
ഫ്രാന്‍സിലെ പ്ലാന്‍ഡേഴ്‌സിലെ ഒരു പ്രഭുകുടുംബത്തിലാണ് എദെസ്ബാള്‍ഡ് ജനിച്ചത്. ഡണ്‍ക്കിര്‍ക്കിനു സമീപം സിസ്റ്റേര്‍ഷ്യന്‍ സഭയുമായി ബന്ധപ്പെട്ട ഒരു സന്യാസാശ്രമം സ്ഥിതിചെയ്തിരുന്നു. അവിടെ ഒരുനാള്‍ വി. വാള്‍ബുര്‍ഗായുടെ ദൈവാലയത്തില്‍ നിന്നും ഐദെസ്ബാള്‍ഡ് എന്ന പേരോടുകൂടിയ ഒരു വൈദികന്‍ വന്ന് തനിക്ക് സന്യാസവസ്ത്രം നൽ കണമെന്ന് അഭ്യര്‍ഥിച്ചു. ഏറ്റവും വിനീതനും സുശിക്ഷിതനും ആയിരുന്ന വൈദികനോട് ആശ്രമവാസികള്‍ക്ക് പ്രഥമവീക്ഷണത്തില്‍ തന്നെ വളരെ ബഹുമാനം തോന്നി. തന്മൂലം അവര്‍ അദ്ദേഹത്തെ ആശ്രമാംഗമായി സ്വീകരിച്ചു. താമസിയാതെ അദ്ദേഹം അസാധാരണമായ ദൈവഭക്തി, തപോനിഷ്ഠ മുതലായ വിശിഷ്ടഗുണങ്ങളുടെ കേദാരമാണെന്ന് അവര്‍ക്കു ബോധ്യമായി.
ആശ്രമദൈവാലയത്തിലെ മുഖ്യഗായകനായിട്ടാണ് ഐദെസ്ബാള്‍ഡ് ആദ്യമായി നിയമിക്കപ്പെട്ടത്. അത് അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ജോലിയായിരുന്നുതാനും. എന്തുകൊണ്ടെന്നാല്‍, ഗാനശുശ്രൂഷയിലൂടെ അദ്ദേഹം അവാച്യമായ ആത്മനിര്‍വൃതി അനുഭവിച്ചിരുന്നു. കുറേനാള്‍ കഴിഞ്ഞപ്പോള്‍ ആശ്രമാധിപനായി. ഏകദേശം 20 വര്‍ഷത്തോളം അദ്ദേഹം ആബട്ടായി ശുശ്രൂഷ ചെയ്തു.
ദീര്‍ഘവീക്ഷണത്തോടു കൂടി അന്ന് ആസൂത്രണം ചെയ്ത് നടപ്പില്‍ വരുത്തിയ വിവിധ പ്രവര്‍ത്തന പദ്ധതികളുടെ ഫലമായി ആശ്രമാംഗങ്ങള്‍ക്കും സമീപ ദേശവാസികള്‍ക്കും ആധ്യാത്മികവും ഭൗതികവുമായ ധാരാളം നന്മകളുണ്ടായി. 1167 ല്‍ അദ്ദേഹം മരണമടഞ്ഞു. മൃതദേഹം ആശ്രമ ദൈവാലയത്തില്‍ സംസ്‌കരിക്കപ്പെട്ടു. 450 വര്‍ഷം കഴിഞ്ഞ് കല്ലറ തുറന്നുനോക്കിയപ്പോള്‍ മൃതദേഹം അഴുകാതെയിരിക്കുന്നതായി കണ്ടു.
വിചിന്തനം: ‘എന്റെ ദൈവമേ, എല്ലാ നന്മയുടെയും അടിസ്ഥാനം അങ്ങേ തിരുവിഷ്ടമാണ്. എന്റെ ഹൃദയത്തിന്റെ ആഗ്രഹങ്ങളും പ്രവൃത്തികളും അങ്ങയുടെ തിരുഹിതം മാത്രമായിരിക്കട്ടെ.’
ഫാ. ജെ. കൊച്ചുവീട്ടിൽ