
വ്യുഴ്‌സ്റ്റെറിലെ വിച്ച് എന്ന പ്രദേശത്ത് 1197 ലാണ് വി. റിച്ചേര്‍ഡ് ജനിച്ചത്. ഇദ്ദേഹത്തിന് ഒരു ജ്യേഷ്ഠസഹോദരന്‍ കൂടി ഉണ്ടായിരുന്നു. ചെറുപ്പത്തില്‍തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിനാല്‍ റിച്ചേര്‍ഡ് തന്റെ പഠനം ഉപേക്ഷിച്ച് ജ്യേഷ്ഠനോടൊത്ത് കൃഷിപ്പണിയിലേര്‍പ്പെട്ടു.
റിച്ചേര്‍ഡിനെ അത്യധികം സ്‌നേഹിച്ചിരുന്ന ജ്യേഷ്ഠന്‍ തന്റെ സകല സ്വത്തുക്കളും അനുജനു കൊടുക്കാന്‍ തീരുമാനിച്ചു. ഈ അവസരത്തില്‍ തന്നെയാണ് റിച്ചാര്‍ഡിന് ഉത്തമമായ ഒരു വിവാഹാലോചനയും വന്നത്. എന്നാല്‍, ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്ന റിച്ചേര്‍ഡ് ഇവ രണ്ടും തിരസ്‌കരിച്ചു. അധികം താമസിയാതെ അദ്ദേഹം ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ ചേര്‍ന്നു.
അതിബുദ്ധിമാനും ദൈവഭക്തനും പണ്ഡിതനുമായിരുന്ന റിച്ചേര്‍ഡ്, 1235 ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ചാന്‍സലറായി നിയമിക്കപ്പെട്ടു. പിന്നീട് കാന്റബറി രൂപതയുടെ ആര്‍ച്ചുബിഷപ്പായിരുന്ന വി. എഡ്മണ്ടിന്റെ ചാന്‍സലറായി നിയമിതനായി. രാജാവും വി. എഡ്മണ്ടും തമ്മിലുണ്ടായിരുന്ന അഭിപ്രായവ്യത്യാസങ്ങളില്‍ റിച്ചേര്‍ഡ് എഡ്മണ്ടിനോടൊപ്പം ചേര്‍ന്നു. അധികം താമസിക്കാതെ വി. എഡ്മണ്ട് നാടുകടത്തപ്പെട്ടു; അദ്ദേഹത്തോടൊപ്പം റിച്ചേര്‍ഡും കാന്റബറി വിട്ടു.
എഡ്മണ്ടിന്റെ മരണശേഷം ഇംഗ്ലണ്ടിലേക്കു തിരികെവന്ന റിച്ചേര്‍ഡിനെ പിച്ചെസ്റ്ററിലെ മെത്രാനായി നിയമിച്ചു. വിശുദ്ധന്റെ നിയമനം അംഗീകരിക്കാന്‍ ഇഷ്ടപ്പെടാതിരുന്ന ഹെന്റി മൂന്നാമന്‍ രാജാവ് രൂപതയുടെ സ്വത്തുവകകളെല്ലാം റിച്ചേര്‍ഡിനെ ഏൽപിക്കാതെ കൈയടക്കിവച്ചു. അക്കാലത്ത് വിശുദ്ധന്‍ വളരെയധികം കഷ്ടപ്പെട്ടിരുന്നു. അവസാനം മാര്‍പാപ്പ ഇടപെട്ട് രൂപതാസ്വത്തുക്കളുടെ അവകാശം റിച്ചേര്‍ഡിനു തിരികെ നൽകി. രൂപതാസ്വത്തുക്കള്‍ തിരികെ ലഭിച്ചതോടെ റിച്ചേര്‍ഡിന്റെ ദാനധര്‍മ്മങ്ങളും വര്‍ധിച്ചു. വിശുദ്ധന്റെ ദാനധര്‍മ്മം ആദായത്തെക്കാള്‍ അധികമാകുന്നു എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ ‘എന്റെ പാത്രങ്ങളും കുതിരയെയും വില്‍ക്കുക’ എന്നതായിരുന്നു മറുപടി.
യുവാക്കളും വൃദ്ധരും റിച്ചേര്‍ഡിനെ അതിയായി സ്‌നേഹിച്ചിരുന്നു. രോഗികളെ ശുശ്രൂഷിക്കുന്നതിനും ദരിദ്രരെ തീറ്റിപ്പോറ്റുന്നതിനുമായി അദ്ദേഹം തനിക്കുള്ള സര്‍വസ്വവും കൊടുത്തു. പലപ്പോഴും അദ്ഭുതങ്ങളിലൂടെ ദൈവം വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളെ അംഗീകരിച്ചുകൊണ്ടിരുന്നു.
1253 ഏപ്രില്‍ 31-ാം തീയതി മാര്‍പാപ്പായുടെ കൽപനപ്രകാരം കുരിശുയുദ്ധത്തിനായി ഭടന്മാരെ ക്ഷണിച്ച് പ്രസംഗിച്ചുകൊണ്ടിരുന്നപ്പോള്‍ വിശുദ്ധന്‍ മരണമടഞ്ഞു. 1262 ല്‍ നാലാം ഉര്‍ബന്‍ പാപ്പ ഇദ്ദേഹത്തെ വിശുദ്ധന്‍ എന്നുവിളിച്ചു.
വിചിന്തനം: ”മരണത്തില്‍ നമുക്കുണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്ന വിശുദ്ധിയില്‍ എല്ലാ ദിവസവും ജീവിക്കുക.”
ഫ. ജെ. കൊച്ചുവീട്ടില്‍