
ഹിറ്റ്ലറിന്റെ മതഭ്രാന്തിനിരയായ ഒരു കന്യാസ്ത്രീയാണ് വി. എഡിത്ത് സ്റ്റെയിന്. ‘കുരിശിന്റെ സിസ്റ്റര്‍ ബെനഡീക്താ’ എന്നാണ് അവള് അറിയപ്പെടുന്നത്.
കര്‍മ്മലീത്താ അംഗമായിരുന്ന എഡിത്ത്, 1891 ഒക്ടോബര്‍ 2-ന് ജര്‍മ്മനിയിലെ ബ്രെസ്ലാവില്‍ എന്ന യഹൂദ കുടുംബത്തിലാണ് ജനിച്ചത്. പഠനത്തില്‍ അതിസമര്‍ഥയായിരുന്ന എഡിത്ത്, ലോകപ്രശസ്ത തത്വചിന്തകനായ എഡ്മണ്ട് ഹുസറലിന്റെ കീഴിലാണ് ഗവേഷണം നടത്തിയിരുന്നത്. പിന്നീട് അവള് അദ്ദേഹത്തിന്റെ സഹായിയായി നിയമിതയായി. ഈ കാലഘട്ടങ്ങളിലൊന്നും അവളില്‍ ദൈവവിശ്വാസത്തിന്റെ ചെറിയൊരു ലാഞ്ചനപോലും പ്രത്യക്ഷപ്പെട്ടിരുന്നില്ല. പക്ഷേ ‘സത്യത്തെ’ അറിയാനുള്ള അടങ്ങാത്ത ദാഹം അവളില്‍ നിലനിന്നിരുന്നു.
ഒരിക്കല്‍, അവള് തന്റെ അവധിക്കാലം ചെലവിടുന്നതിനായി സുഹൃത്തായ മര്‍ത്തിയൂസ് ദമ്പതികളുടെ വീട്ടില്‍ച്ചെന്നു. അവിടെവച്ച് അവിചാരിതമായി ആവിലായിലെ വി. അമ്മത്രേസ്യായുടെ സ്വയംകൃതചരിത്രം വായിക്കാനിടയായി. അവള് ആ ചരിത്രം വേഗം വായിച്ചുതീര്‍ത്തു. പുസ്തകം മടക്കി, അവള് തന്നോടുതന്നെ ഇപ്രകാരം പറഞ്ഞു: “അവസാനം ഞാന്‍ സത്യം കണ്ടെത്തിയിരിക്കുന്നു.”
ഒരു ക്രിസ്ത്യാനിയാകാന്‍ അവള് തീരുമാനിച്ചുറച്ചു. തന്റെ ആഗ്രഹം അടുത്തദിവസം തന്നെ വികാരിയച്ചനെ അറിയിച്ചു. ജ്ഞാനസ്നാനത്തിന് ചില ഒരുക്കങ്ങള്‍ ആവശ്യമാണെന്ന് അദ്ദേഹം അവളെ ബോധ്യപ്പെടുത്തി. 1922 ജനുവരി ഒന്നാം തീയതി എഡിത്ത് വേണ്ട ഒരുക്കങ്ങളോടെ കത്തോലിക്കാവിശ്വാസം സ്വീകരിച്ചു. ഉടന്‍ തന്നെ സന്യാസജീവിതത്തിലേക്കു പ്രവേശിക്കാന്‍ ആഗ്രഹിച്ചെങ്കിലും തൽക്കാലത്തേക്ക് അത് മാറ്റിവയ്ക്കേണ്ടിവന്നു.
പിന്നീടുള്ള പത്തുവര്‍ഷം ഒരു അത്മായ എന്ന നിലയില്‍ പ്രേഷിതപ്രവര്ത്തനങ്ങളിലേര്പ്പെട്ടു. യൂറോപ്പിലുടനീളം സഞ്ചരിച്ച അവള്, ധാരാളം സെമിനാറുകള്‍ നടത്തുകയും സ്ത്രീകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തു. 1933-ല്‍ തന്റെ നീണ്ടകാലത്തെ ആഗ്രഹമനുസരിച്ച് എഡിത്ത്, കര്‍മ്മലീത്താ മഠത്തില്‍ പ്രവേശിച്ചു. ഏതാണ്ട് ഇതേ സമയത്തുതന്നെയാണ് ഹിറ്റ്ലറിന്റെ നേതൃത്വത്തിലുള്ള ഭരണകൂടം യഹൂദരെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. യഹൂദര്‍ക്കെതിരെയുള്ള നിയമം പ്രാബല്യത്തില്‍വന്നതോടെ എഡിത്തിനെ സ്വിറ്റ്സര്‍ലണ്ടിലേക്ക് അയയ്ക്കാന്‍ അധികാരികള്‍ തീരുമാനിച്ചു. പക്ഷേ, അതിന് കാലതാമസം നേരിട്ടപ്പോള്‍ അവളെ ഹോളണ്ടിലേക്ക് അയച്ചു.
എന്നാല്‍, എഡിത്തിനെ പിന്തുടര്ന്നിരുന്ന രഹസ്യപോലീസ് അവളെ അറസ്റ്റ് ചെയ്തു. 1942 ആഗസ്റ്റ് രണ്ടിനായിരുന്നു എഡിത്തിനെ അറസ്റ്റ് ചെയ്തത്. കുപ്രസിദ്ധ തടങ്കല്‍പ്പാളയമായ ഔഷ്വിറ്റ്സിലേക്കാണ് എഡിത്തിനെ അവര്‍ കൊണ്ടുപോയത്. അടുത്ത ദിവസം തന്നെ അവളെ മറ്റു തടവുകാരോടൊപ്പം ഗ്യാസ് ചേമ്പറിലേക്കു കൊണ്ടുപോയി. 1942 ആഗസ്റ്റ് ഒമ്പതിന് എഡിത്ത് സ്റ്റെയിന് തന്റെ നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു യാത്രയായി.
വിശ്വാസത്തിനുവേണ്ടി മരിച്ച ഒരു രക്തസാക്ഷി ആയിട്ടാണ് എഡിത്ത് സ്റ്റെയിനിനെ സഭ കാണുന്നത്. 1987-ല്‍ ജോണ്‍ പോള്‍ രണ്ടാമന് പാപ്പാ അവളെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 1998 ഒക്ടോബര്‍ 11-ാം തീയതി എഡിത്ത് സ്റ്റെയിനെ വിശുദ്ധയായി നാമകരണം ചെയ്തു.
വിചിന്തനം: ”ഞാന്‍ മുഴുവനും മറ്റുള്ളവര്‍ക്കായി എരിഞ്ഞുതീരേണ്ട ബലിവസ്തു ആയിത്തീരണം”
ഫാ. ജെ. കൊച്ചുവീട്ടില്‍