ക്രൊയേഷ്യ ഫൈനല്‍ കളിക്കുമ്പോള്‍ കോച്ച് ജപമാല ചൊല്ലും!

എപ്പോഴും ജപമാല കൈയില്‍ കരുതുന്ന ഒരു വിശ്വാസിയുണ്ട് ക്രൊയേഷ്യയ്ക്ക്. ആള്‍ മറ്റാരുമല്ല, ക്രൊയേഷ്യയുടെ ഫുട്ബോള്‍ ടീമിന്റെ കോച്ച് ആയ സ്ളാറ്റ്കോ ഡാലിക് (Zlatko Dalic) ആണ് അത്. കത്തോലിക്കാ മതത്തില്‍ അടിയുറച്ച വിശ്വാസം ഉള്ളവരാണ്  ക്രൊയേഷ്യ എന്ന കൊച്ചു രാജ്യക്കാര്‍‍. ആ വിശ്വാസം അവരുടെ ഫുട്ബോളിലും വ്യക്തമായി പ്രതിഫലിച്ചു. നാം ശ്രമിക്കുന്നതിനോപ്പം ദൈവത്തിന്‍റെ ഒരു സ്പര്‍ശം കൂടി ചേരുമ്പോള്‍ എല്ലാം ശുഭം ആയി തീരും എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചു മുന്നേറിയ ക്രൊയേഷ്യയുടെ വിജയം. ലോകകപ്പ്  ഫുട്ബോള്‍ ഫൈനലില്‍ പ്രവേശിക്കാന്‍ കിട്ടിയ അസുലഭ അവസരത്തിന് പിന്നിലും അവരുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രാര്‍ത്ഥനയുടെയും വലിയ സ്വാധീനം തന്നെയാണ് ഉള്ളത്.

ലോകകപ്പ് ഫുട്ബോള്‍ ആരംഭിച്ചപ്പോള്‍ ഡാലിക്, ക്രൊയേഷ്യന്‍ കാത്തോലിക് റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെയും പ്രാര്‍ത്ഥനയെയും കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.

“ഞാന്‍ വ്യക്തി ജീവിതത്തിലും പ്രൊഫഷണൽ ജീവിതത്തിലും നേടിയ എല്ലാത്തിനും ദൈവത്തോടാണ് കടപ്പെട്ടിരിക്കുന്നത്” എന്ന് ഡാലിക് അന്ന് പറഞ്ഞിരുന്നു. ഇംഗ്ലണ്ടിനെ 2 – 1 – നു കീഴ്പ്പെടുത്തി, ആദ്യമായി ഫൈനലിലേക്കുള്ള അവസരം ലഭിച്ചിരിക്കുകയാണ് ക്രൊയേഷ്യയ്ക്ക്.

ജീവിതത്തില്‍ തനിക്ക് തികച്ചും സന്തോഷമായിട്ട് ഇരിക്കാന്‍ സാധിച്ചേക്കുമെന്നും എന്നാല്‍ അതിനു തീക്ഷ്ണമായ വിശ്വാസത്തിന്റെ ആവശ്യകത ഉണ്ടെന്നും, ആ പ്രചോദനം ഇല്ലാതെ സന്തോഷം നേടുക അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു. “ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടാല്‍, ഒരുവന്‍, കരുണാമയനായ ദൈവത്തിലും വിശ്വാസത്തിലും ആശ്രയിക്കണം” എന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

തന്റെ ദൈവത്തിലും സഭയിലുമുള്ള വിശ്വാസം ഡാലിക് ഒട്ടും മറച്ചു വെച്ചില്ല. “ഞാന്‍ എപ്പോഴും ജപമാല എന്റെയൊപ്പം കരുതും. ഞാന്‍ ഒരു ക്ലേശം നിറഞ്ഞ അവസ്ഥയിലൂടെയാണ്‌ കടന്നു പോകുന്നത് എന്ന് തോന്നുന്ന നിമിഷം തന്നെ ഞാന്‍ എന്റെ പോക്കറ്റില്‍ കിടക്കുന്ന ജപമാലയില്‍ ആശ്രയം പ്രാപിക്കും,” അദ്ദേഹം തുടര്‍ന്നു.

ജീവിതത്തില്‍ നന്മ കണ്ടെത്തുന്നതിലൂടെ നമുക്ക് സംതൃപ്തിയും സന്തോഷവും കൈവരുമെന്നും, അതിനാല്‍ തന്നെ, താന്‍,തന്നോടും മറ്റുള്ളവരോടും സത്യസന്ധമായി തന്നെ പ്രവര്‍ത്തിക്കുകയുള്ളു എന്ന് അദ്ദേഹം പറഞ്ഞു.

51- കാരനായ ഡാലിക്, വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. ചെറുപ്പത്തില്‍ അദ്ദേഹം ക്രൊയേഷ്യന്‍ ടീമിലെ ഒരു അംഗമായിരുന്നു. 2000 – ല്‍ അദ്ദേഹം കളി മതിയാക്കി കോച്ചിംഗ് നല്‍കാന്‍ ആരംഭിച്ചു. 2010 – ല്‍ അദ്ദേഹം ‘അല്‍ – ഫൈസലി ഹർമാ’ എന്ന ടീമിനെ പരിശീലിപ്പിക്കാനായി സൗദിയില്‍ പോയി. അടുത്ത വര്‍ഷം ‘അല്‍ – ഐന്‍’ ക്ലബ്ബിന്റെ പരിശീലകനായി യു. എ. ഇ – യില്‍‍ പോയ അദ്ദേഹം  2017 – ലാണ് ക്രൊയേഷ്യന്‍ ദേശീയ ടീമിന്റെ പരിശീലകനായി സ്ഥാനമേല്‍ക്കുന്നത്.

കടപ്പാട്: www.catholicnewsagency.com

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.