

ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഭാഗ്യമെന്നു പറയുന്നത്, കർത്താവ് കൂടെയുള്ള അവസ്ഥയാണ്. അബ്രഹാമിനോടും ഇസഹാക്കിനോടും യാക്കോബിനോടും ജോസഫിനോടുമൊക്കെ ദൈവം കൂടെയിരുന്നു എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു.
മോശയുടെ ബലഹീനതയിൽ “ഞാൻ നിന്നോടു കൂടെയിരിക്കും” എന്നു വാഗ്ദാനം ചെയ്ത ദൈവം. അശക്തനായിരുന്ന തന്റെ ശക്തിദുർഗ്ഗം ദൈവസാന്നിധ്യമാണെന്നു പാടി ദാവീദ്, “നീ എന്നോടു കൂടെയിരിക്കുന്നുവല്ലോ” (സങ്കീ. 23:4).
പഴയ നിയമത്തിലെയും പുതിയ നിയത്തിലെയും ദൈവം ഒന്നു തന്നെയും എപ്പോഴും മനുഷ്യരുടെ മദ്ധ്യേ വസിക്കാൻ ആഗ്രഹിക്കുന്നവനുമാണ്. കൽപ്പലകകളുടെ രൂപത്തിൽ സമാഗമകൂടാരത്തിലെ വാഗ്ദാനപേടകത്തിൽ മനുഷ്യരോടൊത്ത് കൂടാരമടിച്ച ദൈവം.
പുതിയ നിയമത്തിൽ മറിയം എന്ന മാനുഷിക കൂടാരത്തിൽ ഒൻപതു മാസം വസിക്കുകയും ‘ഇമ്മാനുവേൽ’ ആയിത്തീരുകയും ചെയ്തു. മനുഷ്യരക്ഷക്കു വേണ്ടി നമ്മോടുള്ള സ്നേഹത്തെപ്രതി പീഢകൾ സഹിച്ച് കുരിശിന്റെ മാറോളം തന്റെ ജീവനെ വിട്ടുകൊടുത്തിട്ടും മതിവരാതെ, നമ്മോടു കൂടെയായിരിക്കാൻ, സമയമില്ലാതെ പരക്കം പായുന്ന എന്റെ അബദ്ധത്തിലുള്ള ഒരു വിളി പോലും കേട്ട് ഇറങ്ങിവരാൻ വെമ്പൽ കൊണ്ട്, ഊതിയാൽ പറക്കുന്ന വെറും ഒരു ഗോതമ്പപ്പത്തിലേക്ക് തന്നെ മുഴുവനായി ആവാഹിച്ച്, എനിക്ക് ഭക്ഷണയോഗ്യമാം വിധം അശുദ്ധമായ എന്റെ കരങ്ങളിലൂടെ, അറപ്പില്ലാതെ എന്റെ നാവിന്റെ നനവിൽ അലിയാൻ, സദാ എന്നോടൊപ്പമായിരിക്കാൻ ഹൃദയം തുടിച്ച് സക്രരികളിൽ അവന്റെ നിറസാന്നിധ്യം.
നിന്റെ യാത്രകളിൽ, നീ ആയിരിക്കുന്ന ഇടങ്ങളിൽ, നീ പോലും അറിയാതെ, ക്ഷണിക്കാതെ, നിനക്ക് സംരക്ഷണം നൽകാൻ, നീ പോകുന്നിടത്ത് കൂട്ടു വരുന്ന ഒരു ദൈവം. നീ ആയിരിക്കുന്നിടത്ത് താവളമിടുന്ന ഒരു ദൈവം.
ജീവിതവഴികളിൽ ഒറ്റപ്പെടുന്ന നിമിഷങ്ങളിൽ നീ ഓർക്കുക, അവിടുന്ന് അടുത്തുണ്ട്. ചില ശൂന്യതകൾ അവിടുത്തെ സ്വരം ശ്രവിക്കാൻ, ചില രോഗങ്ങൾ അവിടുത്തെ സ്പർശനമേല്ക്കാൻ, ചില അവ്യക്തതകൾ അവിടുത്തോട് ആലോചന ചോദിക്കാൻ അനുവദിക്കുന്നതാകാം.
“കർത്താവ് ഇത്ര അടുത്തുള്ള വേറെ ഏതു ശ്രേഷ്ഠജനതയാണുള്ളത്?”
ജിൻസി സന്തോഷ്