
1577 ല്‍ ജര്‍മ്മനിയിലെ സിഗ്മാരിഞ്ചെന്‍ എന്ന പ്രദേശത്ത് കുലീനരായ മാതാപിതാക്കളില്‍ നിന്ന് വി. ഫിഡേലിസ് ജനിച്ചു. ഉത്തമമായ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ന്നുവന്ന ഫിഡേലിസ്, ബാല്യത്തില്‍ തന്നെ ഒരു വിശുദ്ധനടുത്ത ലക്ഷണങ്ങള്‍ പ്രകടമാക്കിയിരുന്നു. സ്വിറ്റ്‌സര്‍ലണ്ടില്‍ വിദ്യാഭ്യാസം നടത്തിയ ഫിഡേലിസ്, പഠനകാലത്ത് തപക്രിയകള്‍ അനുഷ്ഠിക്കുകയും കൂടെക്കൂടെ ദിവ്യകൂദാശകള്‍ സ്വീകരിക്കുകയും അഗതികളെയും രോഗികളെയും സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
വിദ്യാഭ്യാസം പൂര്‍ത്തിയായതോടെ ഫിഡേലിസ് തന്റെ സുഹൃത്തുക്കളുമൊത്ത് യൂറോപ്പ് മുഴുവന്‍ ചുറ്റിസഞ്ചരിച്ചു. ദേശാടനത്തിനു ശേഷം തിരികെയെത്തിയ ഫിഡേലിസ്, കോള്‍മാള്‍ എന്ന നഗരത്തില്‍ അഭിഭാഷകവൃത്തിയില്‍ ഏര്‍പ്പെട്ടു. കേസ് നടത്താന്‍ പണമില്ലാത്ത ദരിദ്രര്‍ക്കു വേണ്ടിയാണ് അദ്ദേഹം വാദിച്ചിരുന്നത്. മാത്രമല്ല, കോടതിയില്‍ തന്റെ എതിരാളികളോട് വളരെ സൗമ്യമായും ബഹുമാനത്തോടെയുമാണ് അദ്ദേഹം സംസാരിച്ചിരുന്നത്. ‘ദരിദ്രരുടെ വക്കീല്‍’ എന്നാണ് വിശുദ്ധന്‍ ഈ കാലഘട്ടത്തില്‍ അറിയപ്പെട്ടിരുന്നത്.
പണത്തിനു വേണ്ടി സാധാരണക്കാരെ ചൂഷണം ചെയ്യുന്ന തന്റെ സഹപ്രവര്‍ത്തകരുടെ പ്രവർത്തികളില്‍ ദുഃഖിതനായ ഫിഡേലിസ്, അഭിഭാഷകവൃത്തി ഉപേക്ഷിച്ച് കപ്പൂച്ചിന്‍ സഭയില്‍ ചേര്‍ന്നു. അതികഠിനമായ തപക്രിയകള്‍ അനുഷ്ഠിച്ചിരുന്ന ഫിഡേലിസിന് രോമക്കുപ്പായവും മുള്ളാണികള്‍ തറച്ച അരപ്പട്ടയുമെല്ലാം നിസാരമായാണ് തോന്നിയത്. 1612 ല്‍ ഫിഡേലിസ് പുരോഹിതനായി. അദ്ദേഹം തന്റെ സമ്പാദ്യമെല്ലാം ദരിദ്രര്‍ക്കും വൈദിക വിദ്യാർഥികള്‍ക്കുമായി നൽകി.
സ്വിറ്റ്‌സര്‍ലണ്ടിലേക്ക് സുവിശേഷപ്രചരണത്തിനായി അയയ്ക്കപ്പെട്ട സംഘത്തില്‍ വിശുദ്ധനും തന്റെ ആഗ്രഹപ്രകാരം അംഗമായി. കാല്‍വിനിസ്റ്റ് പാഷണ്ഡതയില്‍ അകപ്പെട്ട ജനങ്ങളെ അതില്‍ നിന്നും മോചിപ്പിക്കുന്നതിനായി പല ആപത്ഘട്ടങ്ങളിലും വിശുദ്ധന്‍ ധൈര്യമായി പ്രവര്‍ത്തിച്ചു. താമസിയാതെ അദ്ദേഹത്തിന്റെ പ്രയത്നങ്ങള്‍ ഫലംകണ്ടു തുടങ്ങി. അതിനാല്‍ കാല്‍വിനിസ്റ്റുകള്‍ക്ക് വിശുദ്ധനോടുണ്ടായിരുന്ന വൈരാഗ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവന്നു. പലപ്പോഴും അദ്ദേഹത്തെ അപായപ്പെടുത്താന്‍ അവര്‍ ശ്രമിച്ചുകൊണ്ടിരുന്നു. എന്നാല്‍, ഇതൊന്നും കാര്യമാക്കാതെ ദൈവസംരക്ഷണത്തില്‍ ആശ്രയിച്ചുകൊണ്ട് ഫിഡേലിസ് തന്റെ ആതുരശുശ്രൂഷയും സുവിശേഷപ്രഘോഷണവും തുടര്‍ന്നു.
ഒരിക്കല്‍ പ്രസംഗം കഴിഞ്ഞു വരുന്ന വഴിയില്‍ കുറേയധികം കാല്‍വിനിസ്റ്റുകള്‍ അദ്ദേഹത്തെ തടഞ്ഞുനിര്‍ത്തി തങ്ങളുടെ മതത്തില്‍ ചേരണമെന്ന് ഉപദേശിച്ചു. ഫിഡേലിസ് അവരോടു പറഞ്ഞു: “ഞാന്‍ നിങ്ങളുടെ തെറ്റുകളെ ആദരിക്കുന്നതിനല്ല, എതിര്‍ക്കുന്നതിനാണ് വന്നത്. കത്തോലിക്കാ വിശ്വാസത്തെ ഞാന്‍ ഒരിക്കലും ഉപേക്ഷിക്കുകയില്ല. എല്ലാ കാലത്തും ഈ സത്യമതത്തിന്റെ തത്വങ്ങളില്‍ ഞാന്‍ നിലനില്‍ക്കും. എനിക്ക് മരണത്തെ തെല്ലും ഭയമില്ല.”
കുപിതരായ കാല്‍വിനിസ്റ്റുകള്‍ അദ്ദേഹത്തെ അടിച്ചും കുത്തിയും വധിച്ചു. അങ്ങനെ 1622 ഏപ്രില്‍ 24-ാം തീയതി അദ്ദേഹം തന്റെ നിത്യസമ്മാനത്തിനായി യാത്രയായി.
വിചിന്തനം: ”പ്രകാശത്തില്‍ നടക്കുക; നിഴലുകള്‍ നിന്റെ പിന്നാലെ പായുന്നത് നീ കാണും.”
ഫാ. ജെ. കൊച്ചുവീട്ടില്‍