വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവമാണ്. ഏത് ക്രൈസ്തവ ഇടവകയിലും, അവിടെയുള്ള വൈദികനെ എതിർക്കുന്നവരുടെ ഒരു കൂട്ടവും, അനുകൂലിക്കുന്നവരുടെ ഒരു കൂട്ടവും ഉണ്ടാവുക എന്നത് എഴുതപ്പെടാത്ത ഒരു നിയമം പോലെയാണ്. അതില്ലെങ്കിൽ അതൊരു ഇടവകയേ അല്ല എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ഈ സംഭവം നടക്കുന്നതും ഒരു കത്തോലിക്കാ ദേവാലയത്തോട് ബന്ധപ്പെട്ടാണ്.
അവിടെ പുതിയതായി ഒരു വൈദികൻ വികാരിയായി ചാർജ്ജെടുക്കുന്നു. സ്വാഭാവികമായും ആ വൈദികൻ വന്ന നാൾ മുതൽ ഇടവക മൊത്തം രണ്ടായി പിരിഞ്ഞു. പ്രത്യേകിച്ച് കാരണമൊന്നുമില്ല, അതിന്റെ ഒരു രീതി അങ്ങനെയാണല്ലോ. അച്ചൻ എന്ത് പറഞ്ഞാലും എതിർക്കുന്ന ഒരു കൂട്ടവും അനുകൂലിക്കുന്ന വേറൊരു കൂട്ടവും. അവിടെ പുതുതായി ഒരു കെട്ടിടം നിർമ്മിക്കണമെന്ന് വികാരിയച്ചന്റെ കൂടെ ചേർന്ന് ഒരു കൂട്ടർ ശക്തമായി വാദിക്കുകയും കൂടെ ചെയ്തപ്പോൾ വിഘടനം പൂർത്തിയായി.
ആ ഇടവകയിലെ അംഗങ്ങളായ ആളുകൾ എവിടെ ഒന്ന് കൂടിയാലും, എന്തിനു പറയുന്നു, രണ്ടു പേർ ചേർന്നാലും ഇത് തന്നെയായി സംസാര വിഷയം. കെട്ടിടം വേണോ വേണ്ടയോ, അച്ചൻ ശരിയോ തെറ്റോ എന്നത് മാത്രമായി എല്ലാ ചർച്ചകളും. ചർച്ചകൾ ഇങ്ങനെ നീണ്ടുകൊണ്ടേയിരുന്നു, കൂടെ വാദങ്ങളും, പ്രതിവാദങ്ങളും, വാഗ്വാദങ്ങളും, പാരവെപ്പും, തള്ളിക്കേറ്റവും, വലിച്ചിടീലും ഒക്കെയായി നല്ല മേളം.
ഈ സംഭവത്തിലെ നായകൻ എന്ന് പറയുന്നത് ഒരു 60-65 വയസുള്ള വളരെ മാന്യനായ, അല്ലെങ്കിൽ അങ്ങിനെ കാണപ്പെടുന്ന ഒരു വ്യക്തിയാണ്. ഇദ്ദേഹം നാട്ടിൽ പള്ളിക്ക് വേണ്ടി സ്വന്തം സ്ഥലം ദാനം ചെയ്തെന്നും, പള്ളി പണിയാൻ വേണ്ടിവന്ന തുകയുടെ മുക്കാൽ പങ്കും സ്വന്തം കയ്യിൽ നിന്ന് ചിലവാക്കിയെന്നൊക്കെ അവകാശപ്പെടുന്ന വളരെ ഉദാരമതിയായ വ്യക്തിയാണ്.
ഒരു ദിവസം, ഇദ്ദേഹം ഉൾപ്പെടുന്ന ഗ്രൂപ്പിലെ ആൾക്കാർ, (വികാരിയച്ചനെ എതിർക്കുന്ന ഗ്രൂപ്പ്) ഇങ്ങനെയൊരു സഭ കൂടുന്ന ദിവസം. പ്രത്യേകിച്ച് ഒന്നും പറയാനും സംസാരിക്കാനും ഇല്ലാത്തത് കൊണ്ട് പള്ളിയും, അച്ചനും, പള്ളിക്കാരും തന്നെ സംസാരവിഷയമായി. പലതും ഇങ്ങനെ പറഞ്ഞു പറഞ്ഞ് ചർച്ചയങ്ങനെ ചൂട് പിടിച്ച്. വികാരിയച്ചൻ കള്ളനാണ്, കെട്ടിടം പണി നടന്നാൽ അച്ചന് മൊത്തം തുകയുടെ 10% കമ്മീഷൻ കിട്ടും, അയാൾ കാശുണ്ടാക്കാൻ വേണ്ടിയാണ് ഈ കെട്ടിടം പണിയാനുള്ള പ്ലാനും കൊണ്ട് വന്നത് എന്നൊക്ക പറഞ്ഞ് ഓരോരുത്തരും കത്തിക്കേറാൻ തുടങ്ങി.
വികാരിയച്ചനെ നിലയ്ക്ക് നിർത്താനുള്ള പലതരം ഐഡിയകൾ പലരും അവതരിപ്പിച്ചെങ്കിലും ആർക്കും ഒന്നും സ്വീകാര്യമായില്ല. വീട്ടിൽ, സ്വന്തം അപ്പാപ്പനും, അനേകം പാപ്പന്മാരും അനിയന്മാരും വൈദികരായി ഉള്ളത് കാരണം, വൈദികരെക്കുറിച്ച് ഒരു പരിധി വിട്ട് നമ്മളൊന്നും സംസാരിക്കാറില്ലാത്തത് കാരണം ഇവിടെയും നമ്മൾ മൗനം പാലിച്ച് ഒരു മൂലയിൽ ചുരുണ്ടു കൂടി.
അപ്പോഴാണ്, രണ്ടെണ്ണം വിട്ട് ആവേശഭരിതനായ നമ്മുടെ നായകൻ ചാടിയെഴുന്നേറ്റ് പറഞ്ഞത്
“അച്ചനത്ര വല്യ ആളൊന്നും കളിക്കേണ്ട. ഒരു പെണ്ണ്കേസ് ഉണ്ടാക്കാൻ അത്ര ബുദ്ധിമുട്ടൊന്നുമില്ല. പെണ്ണുകേസിൽ പെടുത്തി നാറ്റിച്ച് നാടുകടത്തും അയാളെ…ഹല്ല പിന്നെ…”
യാതൊരു പേരുദോഷവും ഇന്നേവരെ കേൾപ്പിക്കാത്ത ആ വന്ദ്യവൈദികനെ പെണ്ണ് കേസിൽ കുടുക്കുമെന്നുള്ള ആ വ്യക്തിയുടെ പ്രഖ്യാപനം, അതും ഒരു കാര്യവുമില്ലാത്ത കേസിന്, ഒരു ഞെട്ടലോടെയാണ് ഞാൻ കേട്ടിരുന്നത്. അന്ന് ആ വ്യക്തിയുമായുള്ള സകല ബന്ധങ്ങളും ഉപേക്ഷിച്ചുവെങ്കിലും, ഇന്നും, സ്വന്തം വ്യക്തിതാല്പര്യങ്ങൾ നടപ്പിലാക്കാൻ വേണ്ടി ഒരു കത്തോലിക്കാ വൈദികനെ, അതും ഒരു തെറ്റും ചെയ്യാത്ത ഒരു അയ്യോപാവം വൈദികനെ പെണ്ണ് പിടിയനും കുറ്റക്കാരനുമാക്കാനും, നാറ്റിക്കാനും എന്തിന്, വ്യാജ പെണ്ണുകേസിൽ പെടുത്താനും വരെ മടിയില്ലാത്ത കുഞ്ഞാടുകൾ ഇന്നും ജീവിക്കുന്നല്ലോ എന്നോർക്കുമ്പോൾ സത്യത്തിൽ എന്റെയും തല കുനിയുകയാണ്.
അന്നത് വിട്ടു കളഞ്ഞുവെങ്കിലും, ഇന്നിപ്പോൾ ഇത് എഴുതുവാനുള്ള കാരണമെന്താണെന്ന് ചോദിച്ചാൽ – തെറ്റ് ചെയ്ത, കുറ്റക്കാരായ ആരെയും ന്യായീകരിക്കാനല്ല. മറിച്ച്, ഈയിടെയായി സമൂഹമാധ്യമങ്ങളിൽ വർദ്ധിച്ച് വരുന്നൊരു പ്രവണതയാണ് കത്തോലിക്കാ വൈദികരെ ചെളിവാരിയെറിയുക എന്നത്. അതിൽ തന്നെ മുൻപന്തിയിൽ നിൽക്കുന്നത് ക്രൈസ്തവ നാമധാരികളായ ചില സാമൂഹിക പരിഷ്കർത്താക്കളാണെന്നതാണ് ഏറെ ദുഖിപ്പിക്കുന്ന വസ്തുത. ആയിരക്കണക്കിനുള്ള കത്തോലിക്കാ വൈദികരിൽ വിരലിലെണ്ണാവുന്ന ചിലർ ചെയ്ത കുറ്റത്തിന്റെ പേരിൽ ഒരു സമൂഹത്തെ മുഴുവൻ അവഹേളിക്കുന്ന പ്രവണത കണ്ടു കണ്ട് സഹിക്കാൻ വയ്യാത്തത് കൊണ്ടാണിപ്പോൾ ഇതെഴുതിയത്.
ഭൂരിഭാഗം വരുന്ന ഒരു പാട് നല്ല, വിശുദ്ധരായ, ദൈവജനത്തിനായി സ്വയം സമർപ്പിച്ച വൈദികരെ, രക്ഷാകര പദ്ധതിയിൽ അനേകരെ പങ്കാളികളാക്കാൻ വേണ്ടി മാതാപിതാക്കളെയും, സ്വന്തബന്ധങ്ങളെയും ഉപേക്ഷിച്ച്, ദൈവനാമത്തിന്റെ മഹത്വീകരണത്തിനും അതുവഴി മനുഷ്യകുലത്തോട് രക്ഷയുടെ സന്ദേശം എത്തിക്കാനും വേണ്ടി സ്വയം ഉരുകിത്തീരുന്ന പുരോഹിതരെ, ചിലരുടെ അപചയങ്ങൾ മൂലം ഒന്നാകെ പഴിക്കുന്നത് തികച്ചും അന്യായമാണ്.
മുകളിൽ പറഞ്ഞ മാതിരിയുള്ള, സ്വന്തം വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി ഒരു പുരോഹിതനെ, കർത്താവിന്റെ അഭിഷിക്തനെ കള്ളക്കേസിൽ കുടുക്കണമെന്ന് ഒരുളുപ്പുമില്ലാതെ വിളിച്ച് പറയാനും, അത് ചെയ്യാനും മടിയില്ലാത്ത അഭിനവ ക്രൈസ്തവരുടെ ഇടയിലാണ് നമ്മൾ ജീവിക്കുന്നത്. അതിനാൽ തന്നെ വന്ദ്യ വൈദികരെ, കത്തോലിക്കാ സഭയുടെ നെടുംതൂണുകളായ നിങ്ങളാണ് ഇക്കാലത്ത് പ്രലോഭനങ്ങൾക്ക് ഏറ്റവും കൂടുതൽ ഇരയാവേണ്ടി വരുന്നതെന്നത് വ്യക്തമാണ്.
ആർക്കുവേണ്ടി ഈ ലോക സുഖങ്ങൾ നിങ്ങൾ ത്യജിച്ചുവോ, അവർ തന്നെയാണ് നിങ്ങൾക്കെതിരെ പടയൊരുക്കുന്നത്. സൂക്ഷിക്കണം. സൂക്ഷിച്ചേ മതിയാവൂ. നിങ്ങളെ വിശ്വസിച്ചൊരു ജനതയുണ്ട്, നിങ്ങളാണവരുടെ പ്രത്യാശ, അവസാനത്തെ അത്താണി. അവരെ നേർവഴിക്ക് നടത്താൻ, കർത്താവിലേക്ക് നയിക്കാൻ പ്രലോഭനങ്ങളെയും ഗൂഢതന്ത്രങ്ങളെയും അതിജീവിച്ച് അവരെ നന്മയുടെ, ആത്മാവിന്റെ പാതയിലൂടെ നയിക്കാൻ സർവ്വശക്തൻ നിങ്ങളെ അനുഗ്രഹിക്കട്ടെ.
ബിനീഷ് പാമ്പയ്ക്കല്