
ബൗദ്ധികശേഷിക്കുറവിന്റെ പേരില്‍ പലകുറി പൗരോഹിത്യപദവിയില്‍ നിന്നും അകറ്റിനിര്‍ത്തപ്പെടുകയും അവസാനം സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം തിരുപ്പട്ടം ലഭിക്കുകയും ചെയ്ത വിനീതനായ ഫ്രഞ്ച് വൈദികനാണ് ജോണ്‍ മരിയ വിയാനി. എന്നാല്‍, ഈ വൈദികന് ജീവിതകാലത്തുതന്നെ ദൈവികജ്ഞാനത്തിന്റെ നിറകുടമായി. പ്രഭുക്കന്മാരും മെത്രാന്മാരും പണ്ഡിതരുമെല്ലാം വിയാനിയച്ചന്റെ ഉപദേശം തേടിയെത്തി. തന്നെ സമീപിച്ചവര്‍ക്കെല്ലാം യേശുവിന്റെ സാന്ത്വനം പകര്‍ന്നുകൊടുത്ത അദ്ദേഹം ജീവിതകാലത്തുതന്നെ വിശുദ്ധനായി പരിഗണിക്കപ്പെട്ടിരുന്നു. സാര്‍വത്രികസഭ വി. വിയാനിയെ ഇടവക വൈദികരുടെ മധ്യസ്ഥനായി വണങ്ങുന്നു.
1786-ല്‍ ഫ്രാന്‍സിലെ ഒരു ചെറിയ ഗ്രാമമായ ഡാര്ഡില്ലായില് ഒരു പാവപ്പെട്ട കര്‍ഷക കുടുംബത്തിലായിരുന്നു ജോണ്‍ മരിയ വിയാനിയുടെ ജനനം. മാത്യു വിയാനിയായിരുന്നു അപ്പന്; അമ്മയുടെ പേര് മരിയ. ഇരുപതു വയസ്സുവരെ ഔപചാരികമായ പഠനത്തിനൊന്നും ജോണ്‍ മുതിര്‍ന്നില്ല. ഇരുപതാം വയസ്സില്‍ ആബെ ബയ്ലിയുടെ സ്കൂളില്‍ ചേര്‍ന്നു. എന്നാല്‍, ലത്തീന്‍ പഠനം അദ്ദേഹത്തിന് വളരെ ദുഃസ്സഹമായിരുന്നു. നെപ്പോളിയന്റെ, നിര്‍ബന്ധിത സൈനികസേവനകാലത്ത് പട്ടാളത്തില്‍ ചേരേണ്ടിവന്നു. അവിടെനിന്ന് അനാരോഗ്യംമൂലം ഒളിച്ചുപോന്ന ജോണ്‍, ഒരുവര്‍ഷം നോവെയില്‍ കുട്ടികളെ പഠിപ്പിച്ചു. 1810-ല്‍ ജോണ്‍ തന്റെ കുടുംബാവകാശം സഹോദരന് ഫ്രാന്‍സിസിനു നല്കി. ജോണിനുപകരം സൈനികസേവനത്തിനു പോകാന്‍ ഫ്രാന്‍സിസ് തയാറായി.
ആബെ ബെയ്ലിയുടെ സ്കൂളില്‍ കുറേനാള്‍ കൂടി പഠിച്ചശേഷം 1813-ല്‍ ജോണ്‍ സെമിനാരിയില്‍ ചേര്‍ന്നു. സെമിനാരിയിലെ ജോണിന്റെ പഠനനിലവാരം വളരെ മോശമായിരുന്നു. ഇക്കാര്യം അധികൃതര്‍ രൂപതാധികൃതരെ അറിയിച്ചു; ഒപ്പം ജോണിന്റെ സ്വഭാവവൈശിഷ്ട്യത്തെക്കുറിച്ചും അവര്‍ അറിയിച്ചു. ലിയോണ്‍സ് രൂപതയില്‍ അന്ന് മെത്രാനുണ്ടായിരുന്നില്ല. വികാരി ജനറാല്‍ മോണ്‍. കര്ബനായിരുന്നു ഭരണം. വികാരി ജനറാള്‍ ചോദിച്ചു: “ശെമ്മാശന് ഭക്തിപൂര്‍വം കൊന്ത ചൊല്ലാനറിയുമോ?” റെക്ടര്‍ പറഞ്ഞു: “സെമിനാരിക്കാരില്‍ ഏറ്റവും ഭക്തനാണ് ജോണ്‍.” അക്കാരണം കൊണ്ടുതന്നെ ജോണിന് പട്ടം നല്കാന് ജനറാളച്ചന് തീരുമാനിച്ചു. 1815 ആഗസ്റ്റ് 13-ന് ജോണ്‍ അഭിഷിക്തനായി.
ജോണച്ചനെ ഒറ്റക്ക് ഒരു ഇടവക ഏല്പിക്കാന് അധികൃതര്‍ക്ക് ധൈര്യം വന്നില്ല. തന്മൂലം ഫാ. ബെയ്ലി എന്ന പുണ്യവൈദികനോടൊപ്പം പഠനം തുടരാനും ശുശ്രൂഷ നടത്താനുമായി നിയോഗിച്ചു. എക്കള്ളി എന്ന ഗ്രാമത്തിലായിരുന്നു ഈ നിയോഗം. രണ്ടുവര്‍ഷം കഴിഞ്ഞ് ബെയ്ലിയച്ചന് മരിച്ചപ്പോള്‍ വിയാനിയച്ചന് ആര്‍സ് ഇടവക ലഭിച്ചു. ഡാന്‍സും മദ്യവും മേളവുമായിരുന്നു ആര്‍സിന്റെ അക്കാലത്തെ ജീവിതശൈലി. കുമ്പസാരമോ, കുര്‍ബാനയോ ഒന്നും അവര്‍ക്കുണ്ടായിരുന്നില്ല. താപസജീവിതമാണ് വിയാനിയച്ചന് അവിടെ നയിച്ചത്. കിടക്കാന്‍ പരുക്കന്‍ കട്ടില്, ഭക്ഷണം പുഴുങ്ങിയ ഉരുളക്കിഴങ്ങും പച്ചവെള്ളവും. സാവകാശം ആര്‍സ്, ഫ്രാന്‍സിലെ അനുതാപകേന്ദ്രമായി. 20 വര്‍ഷം കൊണ്ട് 20 ലക്ഷം പേര് ആര്സിലെത്തി കുമ്പസാരിച്ചു. തണുപ്പുകാലത്ത് 12 മണിക്കൂറും മറ്റു കാലങ്ങളില്‍ 18 മണിക്കൂറും വിയാനിയച്ചന് കുമ്പസാരക്കൂട്ടിലുണ്ടായിരുന്നു.
ആര്‍സിലെ മാനസാന്തരങ്ങള്‍ കണ്ട് പിശാച് അച്ചനെ കടന്നാക്രമിച്ചു. അച്ചന്റെ കട്ടിലിനു തീ വച്ചു. അച്ചന്റെ ജനസമ്മതിയില്‍ അസൂയ പൂണ്ടവര്‍ സന്മാര്‍ഗ്ഗശാസ്ത്രം പഠിക്കാത്ത കപടഭക്തനാണ് വിയാനിയച്ചനെന്ന് മെത്രാന്റെ പക്കല്‍ പരാതിപ്പെട്ടു. മെത്രാന് അന്വേഷണം നടത്തി. പരാതികള്‍ ശരിയല്ലെന്നു കണ്ടു.
പഠനത്തില്‍ സമര്‍ഥനല്ലായിരുന്നു വിയാനിയച്ചനെങ്കിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ഉപദേശങ്ങളും ഹൃദ്യവും ആഴമുള്ളതുമായിരുന്നു. അക്കാലത്തെ പ്രശസ്ത ഫ്രഞ്ച് പ്രസംഗകനായ ലകോദറര് ഡയര്‍ എഴുതിയത്, വിയാനിയച്ചന്റെ വാക്കുകള്‍ ഈശോയുടേതായിരുന്നുവെന്നാണ്. രോഗശാന്തിവരം, കുമ്പസാരക്കൂട്ടില്‍ നില്ക്കുന്നവന്റെ മനസ്സ് വായിക്കാനുള്ള വരം എന്നിവ നല്കി അച്ചനെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചു. പാപികളുടെ മനസ്സ് വായിക്കാനുള്ള വരമാണ് അച്ചനെ വിശ്വപ്രസിദ്ധനാക്കിയത്. അച്ചനോട് കുമ്പസാരിക്കാന്‍ ആയിരങ്ങളെത്തി. ഫ്രഞ്ച് ഗവണ്മെന്റ് അദ്ദേഹത്തിന് മാടമ്പിസ്ഥാനം നല്കി ആദരിച്ചു. 1859 ആഗസ്റ്റ് 14-ന് വിയാനിയച്ചന് മരിച്ചു.
വിചിന്തനം: ”ലോകത്തിലെ എല്ലാ നന്മ പ്രവൃത്തികളും ഒന്നിച്ചെടുത്താലും ഒരൊറ്റ വിശുദ്ധ കുര്‍ബാനക്കുള്ള വില അതിനില്ല. എന്തെന്നാല്‍, അത് മനുഷ്യരുടെ പ്രവൃത്തിയും വിശുദ്ധ കുര്‍ബാന ദൈവത്തിന്റെ കരവേലയുമാണ്” – വി.മരിയ വിയാനി.
ഫാ. ജെ. കൊച്ചുവീട്ടില്‍