
നോര്ത്താംബ്രിയായിലെ ഐഥേല്ഫ്രിഡ് രാജാവിന്റെ മകനായ ഓസ്വാള്‍ഡ് 604 -ലാണ് ജനിച്ചത്. 617-ല്‍ ശത്രുസൈന്യത്തിന്റെ ആക്രമണത്തില്‍ അദ്ദേഹത്തിന്റെ പിതാവ് കൊല്ലപ്പെടുകയും രാജ്യം നഷ്ടമാവുകയും ചെയ്തു. അതോടെ ഓസ്വാള്‍ഡ് സ്കോട്ലണ്ടില്‍ അഭയം പ്രാപിച്ചു. അവിടെ വച്ച് അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ പിതാവിന്റെ രാജ്യം വീണ്ടെടുക്കുന്നതിനായുള്ള ശ്രമങ്ങള്‍ അദ്ദേഹം ഊര്‍ജ്ജിതമാക്കി. യുദ്ധത്തിനായി വലിയൊരു സൈന്യത്തെത്തന്നെ അദ്ദേഹം സജ്ജമാക്കി. യുദ്ധത്തിന്റെ തലേദിവസം ഓസ്വാള്‍ഡ് ഒരു വലിയ മരക്കുരിശ് സൈന്യത്തിന്റെ മുമ്പാകെ നാട്ടി മുട്ടുകുത്തി പ്രാർഥിച്ചു. ആ രാത്രി വി. കൊളുമ്പാ അദ്ദേഹത്തിനു പ്രത്യക്ഷപ്പെടുകയും അടുത്തദിവസത്തെ യുദ്ധത്തില്‍ വിജയം സുനിശ്ചിതമായിരിക്കുമെന്നും നഷ്ടമായ രാജ്യം തിരിച്ചുകിട്ടുമെന്നും അറിയിച്ചു.
അടുത്തദിവസം നടന്ന യുദ്ധത്തില്‍ അതിശക്തരായിരുന്ന എതിര്‍സൈന്യത്തെ പരാജയപ്പെടുത്തി ഓസ്വാള്‍ഡ് തന്റെ രാജ്യം തിരിച്ചുപിടിച്ചു. രാജാവായ ഓസ്വാള്‍ഡ് ഏറ്റവും കൂടുതല്‍ ആഗ്രഹിച്ചത് തന്റെ പ്രജകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു. അതിനായി രാജാവ് സ്കോട്ട്ലണ്ടില്‍ നിന്നും വി. അയിഡാന്റെ നേതൃത്വത്തിലുള്ള സന്യാസികളെ സുവിശേഷപ്രസംഗത്തിനായി വരുത്തി. അവരോടൊരുമിച്ച് രാജാവും ഗ്രാമങ്ങള്‍തോറും ചുറ്റിനടന്ന് സുവിശേഷം പ്രസംഗിക്കുകയും ജനങ്ങളെ കത്തോലിക്കാ സഭയിലേക്ക് ആനയിക്കുകയും ചെയ്തു. അവരുടെ വിശ്വാസത്തോടും തീക്ഷ്ണതയോടും കൂടിയുള്ള പ്രയത്നങ്ങളുടെയും പ്രാര്‍ഥനകളുടെയും ഫലമായി നോര്ത്താബ്രിയാ ഒരു ക്രൈസ്തവരാജ്യമായി മാറി.
സന്യാസികളോടു ചേര്‍ന്ന് കാനോനാ ജപങ്ങള്‍ ചെല്ലുന്നതില്‍ വി. ഓസ്വാള്‍ഡ് വളരെയധികം താല്പര്യം പ്രകടിപ്പിച്ചിരുന്നു. മാത്രമല്ല, രാത്രിയുടെ ഏറെ ഭാഗവും ഇദ്ദേഹം പ്രാര്‍ഥനയിലാണ് ചെലവഴിച്ചിരുന്നത്. അതേസമയം, തന്റെ പ്രജകളുടെ എല്ലാവിധ ആവശ്യങ്ങളും കണ്ടറിഞ്ഞ് സ്നേഹത്തോടെ ചെയ്തുകൊടുക്കുന്നതിന് അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനാല്‍ ജനങ്ങള്‍, തങ്ങളുടെ രാജാവിനെ അത്യധികം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നു. ദരിദ്രരെയും രോഗികളെയും സംരക്ഷിച്ചിരുന്ന ഓസ്വാള്‍ഡ് പലപ്പോഴും സ്വഭക്ഷണംപോലും അവര്‍ക്കായി വീതിച്ചുകൊടുത്തിരുന്നു.
642 ആഗസ്റ്റ് അഞ്ചാം തീയതി അപരിഷ്കൃതനും ക്രൂരനുമായ പെന്റാ എന്ന രാജാവുമായി നടന്ന യുദ്ധത്തില്‍ ഓസ്വാള്‍ഡ് കൊല്ലപ്പെട്ടു.
വിശുദ്ധ എമീദിയൂസ്
ജര്‍മ്മനിയില്‍ ജനിച്ച എമീദിയൂസ്, മാര്‍സെലസ് ഒന്നാമന് മാര്‍പാപ്പയുടെ കാലത്താണ് ക്രിസ്തുവിശ്വാസം സ്വീകരിച്ചത്. പിന്നീട് അദ്ദേഹം വൈദികനാവുകയും തുടര്‍ന്ന് മെത്രാന്‍പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയും ചെയ്തു. അനന്തരം സുവിശേഷപ്രവര്‍ത്തനങ്ങള്‍ക്കായി അസ്കോളിയിലേക്ക് അയക്കപ്പെട്ടു. അവിടെ എമീദിയൂസ് തന്റെ പ്രവര്‍ത്തനരംഗങ്ങളില്‍ സമൃദ്ധമായ ഫലങ്ങളുളവാക്കി. ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്ത് യൂപ്പൊളൂസ്, ജര്‍മ്മാനൂസ്, വാലെന്റീനൂസ് എന്നീ വിശുദ്ധരോടൊപ്പം രക്തസാക്ഷിത്വം വരിച്ചു.
വിചിന്തനം: ”ദൈവമേ, എല്ലാ അനുഗ്രഹങ്ങളും അങ്ങില്‍നിന്നു വരുന്നു. അതിനാല്‍ സകലത്തിലും അങ്ങ് സ്തുതിക്കപ്പെടേണ്ടവനാകുന്നു.”
ഫാ. ജെ. കൊച്ചുവീട്ടില്‍