
ഇറ്റലിയിലെ സീയെന്നായില്‍ ജക്കോപ്പാ – ലാപ്പാബെനിന്‍കാസ ദമ്പതികളുടെ മകളായി 1347 ല്‍ കത്രീന ജനിച്ചു. ഒരു ഭക്തകുടുംബത്തില്‍ ജനിച്ചതുകൊണ്ട് പ്രായത്തെ അതിശയിപ്പിക്കുന്ന സുകൃതങ്ങള്‍ അവളില്‍ വിളങ്ങിനിന്നു. ചെറുപ്പത്തില്‍ തന്നെ പ്രാര്‍ഥന അവള്‍ക്കൊരു ആനന്ദവിഷയമായിരുന്നു. അവള്‍ക്ക് ഏഴ് വയസ്സുള്ളപ്പോള്‍ തന്നെ സ്വകാര്യമായി കന്യാത്വവ്രതം സ്വീകരിച്ചു.
കത്രീനക്ക് പന്ത്രണ്ടു വയസ്സായപ്പോള്‍ അവളെ വിവാഹം കഴിപ്പിക്കാന്‍ മാതാപിതാക്കള്‍ തീരുമാനിച്ചു. തദവസരത്തില്‍ അവള്‍ തന്റെ മുടി മുറിച്ചുകളഞ്ഞു. 1365 ല്‍, തന്റെ പതിനെട്ടാമത്തെ വയസ്സില്‍ അവള്‍ ഡൊമിനിക്കന്‍ മൂന്നാംസഭയുടെ വസ്ത്രം സ്വീകരിച്ചു. എന്നാല്‍, മാതാപിതാക്കന്മാരുടെ കൂടെത്തന്നെയായിരുന്നു അവളുടെ താമസം. സ്വഭവനത്തിലെ ഏറ്റവും ദരിദ്രോചിതമായ ഒരു മുറി അവള്‍ തനിക്കായി തിരഞ്ഞെടുത്തു.
ദൈവശുശ്രൂഷയില്‍ സംബന്ധിക്കുന്നതിനും ആശുപത്രികളില്‍ രോഗവും ദാരിദ്ര്യവും മൂലം കഷ്ടപ്പെടുന്ന പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുമല്ലാതെ അവള്‍ ആ മുറിയില്‍ നിന്നു പുറത്തിറങ്ങിയിരുന്നില്ല. പലവിധങ്ങളായ ക്ലേശങ്ങള്‍ അവള്‍ക്ക് തരണം ചെയ്യേണ്ടതായിവന്നു. ആത്മീയാന്ധകാരം, ഭക്തകൃത്യങ്ങളില്‍ വിരസത, ആന്തരീകമായുള്ള കുറ്റാരോപണങ്ങള്‍, കഠിനരോഗങ്ങള്‍, പൈശാചിക പരീക്ഷണങ്ങള്‍ തുടങ്ങിയവ ബാഹ്യമായും അവളെ പീഡിപ്പിച്ചുകൊണ്ടിരുന്നു. എന്നാല്‍, സ്വര്‍ഗീയപിതാവിന്റെ അറിവ് കൂടാതെ തനിക്കൊന്നും സംഭവിക്കുകയില്ല എന്ന പൂര്‍ണ്ണബോധ്യം എല്ലാ വേദനകളെയും ക്ഷമയോടെ സഹിക്കാന്‍ അവളെ പ്രാപ്തയാക്കി.
കത്രീനയുടെ ജീവിതവിശുദ്ധി മനസ്സിലാക്കിയിരുന്നതിനാല്‍ ഭരണസംബന്ധമായ കാര്യങ്ങളില്‍ മാര്‍പാപ്പ അവളോട് അഭിപ്രായം ചോദിച്ചിരുന്നു. ആ കാലഘട്ടത്തില്‍ റോമിലുണ്ടായ ആഭ്യന്തരകലഹങ്ങളുടെ ഫലമായി മാര്‍പാപ്പാമാര്‍ 50 കൊല്ലത്തേക്ക് പ്രവാസജീവിതം അനുഭവിക്കേണ്ടതായിവന്നു. ഫ്രാന്‍സിലെ അവിഞ്ഞോണില്‍ താമസിച്ചിരുന്ന ഗ്രിഗോറിയോസ് പതിനൊന്നാമനെ നിത്യനഗരമായ റോമായിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന് കത്രീന വളരെയധികം പരിശ്രമിച്ചു. അക്കാലത്ത് പരിശുദ്ധ സിംഹാസനത്തിനെതിരെ പ്രചരിച്ചിരുന്ന പ്രതികൂല മനഃസ്ഥിതിയെ ദൂരീകരിക്കാന്‍ യൂറോപ്പിലെ പല രാജാക്കന്മാര്‍ക്കും കത്രീന കത്തുകള്‍ അയച്ചു.
ഈ ക്ലേശഘട്ടത്തില്‍ തിരുസഭയുടെ അഭിവൃദ്ധിയെ മുന്‍നിര്‍ത്തി, സമാധാനം പുനഃസ്ഥാപിക്കുന്നതിനായി പ്രവര്‍ത്തിക്കാനുള്ള സര്‍വാധികാരവും പരിശുദ്ധ പിതാവ് കത്രീനയ്ക്കു നല്‍കിയിരുന്നു. അവള്‍ക്ക്, കുടില്‍ തൊട്ട് കൊട്ടാരം വരെയുണ്ടായിരുന്ന സ്വാധീനശക്തി ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. ഫ്രാന്‍സിലെ രാജാവിന്റെയും റോമയിലെ കര്‍ദിനാള്‍മാരില്‍ ഭൂരിപക്ഷത്തിന്റെയും എതിര്‍പ്പുണ്ടായിരുന്നിട്ടും 1377 ല്‍ മാര്‍പാപ്പ വീണ്ടും റോമില്‍ തിരികെ വന്ന് തിരുസഭാ ഭരണം നിര്‍വഹിക്കുന്നത്തു കാണാനുള്ള ഭാഗ്യവും അവള്‍ക്കു ലഭിച്ചു.
നീണ്ട കൊല്ലങ്ങള്‍ ദിവ്യകാരുണ്യം മാത്രം സ്വീകരിച്ചാണ് കത്രീന ജീവിച്ചിരുന്നത്. കര്‍ത്താവിന്റെ തിരുമുറിവുകള്‍ സ്വശരീരത്തില്‍ വഹിക്കാന്‍ ഭാഗ്യം സിദ്ധിച്ച കത്രീന 1380 ല്‍ നിര്യാതയായി.
വിചിന്തനം: ”എളിമയുള്ളവന് ദൈവം തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നു. അവനെ മധുരമായി തന്നിലേക്ക് ആകര്‍ഷിക്കുകയും ക്ഷണിക്കുകയും ചെയ്യുന്നു.”
ഫാ. ജെ. കൊച്ചുവീട്ടില്‍