
റോമായിലെ ഫ്രോസിനോണ്‍ എന്ന സ്ഥലത്ത് ഹൊര്മിദാസ് ജനിച്ചു. 514 ജൂലൈ 20-ന് പാപ്പാസ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പാപ്പായുടെ ഭരണവാഴ്ചക്കാലത്താണ് വി. ബനഡിക്ട്, ബനഡിക്റ്റൈന്‍ സന്യാസ സമൂഹം സ്ഥാപിച്ചത്.
മെത്രാസന് അധികാരാതിര്‍ത്തി യാതൊരു കാരണവശാലും വിശേഷാവകാശങ്ങള്ക്കുവേണ്ടി വിട്ടുകൊടുക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. റോമന്‍ പ്രഭുവംശജനായിരുന്ന ഇദ്ദേഹത്തിന്റെ വിശിഷ്ടമായ വ്യക്തിത്വവും പ്രവര്‍ത്തനശൈലിയും നയതന്ത്രജ്ഞതയും പ്രശസ്തമായ ശീശ്മകളെ പിന്താങ്ങിയുമിരുന്ന പല മെത്രാന്മാരെയും നേര്‍വഴിക്ക് കൊണ്ടുവരാനിടയാക്കി. തന്റെ മുന്‍ഗാമികളുടെ നടപടിക്രമങ്ങള്‍ അദ്ദേഹം പിന്തുടരുകയും ചെയ്തു.
തെയൊഡൊറിക് രാജാവുമായും ബൈസന്റിയന് ചക്രവര്‍ത്തി അനസ്താസിയൂസുമായും പാപ്പാ സൗഹൃദത്തില്‍ കഴിഞ്ഞു. ഒരു പ്രതിനിധിസംഘത്തെ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അയച്ചു. അനസ്താസിയൂസ് ചക്രവര്‍ത്തിയുടെ സുഹൃദ്ബന്ധം നയതന്ത്രപരമായിരുന്നു. അനസ്താസിയൂസിന്റെ പിന്‍ഗാമിയായി വന്ന ജസ്റ്റിന് ചക്രവര്‍ത്തിയുമായി കൂടുതല്‍ സുഹൃദ്ബന്ധം സ്ഥാപിക്കാന്‍ പാപ്പായ്ക്ക് സാധിച്ചു. സഭകളുടെ സ്നേഹനിര്‍ഭരവും തത്വാധിഷ്ഠവുമായ പുനഃസമാഗമത്തിനു അത് വഴിതെളിച്ചു. അങ്ങനെ 519-ലെ പെസഹാദിവസം റോമാസഭയും ഗ്രീക്ക് സഭയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പശ്ചാത്തലത്തില്‍ പുനരൈക്യം ആഘോഷപൂര്‍വം കൊണ്ടാടി. ഇതിലേഏറെ സന്തോഷവും സംതൃപ്തിയും അനുഭവിച്ച പാപ്പാ 523-ല്‍ മരണമടഞ്ഞു.
വിശുദ്ധ സിക്സ്റ്റസ് രണ്ടാമന് (257-258)
സഭാനേതൃത്വം ആര് ഏറ്റെടുത്താലും വധിക്കപ്പെടുമെന്ന സന്ദര്‍ഭത്തിലാണ് വി. സിക്സ്റ്റസിനെ പാപ്പാ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നത്. മരണം മുന്നില്‍ കണ്ടുകൊണ്ടുതന്നെ അദ്ദേഹം ധൈര്യപൂര്‍വം സ്ഥാനമേറ്റു. ഗ്രീക്കുകാരനായ ഇദ്ദേഹം 257 ആഗസ്റ്റ് 30-ന് പാപ്പായായി തിരഞ്ഞെടുക്കപ്പെട്ടു. വിശുദ്ധരായ പത്രോസ്- പൗലോസ് എന്നിവരുടെ ഭൗതികാവശിഷ്ടങ്ങളുടെ പുനഃപ്രതിഷ്ഠയും പാപ്പ നടത്തി.
അദ്ദേഹത്തില്‍ വിളങ്ങിയിരുന്ന വിനയംമൂലം പാപ്പാമാരായിരുന്ന കൊര്‍ണേലിയൂസ്, ലൂസിയൂസ്, സ്റ്റീഫന്‍ എന്നിവരുടെ കാലത്ത് ഉടലെടുത്തിരുന്ന തര്‍ക്കങ്ങള്‍ക്ക് വിട്ടുവീഴ്ചയിലൂടെ പരിഹാരമുണ്ടാക്കി. 258 ആഗസ്റ്റ് 6-ന് പാപ്പാ രക്തസാക്ഷിയായി.
വിചിന്തനം: ”ഭൂമിയെ പ്രകാശിപ്പിക്കാന്‍ അങ്ങേ പ്രകാശവും സത്യവും അയയ്ക്കേണമേ. അങ്ങ് എന്നെ പ്രകാശിപ്പിക്കുന്നതുവരെ ഞാന്‍ ശൂന്യവും വ്യര്‍ഥവുമായ ഭൂമിയായിരിക്കും.”
ഫാ. ജെ. കൊച്ചുവീട്ടില്‍