
എ ഡി 344 ല്‍ ഈജിപ്തിലാണ് വി. മറിയം ജനിച്ചത്. ഏകദേശം 12 വയസ്സുള്ളപ്പോള്‍ അവള്‍ തന്റെ പിതൃഗൃഹം വിട്ട് അലക്‌സാണ്ട്രിയായിലേക്കു യാത്ര തിരിച്ചു. മാതാപിതാക്കളുടെ അനുവാദം കൂടാതെയുള്ള ആ യാത്രയുടെ ലക്ഷ്യം സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുക എന്നതായിരുന്നു. ഒരാള്‍ക്ക് സഞ്ചരിക്കാവുന്ന എല്ലാ പാപവഴികളിലൂടെയും അവള്‍ സഞ്ചരിച്ചു. അങ്ങനെ 17 വര്‍ഷത്തോളം അവള്‍ വേശ്യയായി ജീവിച്ചു.
മറിയത്തിന് ഏകദേശം 29 വയസ്സായപ്പോള്‍ അവള്‍ ജറുസലേമിലേക്കു പോയിരുന്ന തീർഥാടകരുടെ കപ്പലില്‍ കയറി. ആ തീര്‍ഥാടകസംഘത്തിലെ അനേകരെ അവള്‍ ഗുരുതരമായ പാപങ്ങളിലേക്കു വലിച്ചിഴച്ചുകൊണ്ടിരുന്നു. ആ യാത്രയിലെ ഒരു ദിവസം എല്ലാവരോടുമൊപ്പം അവള്‍, കുരിശ് സ്ഥാപിച്ചിരുന്ന ദൈവാലയത്തിലേക്കു പ്രവേശിക്കാന്‍ ശ്രമിച്ചു. എന്നാല്‍, ഏതോ ഒരു അദൃശ്യശക്തി അവളെ തടഞ്ഞു. ഇങ്ങനെ നാലുപ്രാവശ്യം സംഭവിച്ചു. തല്‍ക്ഷണം തന്റെ പാപങ്ങളെല്ലാം അവളുടെ ഓര്‍മ്മയിലേക്ക് ഓടിയെത്തി. തന്റെ പാപങ്ങളാണ് തന്നെ ദൈവത്തില്‍ നിന്നും അകറ്റിയതെന്നു മനസ്സിലാക്കിയ മറിയം ഉള്ളുരുകി മനസ്തപിച്ച് ദൈവത്തോട് മാപ്പപേക്ഷിച്ചു.
തന്നെ ദൈവാലയത്തില്‍ പ്രവേശിക്കാന്‍ അനുവദിച്ചാല്‍ ഇനിമേലില്‍ പാപം ചെയ്യുകയില്ലെന്നും ശിഷ്ടജീവിതം തപസിലും ഉപവാസത്തിലും ചെലവഴിക്കുമെന്നും അവള്‍ പ്രതിജ്ഞയെടുത്തു. ഉടന്‍ അവള്‍ക്ക് ദൈവാലയത്തില്‍ പ്രവേശിക്കാന്‍ സാധിച്ചു. അവിടെനിന്നു തിരിച്ചുവന്ന മറിയം ദൈവമാതാവിന്റെ സ്വരൂപത്തിനു മുമ്പില്‍ മുട്ടുകുത്തി പ്രാർഥിച്ചു. അപ്പോള്‍ ഒരു അശരീരി അവള്‍ കേട്ടു. “യോര്‍ദാന്‍ കടന്നുപോകുക; നിനക്ക് സമാധാനം ലഭിക്കും.” ഉടന്‍തന്നെ മറിയം അവിടെനിന്ന് പുറപ്പെട്ട് ജോര്‍ദാന്‍ മരുഭൂമിയില്‍ പ്രവേശിച്ചു. തുടര്‍ന്ന് മരണത്തോളം, ഏകദേശം 47 വര്‍ഷം മറിയം അവിടെ കഠിനമായ തപസനുഷ്ഠിച്ചു.
ഏകദേശം എ ഡി 420 ല്‍ പാലസ്തീനായിലെ മരുഭൂമിയില്‍ ജീവിച്ചിരുന്ന വിശുദ്ധനായ സോസിമൂസ് എന്ന സന്യാസി, ഒരു പുണ്യവാനെ കണ്ട് ആത്മീയോപദേശം സ്വീകരിക്കുന്നതിനായി ഈജിപ്തിലെ മരുഭൂമിയിലൂടെ സഞ്ചരിച്ചപ്പോള്‍ അദ്ദേഹം മറിയത്തെ കാണാനിടയായി. ആ കണ്ടുമുട്ടലിലൂടെയാണ് മറിയത്തെ ലോകം തിരിച്ചറിഞ്ഞത്. അന്ന് സോസിമൂസിന്റെ കരങ്ങളില്‍ നിന്ന് മറിയം പരിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും അടുത്ത വര്‍ഷം നോമ്പുകാലത്ത്, തന്നെ വന്ന് കാണണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതനുസരിച്ച് അടുത്ത വര്‍ഷം എ ഡി 421 ല്‍ സോസിമൂസ് മറിയത്തെ കാണുന്നതിനായി എത്തി. പക്ഷേ, അവിടെ മറിയത്തിന്റെ മൃതശരീരമാണ് അദ്ദേഹത്തിന് കാണാനായത്. ‘മറിയത്തിന്റെ ശരീരം ഇവിടെ സംസ്‌കരിക്കുക’ എന്നൊരു ഉല്ലേഖനവും സമീപത്തുണ്ടായിരുന്നു. ഒരു സിംഹത്തിന്റെ സഹായത്തോടെ സോസീമൂസ്, മറിയത്തിന്റെ മൃതശരീരം മരുഭൂമിയില്‍ സംസ്‌കരിച്ചു എന്ന് പറയപ്പെടുന്നു.
വിചിന്തനം: ‘എന്റെ ആത്മാവേ, നീ സൂക്ഷിക്കുക; ദൈവമായ കര്‍ത്താവ് നിന്നില്‍ സംസാരിക്കുന്നതു കേള്‍ക്കാന്‍വേണ്ടി നിന്റെ ജഡികവാസനകളുടെ വാതിലുകള്‍ അടച്ചിടുക.’
ഫാ. ജെ. കൊച്ചുവീട്ടില്‍