
റിഡംപ്റ്റിസ്റ്റ് സഭയുടെ സ്ഥാപകനും ദൈവശാസ്ത്രജ്ഞന്മാരുടെ മധ്യസ്ഥനുമായ വി. അല്‍ഫോന്‍സ് ലിഗോരി ഉന്നതവംശജരായ മാതാപിതാക്കളില്‍ നിന്നും 1696-ല്‍ ജാതനായി. ബാല്യം മുതല്‍ക്കെ ക്രിസ്തീയഭക്തിയില്‍ വളര്‍ന്നുവന്ന അല്‍ഫോന്‍സ് ലിഗോരി, പഠനത്തിലും അതിസമര്‍ത്ഥനായിരുന്നു. പതിനാറാമത്തെ വയസ്സില്‍ അദ്ദേഹം നിയമബിരുദം നേടുകയും അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെടുകയും ചെയ്തു.
പത്തുകൊല്ലത്തോളം അദ്ദേഹം തന്റെ വക്കീല്‍ജോലി തുടര്‍ന്നു. ഏറ്റെടുത്ത കേസുകളില്‍ ഒന്നുപോലും അദ്ദേഹം തോറ്റിരുന്നില്ല. പക്ഷേ, സുപ്രധാനമായ ഒരു കേസ് അദ്ദേഹം അബദ്ധത്തില്‍ തോല്‍ക്കാനിടയായി. ഈ തോല്‍വി അദ്ദേഹത്തെ പുതിയൊരു മനുഷ്യനാക്കിമാറ്റി എന്നുപറയാം. നശ്വരമായ ലോകബഹുമാനങ്ങളുടെ നിസ്സാരതയെ മനസ്സിലാക്കിയ അദ്ദേഹം ഈ ലോകത്തിന്റെ ആഡംബരങ്ങളെല്ലാം ഉപേക്ഷിച്ച് ഒരു വൈദികനാകാന്‍ തീരുമാനിച്ചു. അദ്ദേഹത്തിന്റെ തീരുമാനത്തെ പിതാവ് ശക്തമായി എതിര്‍ത്തെങ്കിലും ആ എതിര്‍പ്പുകളെയെല്ലാം അവഗണിച്ച് മുപ്പതാമത്തെ വയസ്സില്‍ അല്‍ഫോന്‍സ് പുരോഹിതനായി.
നഷ്ടപ്പെട്ട ആത്മാക്കളെ വീണ്ടെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അതിനായി സുവിശേഷപ്രസംഗങ്ങള്‍ നടത്തിക്കൊണ്ടിരുന്ന വിശുദ്ധന്‍ 1731-ല്‍ റിഡംപ്റ്ററിസ്റ്റ് സഭ സ്ഥാപിച്ചു. അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ അനേകരെ നന്മയിലേക്കു നയിച്ചു. മാത്രമല്ല, തന്റെ പുരോഹിതവൃത്തിയെ അത്യധികം വെറുത്തിരുന്ന പിതാവിനെ യഥാര്‍ഥ മാനസാന്തരത്തിലേക്കു നയിക്കുന്നതിനും അദ്ദേഹത്തിനു സാധിച്ചു.
1762-ല്‍ സാന്ത് അഗാത്ത രൂപതയുടെ മെത്രാനായി അല്‍ഫോന്‍സ് നിയമിതനായി. ഒരു പുണ്യവാനൊത്ത യോഗ്യതയോടെ തന്റെ രൂപതയെ അഭിവൃദ്ധിയിലേക്കു നയിക്കുന്നതിനായി അദ്ദേഹം അക്ഷീണം പ്രയത്‌നിച്ചുകൊണ്ടിരുന്നു. ഒരു നിമിഷംപോലും പാഴാക്കുകയില്ല എന്ന് അദ്ദേഹം ശപഥം ചെയ്തിരുന്നു. ഭാരിച്ച നിരവധിയായ ജോലികള്‍ അദ്ദേഹത്തിനുണ്ടായിരുന്നെങ്കിലും ഇതിനിടയില്‍ ലഭിച്ച സമയം വേണ്ടവിധം ഉപയോഗപ്പെടുത്തിയ അല്‍ഫോന്‍സ്, ചെറുതും വലുതുമായ നൂറ്റിപ്പതിനൊന്നോളം ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്. പണ്ഡിതനായിരുന്ന അല്‍ഫോന്‍സ് ഗ്രന്ഥരചനയിലേര്‍പ്പെട്ടിരുന്ന അവസരങ്ങളില്‍ തലവേദനയാല്‍ പലപ്പോഴും അസ്വസ്ഥപ്പെട്ടിരുന്നു. ഈ അവസരങ്ങളില്‍ തണുത്ത ഒരു മാര്‍ബിള്‍ക്കഷണം ഇടതുകൈ കൊണ്ട് നെറ്റിയോടു ചേര്‍ത്തുപിടിക്കുകയും വലതുകൈ കൊണ്ട് എഴുത്തു തുടരുകയും ചെയ്യുമായിരുന്നു.
അദ്ദേഹത്തിന്റെ ജീവിതം നിരവധിയായ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. പലവിധ പീഡനങ്ങളും ഞെരുക്കങ്ങളും അദ്ദേഹത്തെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു. മരണത്തിനു മുമ്പുള്ള ഏഴു വര്‍ഷക്കാലം രോഗംനിമിത്തം അദ്ദേഹം കുര്‍ബാന അര്‍പ്പിച്ചിരുന്നില്ല. പക്ഷേ, ദിവസേന പരിശുദ്ധ കുര്‍ബാന അദ്ദേഹം ഉള്‍ക്കൊണ്ടിരുന്നു. 1787-ല്‍ 91-ാമത്തെ വയസ്സില്‍ അദ്ദേഹം നിര്യാതനായി.
വിശുദ്ധ അല്‌മേധാ
അല്‌മേധാ നന്നെ ചെറുപ്പത്തില്‍ തന്നെ സ്വജീവിതം ക്രിസ്തുനാഥനു സമര്‍പ്പിച്ചു. എന്നാല്‍, സാഹസികനായ ഒരു പ്രഭുകുമാരന്‍ അവളെ വിവാഹം ചെയ്യാന്‍ തീര്‍ച്ചയാക്കി. തന്മൂലം പരിഭ്രാന്തയായ അല്‌മേധാ വേഷപ്രച്ഛന്നയായി ലാന്‍ഡ്യൂവിലേക്കും അവിടെ നിന്നും ലാന്‍ഫിലോ, ലെച്ച്‌ഫേന്‍ എന്നീ സ്ഥലങ്ങളിലേക്കും പലായനം ചെയ്തു. അവിടെയെങ്ങും സുരക്ഷിതത്വം ലഭിക്കാഞ്ഞതുകൊണ്ട് ജന്മദേശത്തിനു സമീപമുള്ള ഒരു വനഭൂമിയിലേക്കു മടങ്ങി. അവിടെ പ്രാദേശിക ഭരണാധികാരികളുടെ സഹായത്തോടെ കെട്ടിയുണ്ടാക്കിയ ഒരു അറയില്‍ താപസജീവിതം നയിച്ചു. കുറേക്കാലം കഴിഞ്ഞപ്പോള്‍ പ്രഭുകുമാരന്‍ വീണ്ടും അവളെ അന്വേഷിച്ചെത്തി. അയാളില്‍ നിന്നും രക്ഷപെടാനുള്ള ശ്രമത്തില്‍ അല്‌മേധാ മരണമടഞ്ഞു.
വിചിന്തനം: ”ദൈവത്തെ ആത്മാര്‍ഥമായി സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മറയ്ക്കപ്പെട്ടതും കീര്‍ത്തിയറ്റതുമായ ജീവിതം വലിയ സുരക്ഷിതത്വം നല്‍കും” – വി. അല്‍ഫോന്‍സ് ലിഗോരി.
ഫാ. ജെ. കൊച്ചുവീട്ടില്‍