദനങ്ങള്‍ക്ക് ഇരകളായി നരകയാതന അനുഭവിക്കുന്ന അടിമകളുടെ മോചനത്തിനുവേണ്ടി ജീവിതം അര്‍പ്പിക്കുക എന്നതായിരുന്നു ആ ദൗത്യം.
ഉടനെ തന്നെ ഉപദേശങ്ങള്‍ക്കും മാര്‍ഗദര്‍ശനത്തിനുംവേണ്ടി വാലോയിസിലെത്തി മഹാതാപസനായ വി. ഫെലിക്‌സിനെ കണ്ട് തന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ അറിയിച്ചു. ഏതാനും ദിവസം ഫെലിക്‌സിനോടൊത്തു വസിച്ചു. പ്രാര്‍ഥനയിലൂടെ ദൈവസഹായം തേടി. അതോടെ ഫെലിക്‌സ് യോഹന്നാന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായി സഹകരിക്കാന്‍ സന്നദ്ധനായി.
1197 ല്‍ ഒരുദിവസം അവര്‍ ഇരുവരും ചേര്‍ന്ന് റോമിലേക്കു പോയി ഇന്നസെന്റ് മൂന്നാമന്‍ മാര്‍പാപ്പയെ കണ്ട് തങ്ങളുടെ ഉദ്ദിഷ്ടലക്ഷ്യങ്ങള്‍ക്ക് അനുമതിയും അനുഗ്രഹാശിസ്സുകളും അഭ്യർഥിച്ചു. മാര്‍പാപ്പ അനുഭാവപൂര്‍വം അവരെ അനുഗ്രഹിക്കുകയും അവരുടെ യത്നങ്ങള്‍ക്ക് പൂര്‍ണ്ണാനുമതി നല്‍കുകയും ചെയ്തു. അവര്‍ ഫ്രാന്‍സിലെത്തി സഹായാഭ്യര്‍ഥനയുമായി ഫിലിപ്പ് അഗസ്തസ് രാജാവിനെ സമീപിച്ചു. രാജാവ് അവര്‍ക്ക് തന്റെ രാജ്യത്തില്‍ പ്രവര്‍ത്തനാനുവാദം നല്‍കി. വൈകാതെ ത്യാഗസന്നദ്ധരായ ഒട്ടേറെ യുവജനങ്ങള്‍ അവരോടൊത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നു. അങ്ങനെ ഒരു സേവകസംഘം രൂപം കൊണ്ടു. ആ സമൂഹം പരിശുദ്ധ ത്രിത്വത്തിന്റെ നാമത്തില്‍ ഒരു സഭയായി അംഗീകരിക്കപ്പെട്ടു.
തൂവെള്ള കുപ്പായവും മീതെ മാറില്‍ ചുവപ്പും നീലവര്‍ണ്ണവുമുള്ള കുരിശുമാണ് സഭാംഗങ്ങളുടെ അംഗീകൃതവേഷം. ഫ്രാന്‍സില്‍തന്നെ സഭയ്ക്ക് ആസ്ഥാനഭവനവും ഏതാനും ശാഖാഭവനങ്ങളും സ്ഥാപിതമായി. 1201 ല്‍ യോഹന്നാന്‍ രണ്ടു സഭാംഗങ്ങളെ മൊറോക്കോയിലേക്ക് അയച്ചു. അവരുടെ ശ്രമഫലമായി 186 അടിമകള്‍ സ്വാതന്ത്ര്യം പ്രാപിച്ചു. അടിമകളുടെ മോചനത്തിന് പണം നല്‍കണമെങ്കില്‍ അതിനും അവര്‍ തയ്യാറായിരുന്നു. ആവശ്യമായ പണം ഉദാരമതികളില്‍നിന്നും യാചിച്ചുവാങ്ങുകയായിരുന്നു പതിവ്. അടിമകള്‍ക്കു പകരം പണി ചെയ്യാന്‍ ആളിനെത്തന്നെയാണ് വേണ്ടതെങ്കില്‍ അതിനും അവര്‍ സന്നദ്ധരായിരുന്നു.
അടുത്ത വര്‍ഷം യോഹന്നാന്‍തന്നെ ടുണീസിലേക്കു പോയി. അവിടെ അദ്ദേഹത്തിന്റെ യത്നം വളരെ ദുഷ്‌കരമായിരുന്നു. എങ്കിലും 110 അടിമകളെ വില നല്‍കി വീണ്ടെടുത്ത് പ്രോവെന്‍സില്‍ മടങ്ങിയെത്തി. പിന്നീട് കൂടുതല്‍ പണം ശേഖരിച്ച് സ്‌പെയിനിലേക്കു പോയി അവിടെ അടിമപ്പണി ചെയ്തിരുന്ന അനേകം സഹോദരന്മാരെ മോചിപ്പിച്ചു. ഇതിനിടയില്‍ പലതവണ യോഹന്നാന്‍ ശത്രുക്കളുടെ ആക്രമണങ്ങള്‍ക്കു വിധേയനായി. 1213 ല്‍ അന്‍പത്തിമൂന്നാം വയസ്സില്‍ അദ്ദേഹം നിത്യവിശ്രമത്തിനായി വിളിക്കപ്പെട്ടു.
വിചിന്തനം: ഞാന്‍ എന്റെ പിതാവിന്റെ കൽപനകള്‍ പാലിച്ച് അവിടുത്തെ സ്‌നേഹത്തില്‍ നിലനില്‍ക്കുന്നതുപോലെ, നിങ്ങള്‍ എന്റെ കൽപനകള്‍ പാലിച്ചാല്‍ എന്റെ സ്‌നേഹത്തില്‍ നിലനില്‍ക്കും (യോഹ 15:10).
ഇതരവിശുദ്ധര്‍: സെഗ്ഗാ (+608)/ എയിജില്‍(+822)/ ഫ്‌ളോറിയന്റും കൂട്ടരും (+637) പാലസ്തീനായില്‍ രക്തസാക്ഷികളായ 60 പേര്‍/ വി. ഒളിമ്പിയാസ്.
ഫ. ജെ. കൊച്ചുവീട്ടില്‍