
1591 നോടടുത്ത് സ്‌പെയ്‌നിലെ കാറ്റലോനിയായിലാണ് മൈക്കല്‍ ദ സാങ്ക്റ്റിസ് ജനിച്ചത്. അസീസിയിലെ വി. ഫ്രാന്‍സീസിന്റെ ആരാധകനായിരുന്ന മൈക്കിളിന് കുട്ടിക്കാലത്ത് ആ വിശുദ്ധനെ അനുകരിക്കുന്നതായിരുന്നു പ്രധാന വിനോദം.
ഒരു സന്യാസിയായിത്തീരാനുള്ള തന്റെ ആഗ്രഹം ആറു വയസുള്ളപ്പോള്‍ മൈക്കിള്‍ തന്റെ മാതാപിതാക്കളെ അറിയിച്ചു. മാതാപിതാക്കളുടെ മരണത്തെ തുടര്‍ന്ന് ഒരു കച്ചവടക്കാരന്റെ സഹായിയായി അവന് ജീവിതം കഴിക്കേണ്ടിവന്നു. എങ്കിലും പ്രാര്‍ഥനാപൂര്‍വമായ ജീവിതത്തില്‍നിന്ന് മൈക്കിള്‍ വ്യതിചലിച്ചില്ല. 1603 ല്‍ ബാഴ്‌സലോണയിലെ ട്രിനിറ്റേറിയന്‍ ഫ്രിയേഴ്‌സില്‍ അവന്‍ അംഗമായി. 1607 ല്‍ സരഗോസായിലെ വി. ലാംബ്രെര്‍ട്ട്‌സ് ആശ്രമത്തില്‍ വച്ച് വ്രതവാഗ്ദാനം നടത്തി.
അധികം വൈകാതെ ട്രിനിറ്റേറിയന്‍ സമൂഹത്തിലെ തന്നെ നവീകരണത്തിന് വിധേയമായ ഒരു സമൂഹത്തില്‍ അംഗമാകാന്‍ മൈക്കിള്‍ ആഗ്രഹം പ്രകടിപ്പിച്ചു. മാഡ്രിഡിലായിരുന്നു നൊവിഷ്യേറ്റ് കാലം. സെവില്ലിയിലെയും സലാമാന്‍ഷ്യായിലെയും വൈദികപഠനത്തിനുശേഷം മൈക്കിള്‍ പുരോഹിതനായി അഭിഷിക്തനായി.
അദ്ദേഹം രണ്ടുവട്ടം വല്ലഡോയിഡിലെ ആശ്രമത്തിന്റെ സുപ്പീരിയര്‍ പദവി അലങ്കരിച്ചു. സഹപ്രവര്‍ത്തകരെല്ലാം മൈക്കിളിനെ ഒരു വിശുദ്ധനായാണ് കരുതിയിരുന്നത്. ദിവ്യകാരുണ്യത്തോട് മൈക്കിളിന് അതിരറ്റ ഭക്തിയും ബഹുമാനവുമാണുണ്ടായിരുന്നത്. ദിവ്യബലിക്കിടയില്‍ ആത്മീയാനുഭൂതികളില്‍ മുഴുകിയിരുന്ന സന്ദര്‍ഭങ്ങളും അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിരുന്നു.
മുപ്പത്തിയഞ്ചാം വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 1862 ല്‍ പിയൂസ് ഒൻപതാമൻ മൈക്കിളിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. റോമന്‍ രക്തസാക്ഷിത്വ പട്ടികയില്‍ മൈക്കിളിനെ വിശേഷിപ്പിച്ചിരിക്കുന്നത് നിഷ്‌കളങ്ക ജീവിതത്തിന്റെ വക്താവും അത്യദ്ഭുതകരമായ ധ്യാനത്തിന്റെ ഉടമയും ദൈവസ്‌നേഹത്താല്‍ എരിഞ്ഞ വ്യക്തിയായിട്ടുമാണ്.
വിചിന്തനം: ‘ഈശോയെപ്രതി സന്മനസ്സോടെ സഹിക്കുന്നതിനെക്കാള്‍ ദൈവത്തിന് പ്രിയങ്കരവും നിനക്ക് രക്ഷാകരവുമായി വോറൊന്നും ഈ ലോകത്തിലില്ല.’
ഫാ. ജെ. കൊച്ചുവീട്ടിൽ