കഴിഞ്ഞ ഒരാഴ്ചയോളമായി കേരളത്തിൽ പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നത് നമ്മുടെ ആരോഗ്യസംവിധാനങ്ങൾക്ക് നൽകുന്നത് വലിയ ആശ്വാസവും പ്രതീക്ഷയുമാണ്. ഒരാളിൽ നിന്നും എത്ര പേരിലേക്ക് കോവിഡ് പടരുന്നു എന്ന് സൂചിപ്പിക്കുന്ന റീപ്രൊഡക്ഷൻ ഫാക്ടർ (ആർ ഘടകം) ഒന്നിൽ താഴെയായതും സംസ്ഥാനത്ത് ഇനിയും കോവിഡ് നിരക്ക് കുറയുമെന്നതിന്റെ സൂചനയാണ്.
നമ്മുടെ സംസ്ഥാനം 90 ശതമാനം ആളുകളിലേക്ക് ഒരു ഡോസ് വാക്സിൻ കൊടുക്കുന്ന സ്റ്റേജിലേക്ക് എത്തി. രണ്ടാമത്തെ കാര്യം, നമ്മുടെ സമൂഹത്തിൽ ഏകദേശം 46 ലക്ഷത്തിലധികം ആളുകൾക്ക് ഇതിനോടകം കോവിഡ് വന്നുകഴിഞ്ഞു. നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 15 ശതമാനത്തിൽ താഴെയാണെങ്കിൽ കൂടി അത്രയും ആളുകൾ പ്രതിരോധശേഷി കൈവരിച്ചു. അതോടൊപ്പം, രോഗം വന്നുപോയത് അറിയാത്തവരും ഉണ്ടാവും. ഇതൊക്കെയാണ് രോഗം കുറയാൻ കാരണം.
കഴിഞ്ഞ രണ്ടാഴ്ചയായി രോഗം ബാധിക്കുന്നവരുടെ എണ്ണം മാത്രമല്ല, രോഗം ഗുരുതരമാകുന്നവരുടെ എണ്ണം ഓക്സിജൻ വേണ്ടിവരുന്നവരുടെ എണ്ണം, ഐസിയു ചികിത്സ വേണ്ടിവരുന്നവരുടെ എണ്ണം എന്നിവയും കുറഞ്ഞിട്ടുണ്ട്. ഏകദേശം 200 രോഗികൾ ചികിത്സ തേടിവരുന്ന ഒരു ആശുപത്രിയിൽ ഇപ്പോൾ ഏകദേശം 50 രോഗികൾ മാത്രമാണ് എത്തുന്നത്. കേരളം മുഴുവൻ ഈ ഒരു സാഹചര്യമാണ് ഇപ്പോൾ കാണുന്നത്.