
നേപ്പിള്‍സിലെ പൗലാ എന്ന നഗരത്തില്‍ 1416 ലാണ് വി. ഫ്രാന്‍സിസ് ജനിച്ചത്. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ സമ്പത്തില്‍ ദരിദ്രരായിരുന്നെങ്കിലും ക്രൈസ്തവ വിശ്വാസത്തിലും പുണ്യസമ്പാദനത്തിലും അതിസമ്പന്നരായിരുന്നു. തങ്ങളുടെ പുത്രന്‍, ഫ്രാന്‍സിസ് അസ്സീസിയെപ്പോലെ ആകണമെന്നതായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ ആഗ്രഹം. ചെറുപ്രായത്തില്‍തന്നെ കഠിനമായ ഉപവാസവും പ്രായശ്ചിത്ത പ്രവൃത്തികളും ഫ്രാന്‍സിസ് അനുഷ്ഠിച്ചിരുന്നു.
ഫ്രാന്‍സിസിന് ഏകദേശം 15 വയസ്സുള്ളപ്പോള്‍, സ്വഭവനം ഉപേക്ഷിച്ച് കടലോരത്തിനടുത്തുള്ള ഒരു ഗുഹയില്‍ പ്രവേശിച്ച് ഏകാന്തതയില്‍ ജീവിക്കാനാരംഭിച്ചു. ഒന്നുരണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന്റെ ജീവിതത്തില്‍ ആകൃഷ്ടരായ ചിലര്‍ അദ്ദേഹത്തിന്റെ ശിഷ്യത്വം സ്വീകരിച്ചു. കാലാന്തരത്തില്‍ നിരവധിപേര്‍ അദ്ദേഹത്തിന്റെ ശിഷ്യരായി. അതിനാല്‍ വിശുദ്ധന്‍ അവരെയെല്ലാം ചേര്‍ത്ത് ‘മിനിംസ്’ എന്ന സഭ സ്ഥാപിച്ചു. എളിമയെ വിശേഷപുണ്യമായി കണ്ടിരുന്നതിനാലാണ് ഫ്രാന്‍സിസ് തന്റെ സഭയ്ക്ക് മിനിംസ് (കൊച്ചുങ്ങളുടെ സഭ) എന്ന പേരു നൽകിയത്. സന്യാസ സഭകളില്‍ ഏറ്റവും താണതാണിത് എന്നു കാണിക്കാനായിരുന്നു ഫ്രാന്‍സിസ് ഇപ്രകാരം ചെയ്തത്.
പുതിയ സഭയുടെ നിയമസംഹിതയില്‍, പ്രായശ്ചിത്തത്തിനും എളിമയ്ക്കും പരസ്‌നേഹത്തിനുമാണ് വിശുദ്ധന്‍ മുന്‍തൂക്കം നൽകിയത്. ഇവര്‍ ശാശ്വതമായ ഉപവാസമനുഷ്ഠിക്കുകയും മാംസം, മത്സ്യം, മുട്ട, പാല്‍ എന്നിവ പൂര്‍ണ്ണമായി പരിത്യജിക്കുകയും ചെയ്തു. ഫ്രാന്‍സിസിന്റെ കിടക്ക ഒരു പാറയും വിശേഷപ്പെട്ട വസ്ത്രം രോമം കൊണ്ടുള്ള ഒരു അങ്കിയുമായിരുന്നു. കഠിനമായ തപശ്ചര്യകള്‍ അനുഷ്ഠിച്ചിരുന്ന വിശുദ്ധന്റെ ശരീരം അനുദിനം ക്ഷയിക്കുന്നതനുസരിച്ച് അദ്ദേഹത്തിന്റെ വിശ്വാസവും വര്‍ധിച്ചുവന്നു.
തന്നെ ബലപ്പെടുത്തിയ ദൈവത്തിലൂടെ ഫ്രാന്‍സിസ് നിരവധി അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു. രോഗികളെ സുഖപ്പെടുത്തുകയും മരിച്ചവരെ ഉയിര്‍പ്പിക്കുകയും സാംക്രമികരോഗങ്ങളെ നീക്കുകയും പിശാചുക്കളെ ബന്ധിക്കുകയും കഠിനമായ പാപികളെ മാനസാന്തരപ്പെടുത്തുകയും ചെയ്തിരുന്നു. ദരിദ്രരെയും അഗതികളെയും അദ്ദേഹം അതിയായി സ്‌നേഹിച്ചിരുന്നു.
ഒരിക്കല്‍, നേപ്പിള്‍സിലെ രാജാവായിരുന്ന ഫെര്‍ഡിനന്റ് വിശുദ്ധന്റെ സന്യാസാശ്രമത്തിനായി കുറെയേറെ പണം നൽകാൻ സന്നദ്ധനായി. എന്നാല്‍, ഫ്രാന്‍സിസ് അത് സ്വീകരിക്കാതെ, ആ പണം ദാരിദ്ര്യത്താല്‍ കഷ്ടപ്പെടുന്ന ജനങ്ങള്‍ക്കു നൽകാൻ രാജാവിനെ ഉപദേശിക്കുകയാണ് ചെയ്തത്. മാത്രമല്ല, രാജാവ് ന്യായരഹിതമായി സമ്പാദിച്ചിരുന്ന നാണയങ്ങളില്‍നിന്ന് രക്തമൊഴുക്കി അദ്ദേഹത്തെ മാനസാന്തരത്തിലേക്കു നയിക്കുകയും ചെയ്തു. പതിനൊന്നാം ലൂയിസ് രാജാവിനെ മരണത്തിനായി ഒരുക്കിയതും വിശുദ്ധനായിരുന്നു. 1507 ലെ ദുഃഖവെള്ളിയാഴ്ച ദിവസം തന്റെ 91-ാമത്തെ വയസ്സില്‍ വിശുദ്ധന്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
വിചിന്തനം: ”ഭൗതികജീവിതത്തിലെ ബുദ്ധിമുട്ടുകളെപ്പറ്റി നീ ചിന്തിക്കുക; അപ്പോള്‍ നിനക്കു ബോധ്യമാകും നിന്റെ യഥാര്‍ഥ ഭവനം സ്വര്‍ഗമാണെന്ന്.”
ഫാ. ജെ. കൊച്ചുവീട്ടില്‍