ഡിസംബര്‍ 16: വി. അഡലെയ്ഡ്

ബര്‍ഗണ്ടിയിലെ രാജാവായിരുന്ന റുഡോള്‍ഫ് രണ്ടാമന്റെ പുത്രിയായിരുന്നു അഡലെയ്ഡ്. പ്രൊവെന്‍സിലെ രാജാവായിരുന്ന ഹ്യൂഗിന്റെ പുത്രന്‍ അഡലെയ്ഡിനെ വിവാഹം ചെയ്തു. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷമായപ്പോള്‍ അദ്ദേഹം മരിച്ചു. അധികം വൈകാതെ ലോതേര്‍ ഐവ്രിയായിലെ ബേറന്‍ഗാരിയസ്, രാജ്യം കീഴടക്കുകയും തന്റെ പുത്രനെ വിവാഹം ചെയ്യണമെന്ന് അഡലെയ്ഡിനോട് നിര്‍ബന്ധപൂര്‍വം ആവശ്യപ്പെടുകയും ചെയ്തു. അവള്‍ വിസമ്മതിക്കുകയാല്‍ അയാള്‍ രോഷം പൂണ്ട് അവളെ തടവില്‍ പാര്‍പ്പിച്ചു.

ആയിടയ്ക്കാണ് ജര്‍മനിയിലെ രാജാവ് ഓട്ടോ, അയല്‍രാജ്യങ്ങളെ കീഴടക്കാന്‍വേണ്ടി വലിയൊരു സൈന്യവ്യൂഹവുമായി ഇറ്റലിയിലേക്കു വന്നത്. അദ്ദേഹം ബേറന്‍ഗാരിയസിനെ കീഴടക്കുകയും അഡലെയ്ഡിനെ മോചിപ്പിക്കുകയും ചെയ്തു. ഇറ്റലിയില്‍ തന്റെ അധികാരം ഉറപ്പിക്കുന്നതിനുവേണ്ടി ഓട്ടോ, അഡലെയ്ഡിനെ വിവാഹം ചെയ്തു. അവര്‍ക്ക് അഞ്ച് സന്താനങ്ങളുണ്ടായി.

973 ല്‍ ഓട്ടോ മരിച്ചു. അഡലെയ്ഡിന്റെ മൂത്തപുത്രന്‍ ‘ഓട്ടോ രണ്ടാമന്‍’ എന്ന പേരില്‍ അധികാരമേറ്റു. അയാള്‍ കലഹപ്രിയരായ ഉപദേഷ്ടാക്കളുടെ പ്രേരണ നിമിത്തം മാതാവിനെ പിണക്കിയകറ്റി. അവള്‍ കൊട്ടാരം വിട്ട് വിയന്നായിലുള്ള സഹോദരന്റെ പക്കലേക്കു പോയി. എന്നാല്‍ മധ്യസ്ഥന്മാരുടെ ശ്രമം നിമിത്തം പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുകയും അഡലെയ്ഡ് കൊട്ടാരത്തിലേക്കു മടങ്ങുകയും ചെയ്തു. ഓട്ടോ രണ്ടാമന്‍ 983 ല്‍ മരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പുത്രന്‍ ഓട്ടോ മൂന്നാമന്‍ ബാലനായിരുന്നതുകൊണ്ട് അവന്റെ മാതാവായ തെയോഫാനോ, റീജന്റായി രാജ്യം ഭരിച്ചു.

കൊട്ടാരത്തിലെ സ്ഥിതിഗതികള്‍ അടിക്കടി വഷളായിക്കൊണ്ടിരുന്നു. തന്മൂലം അഡലെയ്ഡിന് വീണ്ടും കൊട്ടാരം വിട്ട് പോകേണ്ടിവന്നു. എന്നാല്‍ തെയോഫാനോ പെട്ടെന്ന് മരിച്ചതുകൊണ്ട് അവള്‍ തിരിച്ചുവരികയും ഭരണം കൈയേൽക്കുകയും ചെയ്തു. അഡലെയ്ഡ് മറ്റു ഭരണാധികാരികളില്‍നിന്നു സര്‍വഥാ വ്യതിരിക്തയായിരുന്നു. അവള്‍ എതിരാളികള്‍ക്ക് മാപ്പ് നല്‍കുകയും എതിരഭിപ്രായങ്ങളെ സഹിഷ്ണുതയോടുകൂടി പരിഗണിക്കുകയും ശത്രുമിത്രഭേദമന്യേ എല്ലാവരോടും സ്‌നേഹപൂര്‍വം പെരുമാറുകയും ചെയ്തു. ആത്മീയജീവിതം കാംക്ഷിച്ചിരുന്നവര്‍ക്കുവേണ്ടി അനേകം സന്യാസഭവനങ്ങള്‍ പണിയിച്ചു. നിര്‍മതരുടെ മാനസാന്തരത്തിനുവേണ്ടി അക്ഷീണം പ്രയത്നിച്ചു. എല്ലാ പ്രവര്‍ത്തനമേഖലകളിലും ക്രൈസ്തവവീക്ഷണം പുലര്‍ത്തി. 999 ഡിസംബര്‍ 16-ാം തീയതി അവള്‍ ഭാഗ്യമരണം പ്രാപിച്ചു.

വിചിന്തനം: ഇതാ കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ (ലൂക്കാ 1:38).

ഇതരവിശുദ്ധര്‍: അല്‍ബീനാ (+250) സേസരെയായിലെ രക്തസാക്ഷികള്‍/ വാലന്‍ൈറന്‍ (+305) രക്തസാക്ഷികള്‍/ നിക്കോളാസ് (പത്താം നൂറ്റാണ്ട്) കോണ്‍സ്റ്റന്റിനോപ്പിളിലെ പാട്രിയാര്‍ക്ക്/ ബിയോക്ക് (ആറാം നൂറ്റാണ്ട്)

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.