
1268 നോടടുത്ത് ടസ്‌കണിയിലെ മോണ്ടി പള്‍സിയാനോവിലാണ് ആഗ്നസ് ജനിച്ചത്. ഒൻപതു വയസ്സ് പ്രായമായപ്പോള്‍ മാതാപിതാക്കളുടെ അനുവാദത്തോടുകൂടി ജന്മദേശത്തു തന്നെയുള്ള ഒരു ഫ്രാന്‍സിസ്‌കന്‍ സന്യാസിനീ മഠത്തില്‍ പ്രവേശിച്ചു. മാര്‍ഗരറ്റ് എന്ന പേരോടുകൂടിയ വൃദ്ധയായ ഒരു തപസ്വിനിയായിരുന്നു ആഗ്നസിന് പ്രാഥമിക ശിക്ഷണം നൽകിയത്.
പ്രായത്തെ അതിശയിക്കുന്ന വിജ്ഞാനവും വിവേകവും ഉണ്ടായിരുന്നതുകൊണ്ട് ആഗ്നസിന് അധികാരികള്‍ ആശ്രമസംരക്ഷണം സംബന്ധിച്ച ചുമതലകള്‍ നല്‍കി. ആയിടയ്ക്ക് പ്രോസെന്നാ എന്ന പട്ടണത്തില്‍ സ്ഥാപിതമായ പുതിയ ഡൊമിനിക്കൻ സന്യാസിനീ മഠത്തിന്റെ അധിപയായി ആഗ്നസ് നിയമിതയായി. അപ്പോള്‍ ആഗ്നസിന് 15 വയസ്സു മാത്രമേ പ്രായമുണ്ടായിരുന്നുള്ളൂ. നിക്കോളാസ് നാലാമന്‍ മാര്‍പാപ്പയുടെ പ്രത്യേക അനുമതിയോടു കൂടിയായിരുന്നു ഈ നിയമനം.
അക്കാലം മുതല്‍ ആഗ്നസ് തപശ്ചര്യകള്‍ പൂര്‍വാധികം കര്‍ക്കശമാക്കി. പിന്നീട് 15 വര്‍ഷക്കാലം അപ്പവും വെള്ളവും മാത്രമായിരുന്നു ഭക്ഷണം. വെറും തറയിലായിരുന്നു കിടപ്പ്. തലയണയായി ഒരു കല്ലാണ് ഉപയോഗിച്ചിരുന്നത്. അക്കാലത്ത് അത്യധികം വേദനയുളവാക്കുന്ന ഒരു രോഗത്താല്‍ ആഗ്നസ് പീഡിപ്പിക്കപ്പെട്ടിരുന്നു.
അസാധാരണമായ അനേകം ദിവ്യസിദ്ധികളാല്‍ അനുഗൃഹീതയായിരുന്ന ആഗ്നസ് ഒരിക്കല്‍ പ്രാര്‍ഥനാവേളയില്‍ ഉണ്ണിയേശുവിനെ കരങ്ങളില്‍ വഹിച്ചിരിക്കുന്നതായി ആശ്രമവാസികള്‍ കണ്ടു; മാലാഖമാരില്‍ നിന്നും വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതായും കാണുകയുണ്ടായി. ആനന്ദമൂര്‍ച്ഛയില്‍ ലയിച്ചിരുന്ന അവസരങ്ങളിലെല്ലാം അവള്‍ ഭൂസ്പര്‍ശമില്ലാതെ വര്‍ത്തിക്കുന്നതായിട്ടാണ് കാണപ്പെട്ടിരുന്നത്. മഠത്തില്‍ അപ്പവും എണ്ണയും തീര്‍ന്നുപോയ പല സന്ദര്‍ഭങ്ങളിലും ആഗ്നസ് അദ്ഭുതകരമായി അവ വര്‍ധിപ്പിച്ചിരുന്നു. അവള്‍ മുട്ടുകുത്തിനിന്ന സ്ഥലങ്ങളില്‍ വെണ്‍മഞ്ഞും പനിനീര്‍പ്പൂക്കളും ആകാശത്തില്‍ നിന്നും വീഴുക സാധാരണമായിരുന്നു.
1317 ല്‍ ആഗ്നസ് തന്റെ സ്വര്‍ഗീയനാഥന്റെ അടുത്തേക്കു യാത്രയായി. മരിക്കുമ്പോള്‍ ആഗ്നിന് 49 വയസ്സായിരുന്നു.
വിചിന്തനം: ‘അനര്‍ഥങ്ങള്‍ ഈശോയെപ്രതി മധുരവും ഇമ്പകരവുമായെന്നു വന്നാല്‍ നീ സൗഭാഗ്യവാനായെന്നു കരുതിക്കൊള്ളുക. ഈ ലോകത്തില്‍ നീ പറുദീസാ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.’
ഫാ. ജെ. കൊച്ചുവീട്ടില്‍