തികച്ചും സാധാരണവും ലളിതവുമായ ജീവിതം നയിച്ചു വിശുദ്ധിയുടെ പടവുകള്‍ കീഴടക്കിയ സുകൃതിനിയാണ് എവുപ്രസ്യാമ്മ. കേരളത്തില്‍ തൃശൂര്‍ജില്ലയിലെ എടത്തുരുത്തിയില്‍ എലുവത്തിങ്കല്‍ അന്തോനിയുടെയും കുഞ്ഞേത്തിയുടെയും ഒമ്പതുമക്കളില്‍ മൂത്തപുത്രിയായി 1877 ഒക്ടോബര്‍ 17-ാം തീയതി എവുപ്രാസ്യാ ജനിച്ചു.
എട്ടാംദിവസം ശിശുവിന് ജ്ഞാനസ്നാനം നല്കപ്പെട്ടു. റോസ എന്നായിരുന്നു ജ്ഞാനസ്നാന നാമധേയം. കുട്ടി വീട്ടില്‍വച്ചുതന്നെ എഴുത്തും വായനയും അഭ്യസിച്ചു.
പിന്നീട് സ്കൂള്വിദ്യാഭ്യാസത്തിനായി മാതാപിതാക്കള്‍ പുത്രിയെ കൂനമ്മാവു മഠത്തിലേക്ക് അയച്ചു. ബോര്ഡിംഗിലായിരിക്കേ 1889-ല്‍ റോസയ്ക്ക് കഠിനമായ വാതരോഗം പിടിപ്പെട്ടു. ചികിത്സകള്‍കൊണ്ടു പ്രയോജനമൊന്നും ഉണ്ടായില്ല. അതിനാല്‍ അവള്‍ക്ക് രോഗീലേപനം നല്കി. പെട്ടെന്ന് അപ്രതീക്ഷിതമായി രോഗിയുടെ മുഖം പ്രസന്നമാവുകയും കിടക്കയില്‍ എഴുന്നേറ്റിരിക്കുകയും ചെയ്തു.
എന്താണു സംഭവിച്ചതെന്നറിയാന്‍ കന്യാസ്ത്രീകള്‍ ചുറ്റുംകൂടി. അവള് പുഞ്ചിരിതൂകുക മാത്രം ചെയ്തു. എന്നാല്‍ തിരുക്കുടുംബം തനിക്കു ദര്‍ശനം നല്‍കിയതായും താന്‍ കന്യാസ്ത്രീയായി ദീര്‍ഘകാലം ജീവിച്ചിരിക്കുമെന്നും പറഞ്ഞതായും മഠാധിപയ്ക്കു വെളിപ്പെടുത്തി.
1897 മെയ് 10-ാം തീയതി, തൃശൂര്‍ മെത്രാന് മാര്‍ ജോണ്‍ മേനാച്ചേരി, റോസ ഉള്‍പ്പെടെ ഒന്‍പത് അര്‍ത്ഥിനികള്‍ക്കു ശിരോവസ്ത്രം നല്കി.
റോസ, എവുപ്രാസ്യാ എന്ന നാമധേയം സ്വീകരിച്ചു. 1898 ജനുവരി 10-ാം തീയതി മേനാച്ചേരി മെത്രാനില്‍നിന്നും മറ്റു പതിനൊന്ന് അര്‍ത്ഥിനികളോടൊപ്പം എവുപ്രാസ്യാ സഭാവസ്ത്രം ഏറ്റുവാങ്ങി.
ഭക്തിചൈതന്യവും സേവനതത്പരതയും കൊണ്ട് എവുപ്രാസ്യയെ അധികാരികള്‍ നവസന്ന്യാസിനികളുടെ ഗുരുനാഥയെ സഹായിക്കുവാനും രോഗിണികളായ സഹോദരിമാരെ ശുശ്രൂഷിക്കുവാനും നിയോഗിച്ചു. അധികാരികള്‍ തനിക്കു നല്കിയ നിര്‍ദ്ദേശങ്ങളിലൂടെ എവുപ്രാസ്യാ സദാ ദൈവനിയോഗം അറിഞ്ഞ് അനുവര്‍ത്തിക്കുകയാണു ചെയ്തിരുന്നത്. 1904 ല്‍ നവസന്ന്യാസിനികളുടെ മുഖ്യഗുരുനാഥയായി നിയമിക്കപ്പെട്ടു.
1913 ല്‍ മെത്രാന് എവുപ്രാസ്യായെ ഒല്ലൂര്‍ മഠത്തിന്റെ അധിപയായി നിയമിച്ചു. ഭാരമേറിയ ആ ജോലിയില്‍നിന്നും തന്നെ ഒഴിവാക്കണമെന്ന് എവുപ്രാസ്യാ വിനയപൂര്‍വ്വം അപേക്ഷിച്ചുവെങ്കിലും മെത്രാന് സമ്മതിച്ചില്ല. അതിനാല്‍ ഈശ്വരഹിതത്തിനു വഴങ്ങി ചുമതല ഏറ്റെടുത്തു.
ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെ ഉണ്ടായിരുന്നിട്ടും എല്ലാ കാര്യങ്ങളിലും എവുപ്രാസ്യാ സകലര്‍ക്കും മാതൃകയായി വിളങ്ങിയിരുന്നു.
ഏറെനാള്‍ കഴിയുന്നതിനുമുമ്പ് വാതരോഗവും അതിനോടു ബന്ധപ്പെട്ട മറ്റ് അസ്വസ്ഥതകളും വീണ്ടും എവുപ്രാസ്യായെ പിടികൂടി. അതിനാല്‍ 1916 ല്‍ അമ്മ മഠാധിപപദത്തില്നിന്നും വിമുക്തയായി. അതിനുശേഷം സദാ പ്രാര്ത്ഥനാനിരതയായിക്കഴിഞ്ഞു.
രോഗിയായിരുന്നിട്ടും മഠത്തിലെ മുറികള്‍ വൃത്തിയാക്കുവാനും മറ്റും ഉത്സുകയായിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതില്‍ യാതൊരു അലംഭാവവും പ്രദര്‍ശിപ്പിച്ചിരുന്നില്ല. 1928 ല്‍ അമ്മ അമ്പഴക്കാടുമഠത്തിലേക്കു സ്ഥലം മാറി. ഏകദേശം രണ്ടരവര്‍ഷം അവിടെ ജീവിച്ചു. ആ മഠത്തില്‍ രോഗിണികളായ സഹോദരിമാരെ ശുശ്രൂഷിക്കുന്നതില്‍ അമ്മ ശ്രദ്ധപുലര്‍ത്തി.
1950 ല്‍ ഒല്ലൂര്‍ മഠത്തിന്റെയും എവുപ്രാസ്യായുടെ വ്രതാനുഷ്ഠാനത്തിന്റെയും സുവര്‍ണ്ണ ജൂബിലി ആഘോഷപൂര്‍വ്വം നടത്തപ്പെട്ടു. 1952 ആഗസ്റ്റ് 29-ാം തീയതി അമ്മ നിത്യസമ്മാനത്തിനായി സ്വര്‍ഗ്ഗത്തിലേക്കു യാത്രയായി. 2015 നവംബര്‍ 23 ന് ഫ്രാന്‍സീസ് മാര്‍പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.
വിചിന്തനം: ”ദൈവത്തിനു സ്വയം സമര്പ്പിച്ചിരിക്കുന്നവനേപ്പോലെ നമ്മുടെ എല്ലാ പ്രവൃത്തികളും ചെയ്യുക.”
ഇതരവിശുദ്ധര്‍: സബീന രക്തസാക്ഷി/ അഡല്ഫുസ് (അഞ്ചാം നൂറ്റാണ്ട്) മെത്രാന്/ ക്യാന്ഡിസ രക്തസാക്ഷി/ യുത്തിമിയൂസ് (നാലാം നൂറ്റാണ്ട്)/ മൊവറിക്കൂസ് (+700) ആബട്ട്/ ബാസില്ല രക്തസാക്ഷി/ സെബ്ബി (+694)/ എഡ്വ്വോള്ഡ് (ഒമ്പതാം നൂറ്റാണ്ട്)/ ഹൈപ്പാത്തിയൂസ്, ആന്‍ഡ്യൂ (+735) രക്തസാക്ഷികള്‍/ നിഖ്യാസ്, പോള്‍.