
ഡൊമിനികന്‍ സഭാസ്ഥാപകനായ വി. ഡൊമിനിക് 1170-ല്‍ സ്പെയിനിലെ കാസ്റ്റീന്‍ എന്ന പ്രദേശത്ത് ജനിച്ചു. പ്രഭുകുമാരനായിരുന്ന ഇദ്ദേഹത്തിന് അന്നത്തെ നിലയിലുള്ള ഉന്നതവിദ്യാഭ്യാസം ലഭിച്ചു. ബാല്യം മുതല്‍ തന്നെ വിശുദ്ധജീവിതം നയിച്ച ഡൊമിനിക്, ദരിദ്രരോടും അഗതികളോടും പ്രത്യേക അനുകമ്പ പ്രകടിപ്പിച്ചിരുന്നു. മൂര്‍ വര്‍ഗക്കാരാല്‍ ബന്ധനസ്ഥരാക്കപ്പെട്ടിരുന്ന അടിമകളെ മോചിപ്പിക്കുന്നതിനായി രണ്ടുപ്രാവശ്യം അടിമത്വം സ്വീകരിക്കാന്‍പോലും അദ്ദേഹം തയാറായി.
1195-ല്‍, തന്റെ ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ ഡൊമിനിക് വൈദികനായി. അതിനുശേഷം കൂടുതല്‍ തപശ്ചര്യകളോടുകൂടിയ ഒരു ജീവിതം നയിക്കുന്നതിനായി അദ്ദേഹം ഓസ്മായിലെ അഗസ്തീനിയന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. ഒമ്പതുവര്‍ഷത്തോളം അദ്ദേഹം അവിടെ താമസിച്ചു.
കത്തോലിക്കാ സഭ ‘പാഷണ്ഡത’ എന്ന വലിയ ഭീഷണി നേരിട്ടുകൊണ്ടിരുന്ന കാലമായിരുന്നു അത്. ഫ്രാന്‍സിലൂടെ യാത്രചെയ്ത അദ്ദേഹം പാഷണ്ഡത വരുത്തിക്കൂട്ടിയ വിനാശങ്ങള്‍ നേരിട്ടുകാണാനിടയായി. അതിനാല്‍ പാഷണ്ഡതയ്ക്കെതിരെ പോരാടുന്നതിനും സത്യവിശ്വാസം പ്രസംഗിക്കുന്നതിനുമായി ഒരു സഭ സ്ഥാപിക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ അദ്ദേഹം മൂന്നു സഭകള്‍ സ്ഥാപിച്ചു. പെണ്‍കുട്ടികള്‍ക്കുള്ളതായിരുന്നു അദ്ദേഹം സ്ഥാപിച്ച ആദ്യത്തെ സഭ. അക്കാലത്ത് വിശുദ്ധനോടൊപ്പം ചേര്‍ന്നുപ്രവര്‍ത്തിക്കാന്‍ ചില യുവാക്കള്‍ തയാറായി. അവരെയെല്ലാം ചേര്‍ത്ത് അദ്ദേഹം ഒരു സഭ കൂടി തുടങ്ങി. അവസാനമായി അത്മായര്‍ക്കായി മറ്റൊരു സഭ കൂടി ഡൊമിനിക് സ്ഥാപിച്ചു.
സത്യവിശ്വാസം പ്രചരിപ്പിക്കുന്നതിനായി ഇവര്‍ ആരംഭിച്ച വിദ്യാഭ്യാസകേന്ദ്രങ്ങള്‍ അതിവേഗം എല്ലായിടത്തും വ്യാപിച്ചു. മഹാനായ ആല്‍ബര്‍ട്ട്, പണ്ഡിതനായ വി. തോമസ് അക്വീനാസ് എന്നീ വിശ്വപ്രശസ്ത ദൈവശാസ്ത്രജ്ഞന്മാര് ഈ സഭയുടെ അംഗങ്ങളായിരുന്നു. ഡൊമിനിക്കന്‍ സഭക്കാരെയാണ് മാര്‍പാപ്പാ പാഷാണ്ഡതയെ സംബന്ധിച്ചുള്ള നീതിന്യായവിചാരണ നടത്താന്‍ ഭരമേല്പിച്ചിരുന്നത്.
വിശുദ്ധനിലൂടെ ദൈവം ചെയ്ത അനേകം അത്ഭുതങ്ങള്‍ അനേകരെ അദ്ദേഹത്തിലേക്ക് ആകര്‍ഷിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ വിസ്മയാവഹമായ ജീവിതവിശുദ്ധിയും സ്ഥിരമായ പ്രശാന്തതയും ഉഗ്രമായ തപശ്ചര്യയുമാണ് ആത്മാക്കളെ നേടുന്ന ജോലിയില്‍ അദ്ദേഹത്തിന് കൂടുതല്‍ ഉപകാരപ്രദമായത്.
നിരവധി പരീക്ഷണഘട്ടങ്ങളെയും പ്രയാസങ്ങളെയും തരണം ചെയ്തുകൊണ്ട് ഫ്രാന്‍സില്‍ പത്തുവര്‍ഷക്കാലം ഡൊമിനിക് സത്യവിശ്വാസം പ്രചരിപ്പിച്ചു. ആരുടെ മാനസാന്തരത്തിനുവേണ്ടിയാണോ അദ്ദേഹം വിശ്രമമില്ലാതെ പരിശ്രമിച്ചത് അവരില്‍ നിന്നുതന്നെ അദ്ദേഹത്തിന് നിരവധിയായ പീഡനങ്ങളും അവഹേളനങ്ങളും ഏൽക്കേണ്ടതായിവന്നു. എങ്കിലും അതൊന്നും അദ്ദേഹത്തെ നഷ്ടധൈര്യനാക്കിയില്ല. താന്‍ സ്ഥാപിച്ച സഭ അതിന്റെ ലക്ഷ്യം നിറവേറ്റിക്കൊണ്ട് സ്പെയിന്, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, ഇംഗ്ലണ്ട് മുതലായ രാജ്യങ്ങളില്‍ വ്യാപിക്കുന്നത് സ്വജീവിതകാലത്തുതന്നെ കാണാനുള്ള ഭാഗ്യം അദ്ദേഹത്തിനു സിദ്ധിച്ചു.
1221 ആഗസ്റ്റ് ആറാം തീയതി തന്റെ 51-ാമത്തെ വയസ്സില്‍ വിശുദ്ധന് ഈ ലോകത്തോട് വിടവാങ്ങി. മരിച്ച് പതിമൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഒമ്പതാം ഗ്രിഗോറിയോസ് പാപ്പാ അദ്ദേഹത്തെ വിശുദ്ധൻ എന്ന് നാമകരണം ചെയ്തു.
വിശുദ്ധ ആള്ട്മാന്
ആള്ട്മാന് 1020-ല്‍ ജര്‍മ്മനിയിലെ പാദര്‍ ബോണില്‍ ജനിച്ചു. പാരീസിലെ ഉന്നതവിദ്യാപീഠങ്ങളില് നിന്നും വേദശാസ്ത്രങ്ങളില്‍ ബിരുദം നേടിയതിനുശേഷം വൈദികനായി. അനന്തരം പാദര്ബോണിലെ ഭദ്രാസന ദേവാലയത്തോടു ചേര്‍ന്ന മഹാവിദ്യാലയത്തില്‍ അധ്യാപകനായും ആച്ചെനിലെ സന്യാസ സമൂഹത്തിന്റെ അധിപനായും ഹെൻറി മൂന്നാമന് ചക്രവര്‍ത്തിയുടെയും ആഗ്നസ് ചക്രവര്‍ത്തിനിയുടെയും ആധ്യാത്മികോപദേഷ്ടാവായും സേവനം അനുഷ്ഠിച്ചു. പിന്നീട്, ആള്ട്മാന് പാസ്സാവ് രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1091-ല്‍ അദ്ദേഹം മരണം പ്രാപിച്ചു.
വിചിന്തനം: ”ദൈവതിരുമനസ്സ് നിന്നില്‍ പൂര്‍ണ്ണമായി നിറവേറ്റാന്‍ സദാ ആശിക്കുകയും പ്രാർഥിക്കുകയും ചെയ്യുക.”
ഫാ. ജെ. കൊച്ചുവീട്ടില്‍