ജനസംഖ്യയില്‍ പകുതിയോളം പേര്‍ക്ക് ആദ്യ ഡോസ് വാക്‌സിൻ നൽകി ഇന്ത്യ

18 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 50 ശതമാനത്തിനും ആദ്യ ഡോസ് വാക്സിൻ നൽകി ഇന്ത്യ. കോവിഡ്-19 വാക്സിനേഷനുകളുടെ ആകെ എണ്ണം 61 കോടി പിന്നിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. ആരോഗ്യപ്രവർത്തകരിൽ വാക്സിൻ സ്വീകരിച്ചവർ 99 ശതമാനവും കോവിഡ് മുന്നണി പോരാളികളിൽ ഇത് 100 ശതമാനവുമാണ്. ഈ വർഷം ജനുവരി 16 -നാണ് രാജ്യത്ത് വാക്സിനേഷൻ പ്രക്രിയ ആരംഭിച്ചത്.

നിലവിൽ രാജ്യത്ത് 47.3 കോടി ആളുകൾ ഒരു ഡോസും 13 കോടി പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചു. ആരോഗ്യമന്ത്രി മനസൂഖ് മാണ്ഡവ്യയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കോവിഡ് മൂന്നാം തരംഗമുണ്ടായാൽ പിടിച്ചുനിൽക്കാനായി ഇന്ത്യ, കോവിഡ് വാക്സിനേഷൻ വേഗത്തിലാക്കിയിട്ടുണ്ട്. ആദ്യത്തെ പത്തു കോടി ഡോസ് വാക്സിനേഷന് 85 ദിവസങ്ങളെടുത്തുവെങ്കിൽ അവസാന പത്ത് കോടി ഡോസിന് വേണ്ടിവന്നത് വെറും 19 ദിവസം മാത്രമാണ്.

ആഗസ്റ്റ് മാസത്തിൽ പ്രതിദിനം ശരാശരി 52.16 ലക്ഷം പേർക്കാണ് രാജ്യത്ത് വാക്സിൻ നൽകുന്നത്. ജൂണിൽ ഇത് 39.38 ലക്ഷവും ജൂലായിൽ 43.41 ലക്ഷവുമായിരുന്നു. ഒക്ടോബറോടെ രാജ്യത്തെ വാക്സിൻ വിതരണം കൂടുതൽ വേഗത്തിലാക്കാൻ കഴിയുമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 79,48,439 ഡോസ് ഉൾപ്പെടെ ഇന്ന് രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് 66,60,983 സെഷനുകളിലൂടെ ആകെ 61.22 കോടിയിലേറെ (61,22,08,542) ഡോസ് വാക്സിൻ നൽകി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.