ഡിസംബര്‍ 12: വി. ജെയിന്‍ ഫ്രാന്‍സിസ് ദെ ഷാന്താള്‍

1573 ജനുവരി 25-ാം തീയതിയാണ് വി. ജെയിന്‍ ഫ്രാന്‍സിസ് ദെ ഷാന്താള്‍ ഉന്നതകുലജാതരായ മാതാപിതാക്കളില്‍നിന്ന് ജനിച്ചത്. വിശുദ്ധയുടെ ചെറുപ്രായത്തില്‍ തന്നെ മാതാവിനെ നഷ്ടപ്പെട്ടിരുന്നതിനാല്‍ പിതാവിന്റെ സംരക്ഷണയിലാണ് ജെയിന്‍ വളര്‍ന്നത്. ബാല്യം മുതലേ ക്രൈസ്തവാന്തരീക്ഷത്തില്‍ വളര്‍ന്നുവന്ന ജെയിന്‍ ഉത്തമമായ വിശ്വാസജീവിതമാണ് നയിച്ചിരുന്നത്.

ജെയിന് ഇരുപതു വയസ്സുള്ളപ്പോള്‍ ഫ്രഞ്ച് സൈന്യത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥനായിരുന്ന ബാരണ്‍ അവളെ വിവാഹം കഴിച്ചു. ഒരു ഉത്തമ കത്തോലിക്ക വിശ്വാസിയായിരുന്നു അദ്ദേഹം. അവരുടെ കുടുംബജീവിതം സന്തുഷ്ടമായി മുമ്പോട്ടുനീങ്ങി. ഒരു ആണ്‍കുട്ടിയെയും മൂന്ന് പെണ്‍കുട്ടികളെയും നല്‍കി ദൈവം അവരുടെ ദാമ്പത്യത്തെ അനുഗ്രഹിച്ചു. എന്നാല്‍ ജെയിന് 28 വയസ്സുള്ളപ്പോള്‍ അവളുടെ ഭര്‍ത്താവ് മരണമടഞ്ഞു. പുനര്‍വിവാഹത്തിനായി പലരും അവളെ നിര്‍ബന്ധിച്ചെങ്കിലും ജെയിന്‍ അതിനു തയ്യാറായില്ല.

1604 ലെ നോമ്പുകാലത്ത് ഡീജോണില്‍ പ്രസംഗിക്കാനെത്തിയത് വി. ഫ്രാന്‍സിസ് സെയില്‍സായിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിലും ജീവിതവിശുദ്ധിയിലും ആകൃഷ്ടയായ ജെയിന്‍, അദ്ദേഹത്തെ തന്റെ ജ്ഞാനോപദേശകനായി സ്വീകരിച്ചു. ഈ കാലയളവില്‍ ജെയിന്‍ തന്റെ പെണ്‍മക്കളെ വിവാഹം ചെയ്തയച്ചു. കുറേ നാള്‍ കഴിഞ്ഞപ്പോള്‍ ഒരു സന്യാസ സഭയില്‍ പ്രവേശിക്കണമെന്ന ആഗ്രഹം ജെയിനിലുണ്ടായി. തന്റെ ആഗ്രഹം വി. ഫ്രാന്‍സിസിനെ അറിയിച്ചു. ഉടന്‍തന്നെ വിശുദ്ധന്‍ വളരെക്കാലമായി ആഗ്രഹിച്ചിരുന്നതനുസരിച്ച് പരിശുദ്ധ കന്യകാമറിയത്തിന്റെ വിസിറ്റേഷന്‍ സഭ സ്ഥാപിക്കുകയും അത് നടത്തുന്നതിനായി ജെയിനിനെ ഏൽപിക്കുകയുംചെയ്തു. വിശുദ്ധയുടെ ഈ തീരുമാനത്തെ കുടുംബാംഗങ്ങള്‍ ശക്തമായി എതിര്‍ത്തു. 15 വയസ്സ് പ്രായമുണ്ടായിരുന്ന വിശുദ്ധയുടെ മകന്‍, തന്റെ മാതാവ് സ്വഗൃഹം വിട്ടുപോകാതിരിക്കാന്‍ ആവുന്നത്ര ശ്രമിച്ചു. തന്റെ ശ്രമങ്ങളെല്ലാം നിഷ്ഫലമാവുകയാണെന്നുകണ്ട മകന്‍ അവസാനം വിശുദ്ധ കടന്നുപോകേണ്ടിയിരുന്ന വാതിലില്‍ വിലങ്ങിക്കിടന്നു. തകര്‍ന്ന ഹൃദയത്തോടെ പുത്രനെ കടന്നാണ് വിശുദ്ധ ആശ്രമത്തിലേക്കു യാത്രയായത്.

1610 ല്‍ ആനെസിയില്‍ ആരംഭിച്ച മഠം അതിവേഗം മറ്റു പ്രദേശങ്ങളിലേക്കും പടര്‍ന്നുപന്തലിച്ചു. വിശുദ്ധ മരിക്കുമ്പോള്‍ ഈ മഠത്തിന് 86 ശാഖകളുണ്ടായിരുന്നു. ഈ കാലയളവില്‍ നിരവധി പീഡകള്‍ വിശുദ്ധയ്ക്ക് സഹിക്കേണ്ടിവന്നു. മകന്റെയും മരുമകന്റെയും മരണം, സഭാസ്ഥാപകനായ വി. ഫ്രാന്‍സിസിന്റെ മരണശേഷമുണ്ടായ ഞെരുക്കങ്ങള്‍, രോഗബാധ എല്ലാം വിശുദ്ധയെ വളരെയധികം കഷ്ടെപ്പടുത്തിയിരുന്നെങ്കിലും ജെയിന്‍ സര്‍വതും ദൈവമഹത്വത്തിനായി കാഴ്ചവച്ചു. 1641 ഡിസംബര്‍ 13-ാം തീയതി വിശുദ്ധ തന്റെ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.

വിചിന്തനം: ശിശുക്കളെപ്പോലെ സന്തോഷപൂര്‍വം സ്വയം താഴ്ത്താൻ  ലജ്ജിക്കുന്നവര്‍ക്കു ദുരിതം: എന്തെന്നാല്‍ സ്വര്‍ഗരാജ്യത്തിന്റെ എളിയ വാതില്‍ക്കല്‍ കൂടി അവര്‍ക്ക് അകത്തു പ്രവേശിക്കുക സാധ്യമല്ല.

ഇതരവിശുദ്ധര്‍ : അബ്രാ(260-342)/ അമ്മോണാരിയായും കൂട്ടരും (+250) രക്തസാക്ഷി/ അലക്‌സാണ്ടറും കൂട്ടരും (+250)/കോള്‍മല്‍ (+650)/ കൊളുമ്പാ(+548)/കൊറേന്തിയൂസ് (+490) മെത്രാന്‍ മാക്‌സെന്റിയൂസ് (+287) രക്തസാക്ഷി/ അഗാണാ(+790).

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.