
ഇറ്റലിയിലെ അവോസ്താ എന്ന സ്ഥലത്ത് 1033 ലാണ് വി. ആന്‍സെലം ജനിച്ചത്. ഒരു പുരോഹിതനാകാന്‍ അതിയായി ആഗ്രഹിച്ചിരുന്ന ആന്‍സെലം 15 വയസ്സായതോടെ അതിനു ശ്രമിച്ചെങ്കിലും പിതാവിന്റെ എതിര്‍പ്പ് മൂലം അദ്ദേഹത്തിന്റെ ആഗ്രഹം സാധിച്ചില്ല. അതിനാല്‍ വിശുദ്ധന്‍ സ്വഗൃഹം വിട്ട് ഫ്രാന്‍സിലെ പല വിദ്യാലയങ്ങളിലും പ്രവേശിച്ച് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇങ്ങനെ 12 വര്‍ഷത്തോളം അദ്ദേഹം ചെലവഴിച്ചു.
സന്യാസിയാകാനുള്ള ആഗ്രഹം അദ്ദേഹത്തില്‍ വീണ്ടും ഉയര്‍ന്നു. ഉടന്‍ തന്നെ ആന്‍സെലം, ഇംഗ്ലണ്ടിലെ ബെക്ക് എന്ന സ്ഥലത്തെ ഒരു ആശ്രമത്തില്‍ പ്രവേശിച്ചു. പുണ്യത്തില്‍ അനുദിനം അഭിവൃദ്ധിപ്പെട്ടുകൊണ്ടിരുന്ന വിശുദ്ധന്‍, 1063 ല്‍ പ്രസ്തുത ആശ്രമത്തിന്റെ പ്രിയോരായി. കുറച്ചു വര്‍ഷങ്ങള്‍ക്കുശേഷം ആശ്രമത്തിന്റെ ആബട്ടായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു.
ആന്‍സെലത്തിന്റെ പുണ്യയോഗ്യതകളെക്കുറിച്ചു കേട്ടറിഞ്ഞ ഇംഗ്ലണ്ട് രാജാവ് വില്യം റൂഫസ്, വിശുദ്ധനെ തന്റെ ജ്ഞാനഗുരുവായി നിയമിച്ചു. ഈ കാലത്ത് മാരകമായ ഒരു രോഗത്താല്‍ രാജാവ് പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. കുറച്ചു നാളുകള്‍ക്കുള്ളില്‍ തന്നെ വിശുദ്ധനെ കാന്റര്‍ബറിയിലെ ആര്‍ച്ചുബിഷപ്പായി നിയമിച്ചു. രോഗത്തില്‍നിന്നു സുഖം പ്രാപിച്ച രാജാവ്, രൂപതാവക സ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ ആരംഭിച്ചു. അതോടെ വിശുദ്ധന്റെ ജീവിതത്തിലെ ദുരിതങ്ങളും ആരംഭിച്ചു. വിശുദ്ധന്റെ ശാസനകളെയെല്ലാം രാജാവ് തിരസ്‌കരിക്കുകയാണ് ചെയ്തത്. മാത്രമല്ല, റോമില്‍ പോയി പാലിയം വാങ്ങാന്‍ വിശുദ്ധനെ അനുവദിച്ചുമില്ല. എന്നാല്‍, രഹസ്യത്തില്‍ നാടുവിട്ട് റോമിലെത്തി പാലീയം വാങ്ങിയ വിശുദ്ധന്‍ വിപ്രവാസത്തില്‍ കഴിഞ്ഞു.
രാജാവിന്റെ മരണശേഷം വിശുദ്ധന്‍ വീണ്ടും തന്റെ രൂപതയിലെത്തി. പക്ഷേ, പുതിയ രാജാവായ ഹെന്റി ഒന്നാമനുമായി ആന്‍സെലത്തിന് തര്‍ക്കത്തില്‍ ഏര്‍പ്പെടേണ്ടിവന്നു. മെത്രാന്മാരെ നിയമിക്കുന്നതിനും അവരുടെ അധികാരവസ്ത്രങ്ങള്‍ നൽകുന്നതിനുമുള്ള അധികാരം തനിക്കാണെന്ന് രാജാവ് ശഠിച്ചു. എന്നാല്‍, ഇത്തരം ശാഠ്യങ്ങളെ അംഗീകരിക്കാതെ മാര്‍പാപ്പയുടെ പരമാധികാരത്തെ പിന്താങ്ങിയ വിശുദ്ധനെ വീണ്ടും നാടുകടത്തി. 1107 ല്‍ തിരുസഭയുമായി ഹെന്റ്‌റി രമ്യതയിലെത്തിയതോടെ വിശുദ്ധന്‍ കാന്റര്‍ബെറിയിലേക്കു മടങ്ങിയെത്തി.
വിശുദ്ധന്‍ തന്റെ സംഭവബഹുലമായിരുന്ന ജീവിതത്തിനിടയിലും ധാരാളം ഈടുറ്റ ഗ്രന്ഥങ്ങള്‍ രചിച്ചു. തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും അദ്ദേഹത്തിനുണ്ടായിരുന്ന പാണ്ഡിത്യം പ്രശസ്തമാണ്. സ്‌ക്കൊളാസ്റ്റിസിസത്തിന്റെ പിതാവ് എന്നാണ് വിശുദ്ധന്‍ അറിയപ്പെടുന്നത്. ഇതിനെല്ലാമുപരിയായി ദൈവമാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിലും വിശുദ്ധന്‍ മുമ്പിലായിരുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ അമലോദ്ഭവ മാതാവിന്റെ ഭക്തി ആദ്യമായി നടപ്പാക്കിയത് ആന്‍സെലമാണ്. 1109 ല്‍ വിശുദ്ധന്‍ നിര്യാതനായി.
വിചിന്തനം: ‘നീ കര്‍ത്താവിന്റെ മിത്രവും അവിടുത്തെ മഹത്വത്തില്‍ ഓഹരിക്കാരനുമാകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ അവിടുത്തെ പാനപാത്രം സ്‌നേഹപൂര്‍വം കുടിച്ചുകൊള്ളുക.’
ഫാ. ജെ. കൊച്ചുവീട്ടിൽ