ഡിസംബര്‍ 01: ചാള്‍സ് ഡി ഫോക്കോള്‍ഡ്

ഫ്രാന്‍സിലെ സ്ട്രാസ് ബുര്‍ഗാമില്‍ 1858 ലാണ് ചാള്‍സ് ജനിച്ചത്. ഭക്തയായ അമ്മയുടെ ജീവിതമാതൃക ചാള്‍സിന്റെ വിശ്വാസജീവിതത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. ചാള്‍സിന് ആറു വയസ്സുള്ളപ്പോള്‍ അമ്മ നിര്യാതയായി; അഞ്ചു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവും. മാതാപിതാക്കളുടെ മരണശേഷം ചാള്‍സും സഹോദരിയും അവരുടെ മുത്തച്ഛന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. ഈ കാലഘട്ടത്തില്‍ ചാള്‍സിന്റെ വിശ്വാസം വളരെയധികം ക്ഷയിക്കുകയും താമസിയാതെ ഒരു നിരീശ്വരന്റെ സ്ഥിതിയിലേക്ക് അധഃപതിക്കുകയും ചെയ്തു.

പഠനത്തിനുശേഷം ചാള്‍സിനെ സൈനിക സേവനത്തിനായി തിരഞ്ഞെടുത്തു. 1880 ല്‍ പട്ടാളമേധാവിയായി അള്‍ജീരിയായിലേക്കു പോയി. തോന്ന്യാസവും അധാര്‍മികതയും നിമിത്തം പട്ടാളത്തില്‍നിന്നും രാജിവച്ച് പിന്‍വാങ്ങേണ്ടിവന്നു. മൊറോക്കോയില്‍ സഞ്ചരിച്ച് യാത്രാവിവരണങ്ങളെഴുതി അവാര്‍ഡുകള്‍ നേടി. ഫ്രാന്‍സില്‍ തിരിച്ചെത്തി വീണ്ടും അധാര്‍മികജീവിതം തുടര്‍ന്നു.

ഈ കാലഘട്ടത്തിലെല്ലാം ചാള്‍സിന്റെ മാനസാന്തരത്തിനുവേണ്ടി അദ്ദേഹത്തിന്റെ സഹോദരി ഉള്ളഴിഞ്ഞു പ്രാർഥിച്ചിരുന്നു. അവളുടെ പ്രാര്‍ഥന ഫലമണിഞ്ഞു. അല്‍ജീരിയയില്‍വച്ച് ആരംഭിച്ച പ്രേമബന്ധമെല്ലാം ത്യജിച്ച് ചാള്‍സ് ഒരു ട്രാപ്പിസ്റ്റ് സന്യാസിയായി കുറേനാള്‍ ജീവിച്ചു. പിന്നീട് ഫ്രാന്‍സിസ്‌കന്‍ സന്യാസികളുടെ പക്കലെത്തി, തന്നെ ഒരു വേലക്കാരനായി സ്വീകരിക്കണമെന്നു പറഞ്ഞു. അവര്‍ അദ്ദേഹത്തെ ഒരു ക്ലാരമഠത്തിലേക്കു പറഞ്ഞയച്ചു. അവിടുത്തെ സന്യാസിനികള്‍ അദ്ദേഹത്തിനു ജോലിനല്‍കി. ചാള്‍സിന്റെ ഭക്തജീവിതം മനസ്സിലാക്കിയ മഠാധിപ ചാള്‍സിനുവേണ്ടി പ്രാര്‍ഥിക്കുകയും ഒരു വൈദികനായിത്തീരാന്‍ പ്രേരണ നല്‍കുകയും ചെയ്തു. ചാള്‍സ് ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ച് പഠനം പൂര്‍ത്തിയാക്കി.

1901 ജൂണ്‍ മാസത്തില്‍ തിരുപ്പട്ടം സ്വീകരിച്ചു. തുടര്‍ന്ന് ആഫ്രിക്കയിലേക്കു പോയി ഏകാന്തതയില്‍ താമസിച്ചു. അവിടെ അറബികളുടെ മര്‍ദനമേറ്റ അടിമകള്‍ക്കുവേണ്ടി ശുശ്രൂഷ ചെയ്തു. മരുഭൂമിയില്‍ സ്വന്തം കുടിലില്‍ പരിശുദ്ധ കുര്‍ബാന എഴുന്നള്ളിച്ചുവച്ച് നിരന്തരം പ്രാര്‍ഥനാനിരതനായിരുന്ന ചാള്‍സ് കൊള്ളക്കാരുടെ വെടിയേറ്റാണ് മരണമടഞ്ഞത്.

വിചിന്തനം: ”ഒരു ബ്ലാക്ക്‌ ബോര്‍ഡില്‍ എഴുതാന്‍ തുടങ്ങുന്നതിനുമുമ്പ് അതിലുള്ളതൊക്കെയും ആദ്യം മായ്ക്കണം. ഞാനാകുന്ന ബ്ലാക്ക് ബോര്‍ഡില്‍ എനിക്ക് മായിച്ചുകളയാന്‍ ഏറെയുണ്ടായിരുന്നു” – വി. ചാള്‍സ് ഡി. ഫോക്കോള്‍ഡ്.

ഇതരവിശുദ്ധര്‍: എലിജിയൂസ് (558-659) മെത്രാന്‍/ അജെരിതൂസ് (521-591) വെര്‍ഡൂണിലെ മെത്രാന്‍/ അനാനിയാസ് – അസീരിയായിലെ രക്തസാക്ഷി/ കാന്ത്രെസ് (അഞ്ചാം നൂറ്റാണ്ട്) മേസ്ട്രിക്ടിലെ മെത്രാന്‍/ കസ്ട്രീഷ്യന്‍ (+137) മിലാനിലെ മെത്രാന്‍/ എഡ്മണ്ട് (പതിനാറാം നൂറ്റാണ്ട്)/ അലക്‌സാണ്ടര്‍ ബ്രിയന്റ് (1556-1581) രക്തസാക്ഷി/ കോണ്‍സ്റ്റന്‍റന്‍ (+570)/ ഒളിസിയാറെഡ്‌സ് (+303)/ ഉര്‍സീനൂസ് (+347) ബേഴ്‌സ്വായിലെ മെത്രാന്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.