
പോളണ്ടിന്റെ മധ്യസ്ഥന്‍ എന്നറിയപ്പെടുന്ന സ്റ്റാനിസ്‌ളാവൂസ് 1030 ല്‍ പോളണ്ടിലെ സെസെപ്പാനാ എന്ന സ്ഥലത്താണ് ജനിച്ചത്. 30 കൊല്ലത്തെ കാത്തിരിപ്പിന്റെയും നേര്‍ച്ചയുടെയും പ്രാര്‍ഥനകളുടെയും ഫലമായാണ് മാതാപിതാക്കള്‍ക്ക് സ്റ്റാനിസ്ലാവൂസ് ജനിച്ചത്. ഭക്തരായ മാതാപിതാക്കള്‍ കാട്ടിക്കൊടുത്ത സന്മാതൃകകള്‍ സ്റ്റാനിസ്‌ളാവൂസിന്റെ ഹൃദയത്തില്‍ ഗാഢമായി പതിഞ്ഞിരുന്നു. പ്രാര്‍ഥനയിലും ഇന്ദ്രിയനിഗ്രഹത്തിലും ബാല്യം മുതലേ അദ്ദേഹം അനിതരസാധാരണമായ പ്രതിപത്തി പ്രദര്‍ശിപ്പിച്ചിരുന്നു.
നിസ്‌നോയിലെ കത്തീഡ്രല്‍ സ്‌കൂളിലും പാരീസ് സര്‍വകലാശാലയിലും പഠിച്ച അദ്ദേഹം ഉന്നതബിരുദങ്ങള്‍ കരസ്ഥമാക്കി. എന്നാല്‍, പാണ്ഡിത്യമല്ല ദീനാനുകമ്പ എന്ന പുണ്യമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.
ക്രാക്കോയിലെ മെത്രാനായിരുന്ന ലാംബര്‍ട്ട് സൂലായില്‍ നിന്നാണ് അദ്ദേഹം വൈദികപട്ടം സ്വീകരിച്ചത്. 1702 ല്‍ ലംബാര്‍ട്ട് മെത്രാന്‍ നിര്യാതനായി. അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വിശുദ്ധനെ തിരഞ്ഞെടുക്കണമെന്ന് വൈദികരും അത്മായരും ഐകകണ്‌ഠ്യേന ആവശ്യപ്പെട്ടു. എന്നാല്‍, വിശുദ്ധന്‍ അത് നിരസിക്കുകയാണുണ്ടായത്. അവസാനം മാര്‍പാപ്പയുടെ കൽപനയ്ക്കു വിധേയമായി അദ്ദേഹം മെത്രാന്‍സ്ഥാനം ഏറ്റെടുത്തു. അന്നുമുതല്‍ അദ്ദേഹം തന്റെ തപശ്ചര്യകളുടെ കാഠിന്യം വര്‍ധിപ്പിച്ചു.
ദരിദ്രരോട് അനാദൃശ്യമായ കരുണയും അനുകമ്പയുമാണ് അദ്ദേഹം പ്രദര്‍ശിപ്പിച്ചിരുന്നത്. സഹായം അഭ്യര്‍ഥിച്ചുകൊണ്ട് ഓടിക്കൂടുന്ന ദരിദ്രരാല്‍ മിക്ക സമയങ്ങളും അരമനയുടെ പരിസരം നിറഞ്ഞിരുന്നു. അവരില്‍ ഒരാള്‍ക്കുപോലും ഭഗ്നാശനായി മടങ്ങേണ്ടിവന്നിട്ടില്ല. ഈ കാലഘട്ടത്തില്‍ പോളണ്ട് ഭരിച്ചിരുന്നത് വിഷയാസക്തനും പ്രജാപീഡനത്തില്‍ ‘ക്രൂരന്‍’ എന്ന അപരനാമം സമ്പാദിച്ചവനുമായ ബോള്‍സ്ലാവോസ് രണ്ടാമനായിരുന്നു. തന്റെ ദുഷ്‌കൃത്യങ്ങളില്‍ അഭിമാനം കൊണ്ടിരുന്ന അദ്ദേഹത്തെ തിരുത്താന്‍ വിശുദ്ധനു മാത്രമേ ധൈര്യമുണ്ടായിരുന്നുള്ളൂ. വിശുദ്ധന്റെ പ്രതിഷേധത്തിനു മുന്നില്‍ ഗത്യന്തരമില്ലാതായപ്പോള്‍ അനുതാപത്തിന്റെ ബാഹ്യലക്ഷണങ്ങള്‍ കപടമായി അദ്ദേഹം പ്രദര്‍ശിപ്പിച്ചു. പക്ഷേ, അധികം താമസിക്കാതെ അദ്ദേഹം പഴയജീവിതം തന്നെ തുടര്‍ന്നു.
വീണ്ടും പ്രതിഷേധവുമായെത്തിയ വിശുദ്ധനെ നിശ്ശബ്ദനാക്കാന്‍ പല കുതന്ത്രങ്ങളും രാജാവ് പ്രയോഗിച്ചു. എന്നാല്‍, എല്ലാം പരാജയപ്പെടുകയാണുണ്ടായത്. വിശുദ്ധന്റെ ഉപദേശങ്ങളും മുന്നറിയിപ്പുകളും നിരന്തരമായി നിഷേധിച്ച രാജാവിനെ അവസാനം സ്റ്റാനിസ്ലാവൂസ് മഹറോന്‍ ചൊല്ലി സഭയ്ക്കു പുറത്താക്കി. ഇതില്‍ കുപിതനായ രാജാവ് അദ്ദേഹത്തെ വധിക്കാന്‍ ഉത്തരവിട്ടു. പക്ഷേ, പടയാളികളാരും ആ പുണ്യപുരുഷന്റെമേല്‍ കൈവയ്ക്കാന്‍ ധൈര്യപ്പെട്ടില്ല. അവസാനം ക്രാക്കോ നഗരത്തിനടുത്തുള്ള ഒരു കപ്പേളയില്‍ വിശുദ്ധന്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ രാജാവ് തന്നെ ആ ദുഷ്‌കൃത്യം നിര്‍വഹിച്ചു. 1079 മെയ് എട്ടാം തീയതിയായിരുന്നു വിശുദ്ധന്‍ രക്തസാക്ഷിത്വമകുടം ചൂടിയത്.
വിശുദ്ധന്റെ ജീവിതത്തിലൂടെ ദൈവം ധാരാളം അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആറുപേരെ മരിച്ചവരില്‍ നിന്ന് ഉയര്‍പ്പിച്ചതും അനേകര്‍ക്ക് കാഴ്ച നൽകിയതും അദ്ദേഹത്തിലൂടെ സംഭവിച്ച അസംഖ്യം അദ്ഭുതങ്ങളില്‍ ചിലതു മാത്രമാണ്.
വിചിന്തനം: ‘കൃപാവരം ലഭിക്കുന്ന മനുഷ്യന്‍ എന്തിനും ശക്തനാണ്. അത് വിട്ടുപോകുമ്പോള്‍ അവന്‍ ബലഹീനനും ദരിദ്രനുമാകുന്നു. സര്‍വ മര്‍ദനങ്ങള്‍ക്കും അവന്‍ പാത്രമാവുകയും ചെയ്യുന്നു.’
ഫാ. ജെ. കൊച്ചുവീട്ടിൽ