ഡിസംബര്‍ 14: കുരിശിന്റെ വിശുദ്ധ യോഹന്നാന്‍

കര്‍മലീത്താ നിഷ്പാദുക സഭയുടെ പിതാവായ കുരിശിന്റെ വിശുദ്ധ യോഹന്നാന്‍ 1542 ജൂണ്‍ 24 ന് സ്‌പെയിനിലെ ഫോന്തിവേരോസ് എന്ന സ്ഥലത്ത് ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ഒരു ധനികനായിരുന്നെങ്കിലും താഴ്ന്ന നിലയിലുള്ള ഒരു യുവതിയെ വിവാഹം കഴിച്ചതിനാല്‍ അയാള്‍ സ്വന്തം കുടുംബത്തില്‍നിന്നും നിഷ്‌കാസിതനായി. കുടുംബം പോറ്റാന്‍ അത്യധികം കഷ്ടപ്പെട്ടിരുന്ന അദ്ദേഹം അധികം വൈകാതെ ഒരു രോഗിയാവുകയും മരണമടയുകയും ചെയ്തു. അതോടെ അവരുടെ ദാരിദ്ര്യവും ബുദ്ധിമുട്ടുകളും ഇരട്ടിച്ചു.

പതിനേഴാമത്തെ വയസ്സില്‍ മെദീനായിലുള്ള പ്രസിദ്ധമായ ഒരു ആശുപത്രിയില്‍ നേഴ്‌സായി വിശുദ്ധന് ജോലി ലഭിച്ചു. ഈ കാലയളവില്‍ അവിടെയുണ്ടായിരുന്ന ഈശോസഭക്കാരുടെ കോളേജില്‍ ചേര്‍ന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 21-ാമത്തെ വയസ്സില്‍ ജോണ്‍ കര്‍മലീത്താ സഭയില്‍ പ്രവേശിച്ചു. പഠനത്തിലും ജീവിതവിശുദ്ധിയിലും മുന്‍പന്തിയിലായിരുന്ന വിശുദ്ധന്‍, സെമിനാരിയിലെ പ്രീഫെക്റ്റായി നിയമിതനായി. 1567 ല്‍ അദ്ദേഹം പുരോഹിതനായി.

കഠിനമായ ഉപവാസവും പ്രായശ്ചിത്തപ്രവൃത്തികളും അനുഷ്ഠിച്ചിരുന്ന യോഹന്നാന്‍, പുരോഹിതനായശേഷം നിയമകാര്‍ക്കശ്യം കൂടുതലുള്ള കര്‍ത്തൂസ്യന്‍ സഭയില്‍ ചേരാൻ ആഗ്രഹിച്ചു. ഈ അവസരത്തിലാണ് കര്‍മലീത്താ സഭയുടെ നവീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന അമ്മത്രേസ്യായെ വിശുദ്ധന്‍ കണ്ടുമുട്ടുന്നത്. ജോണിന്റെ വിശുദ്ധി മനസ്സിലാക്കിയ അമ്മത്രേസ്യാ, കര്‍മലീത്താ സഭയെ നവീകരിക്കാന്‍ തന്നെ സഹായിക്കാന്‍ ആവശ്യപ്പെട്ടു. അതനുസരിച്ച് 1568 ല്‍ വിശുദ്ധന്‍ മറ്റു രണ്ടുപേരുമൊത്ത് ദുരുവേലോ എന്ന സ്ഥലത്ത് കര്‍മലീത്താ സഭയുടെ കര്‍ക്കശമായ പുരാതന നിയമമനുസരിച്ച് ജീവിക്കാന്‍ ആരംഭിച്ചു. ഇവര്‍ ചെരുപ്പ് ധരിക്കാതിരുന്നതിനാല്‍ നിഷ്പാദുക കര്‍മലീത്തര്‍ എന്ന് അറിയപ്പെടാന്‍ തുടങ്ങി.

വിശുദ്ധന്‍ നടത്തിയ നവീകരണപ്രവര്‍ത്തനങ്ങള്‍ കര്‍മലീത്താ സഭാധികാരികളുടെ ശത്രുതയ്ക്ക് വഴിയൊരുക്കി. അവര്‍ അദ്ദേഹത്തില്‍ പാഷണ്ഡത ആരോപിച്ച് ജയിലിലടച്ചു. അടിസ്ഥാനസൗകര്യങ്ങളൊന്നുമില്ലാതിരുന്ന, ചീഞ്ഞുനാറിയ ആ ഇരുട്ടറയില്‍ 270 ദിവസം അദ്ദേഹം ചിലവഴിച്ചു. ഇവിടെവച്ചാണ് യോഹന്നാന്‍ തന്റെ ലോകപ്രസിദ്ധമായ കവിതകള്‍ക്ക് ജന്മം നല്‍കിയത്. അവസാനം ഏതോ ഒരു ആന്തരികപ്രേരണയുടെ ഫലമായി വിശുദ്ധന്‍ ജയിലില്‍നിന്ന് രക്ഷപെട്ടു. പിന്നീട് സഭാഭരണത്തില്‍ വ്യാപൃതനായ യോഹന്നാന്‍, ഈ കാലഘട്ടത്തില്‍ നിരവധി ആധ്യാത്മികഗ്രന്ഥങ്ങള്‍ രചിച്ചു. അവസാനകാലത്ത് നിരവധിയായ സഹനങ്ങള്‍ അദ്ദേഹത്തിന് അനുഭവിക്കേണ്ടതായിവന്നു. സ്വന്തം സഭയില്‍നിന്നു പോലും അദ്ദേഹത്തിന് എതിര്‍പ്പുകള്‍ നേരിടേണ്ടതായിവന്നു.

1591 ഡിസംബര്‍ 14-ാം തീയതി വിശുദ്ധിയുടെ പരിമളം പടര്‍ത്തിയ കുരിശിന്റെ  വിശുദ്ധ യോഹന്നാന്‍ സ്വര്‍ഗത്തിലേക്കു യാത്രയായി. മരിക്കുമ്പോള്‍ അദ്ദേഹത്തിന് 49 വയസ്സ് പ്രായമുണ്ടായിരുന്നു.

വിചിന്തനം: പരീക്ഷണങ്ങളുടെ സമയത്ത് അങ്ങയുടെ നേര്‍ക്കുള്ള സ്‌നേഹവും സ്തുതിയും സ്വര്‍ഗീയാനന്ദംകൊണ്ട് അങ്ങ് എന്നെ  നിറയ്ക്കുമ്പോൾ എന്നതിനെക്കാള്‍ കുറവായി പോകരുതേ.

ഇതരവിശുദ്ധര്‍ : ആഗ്നെല്ലൂസ് (+595) നേിള്‍സ്/ഫിന്‍ഗാര്‍ (അഞ്ചാം നൂറ്റാണ്ട്)/ ദ്രൂസുഡും കൂട്ടരും  രക്തസാക്ഷികള്‍/ ഹോറണും കൂട്ടരും (+250) അലക്‌സാണ്ട്രിയായിലെ രക്തസാക്ഷികള്‍/യൂസ്തൂസും അസുന്തിയൂസും (+283) സ്‌പെയിനിലെ രക്തസാക്ഷികള്‍/ബര്‍ത്തലോമിയ (+1300)/ വിയാത്തോര്‍ (+378) ബെറീഞ്ഞോയിലെ മെത്രാന്‍/മാറ്റോണിയന്‍- മിലാനിലെ സന്യാസി/നികാസിയൂസ്-രക്തസാക്ഷിയായ റെയിംസിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.