
‘വിധിയുടെ മാലാഖ’ എന്നാണ് വി. വിന്‍സെന്റ് ഫെറര്‍ അറിയപ്പെടുന്നത്. അദ്ദേഹം 1350 ല്‍ സ്‌പെയിനിലെ വലേന്‍സിയ എന്ന നഗരത്തില്‍ ജനിച്ചു. ഭക്തരായ മാതാപിതാക്കന്മാരുടെ ശിക്ഷണത്തില്‍ ദൈവസ്‌നേഹത്തിലും ഭക്തിയിലും വളര്‍ന്നുവന്ന വിശുദ്ധന്, കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ തന്നെ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള ശക്തി ദൈവം നൽകിയിരുന്നു.
അദ്ദേഹത്തിന്റെ സ്‌നേഹിതന്റെ കഴുത്തിലുണ്ടായിരുന്ന ഒരു വ്രണം ബാലനായ വിന്‍സെന്റിന്റെ ചുംബനത്താല്‍ അപ്രത്യക്ഷമായി. വിശുദ്ധന്റെ പ്രാര്‍ഥന മൂലം ഉദ്ഭവിച്ച ഒരു ഉറവ ഇപ്പോഴും നിലനിൽപുണ്ട്. വൈദികനാകാന്‍ ആഗ്രഹിച്ച വിന്‍സെന്റ്, ഡൊമിനിക്കന്‍ സഭയില്‍ ചേര്‍ന്ന് പതിനെട്ടാമത്തെ വയസ്സില്‍ വ്രതവാഗ്ദാനം അനുഷ്ഠിച്ചു. പൗരോഹിത്യ സ്വീകരണത്തിനുശേഷം കുറേനാള്‍ അദ്ദേഹം വലേന്‍സില്‍തന്നെ താമസിച്ച് അവിടെ അനവധി ജനങ്ങളെ മാനസാന്തരപ്പെടുത്തി. അതിനുശേഷം ലെരിദായിലേക്കു പോവുകയും 28-ാമത്തെ വയസ്സില്‍ ദൈവശാസ്ത്രജ്ഞന്‍ എന്ന ബിരുദം നേടുകയും ചെയ്തു.
പ്രസിദ്ധനായ പ്രാസംഗികനായിരുന്ന വിന്‍സെന്റ്, ക്രൂശിതരൂപത്തിന്റെ മുൻപാകെ വച്ചാണ് പ്രസംഗങ്ങള്‍ തയ്യാറാക്കിയിരുന്നത്. ഈ പ്രസംഗങ്ങളിലൂടെ ഉണ്ടാവുന്ന വിജയത്തിനും മഹത്വത്തിനും നന്ദി പറയുന്നതിനായി അവിടേക്കുതന്നെ തിരിച്ചുവരികയും ചെയ്തിരുന്നു.
ഒരു ദിവസം മഹാനായ ഒരു പ്രഭു തന്റെ പ്രസംഗം കേള്‍ക്കാനായി വരുന്നുണ്ടെന്ന് അദ്ദേഹം അറിഞ്ഞു. അന്ന് പതിവിലും കൂടുതല്‍ സമയമെടുത്ത് അദ്ദേഹം പ്രസംഗത്തിനൊരുങ്ങി. പക്ഷേ, ക്രൂശിതരൂപത്തിനുമുൻപിൽ വച്ചായിരുന്നില്ല. അന്നത്തെ പ്രസംഗം വിപരീതഫലം മാത്രമാണ് നൽകിയത്. അടുത്ത ദിവസം പതിവനുസരിച്ച് ക്രൂശിതരൂപത്തിനു മുൻപിൽ വച്ച് ഒരുങ്ങി പ്രസംഗിച്ചു. ആ പ്രസംഗത്തിന്റെ ഫലം വിസ്മയാവഹമായിരുന്നു. രണ്ടു പ്രസംഗങ്ങള്‍ തമ്മിലും ഇത്ര വലിയ വ്യത്യാസമുണ്ടാവാന്‍ കാരണമെന്തെന്ന് ആരാഞ്ഞ മാന്യപ്രഭുവിനോട് വിശുദ്ധന്‍ പറഞ്ഞു: “ഇന്നലെ പ്രസംഗിച്ചത് വിന്‍സെന്റാണ്. ഇന്നു പ്രസംഗിച്ചത് ഈശോയാണ്.”
അദ്ഭുതപ്രവര്‍ത്തനത്തിനുള്ള വരവും ജീവിതവിശുദ്ധിയും വിന്‍സെന്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു മാറ്റുകൂട്ടി. ദരിദ്രര്‍ക്കുവേണ്ടി ധാരാളം ധനം സമ്പാദിക്കുന്നതിന് അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ ഉപകരിച്ചു. എങ്കിലും തനിക്കായി അദ്ദേഹം ഒന്നും സ്വീകരിച്ചിരുന്നില്ല. വേദപുസ്തകം മുഴുവന്‍ ഹൃദിസ്ഥമാക്കിയിരുന്ന വിശുദ്ധന്‍ സ്പാനിഷ് ഭാഷയില്‍ മാത്രമേ പഠിപ്പിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നുള്ളൂ. പക്ഷേ, വിവിധ രാജ്യക്കാരായ ശ്രോതാക്കള്‍ക്കെല്ലാം അദ്ദേഹത്തെ മനസ്സിലാക്കാൻ സാധിച്ചിരുന്നു.
അക്കാലത്ത് തിരുസഭ നേരിട്ടിരുന്ന ശീശ്മക്കെതിരെ അദ്ദേഹം അതിശക്തമായി പോരാടി. സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലണ്ട്, ഇംഗ്ലണ്ട്, അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ട് എന്നീ രാജ്യങ്ങളിലെല്ലാം അദ്ദേഹം പ്രസംഗങ്ങള്‍ നടത്തിയിട്ടുണ്ട്. അദ്ദേഹം പോയിട്ടുള്ള സ്ഥലങ്ങളിലെല്ലാം അനേകായിരങ്ങള്‍ അദ്ദേഹത്തെ ശ്രവിക്കുകയും മാനസാന്തരത്തിലേക്കു കടന്നുവരികയും ചെയ്തു. 1419 ല്‍ അദ്ദേഹം നിത്യസമ്മാനത്തിനായി സ്വര്‍ഗത്തിലേക്കു വിളിക്കപ്പെട്ടു.
വിചിന്തനം: “ദുരിതവേളയില്‍, ഒരു തവണ മാത്രം പറയുന്ന ‘ദൈവത്തിനു സ്തുതി’ ഐശ്വര്യസമൃദ്ധിയിലെ ആയിരം കൃതജ്ഞതകളെക്കാള്‍ വിലയുള്ളതാണ്” – കുരിശിന്റെ വി. യോഹന്നാന്‍.
ഫാ. ജെ. കൊച്ചുവീട്ടില്‍