
മനുഷ്യവംശത്തെ അസത്യത്തിൽ നിന്ന് സത്യത്തിലേയ്ക്കും അന്ധകാരത്തിൽ നിന്ന് പ്രകാശത്തിലേയ്ക്കും മരണത്തിൽ നിന്നു നിത്യജീവനിലേയ്ക്കും കൈപിടിച്ച് കരകയറ്റുവാൻ പ്രവചനങ്ങളുടെ പൂർത്തീകരണമായി ഇന്ന് ദൈവം നമ്മോടു കൂടെ.
എന്റെ കൂടെ ആയിരിക്കുക എന്നുള്ളത് സ്രഷ്ടാവായ ദൈവത്തിന്റെ അടങ്ങാത്ത ആഗ്രഹമായിരുന്നു. ആദത്തിൽ തുടങ്ങി ഇന്നോളം മനുഷ്യനിൽ ദൈവം കേട്ട സ്വരമാണ് ഞാൻ ഏകനാണ് എന്നുള്ളത്. എന്നാൽ ഇന്നു ഞാൻ ഏകനല്ല. കാരണം, അവൻ എന്നോട് കൂടെത്തന്നെയുണ്ട്. ഇമ്മാനുവേൽ ആയി, ചേർത്തുപിടിക്കുന്നവനായി, സാന്ത്വനമേകുന്നവനായി ലോകാവസാനത്തോളം കൂട്ടിനുള്ളവൻ.
ക്രിസ്തു എന്ന വ്യക്തിയെ നോക്കി മാത്രമേ സ്നേഹം എന്ന വാക്കിനെ നമുക്ക് നിർവചിക്കാൻ ആവുകയുള്ളൂ. ഈ സ്നേഹത്തിനു വേണ്ടിയുള്ള ദാഹമാണ് മനുഷ്യവംശത്തിൽ ഒന്നാകെ കാണപ്പെടുന്നത്. ക്രിസ്തു കാണിച്ചുതന്ന മാർഗ്ഗത്തിലൂടെ എളിയവരെ ചേർത്തുപിടിക്കുമ്പോൾ, ചെറിയവരുടെ എളിയ പരിശ്രമത്തെ ഉയർത്തിക്കാണിക്കുമ്പോൾ എന്നിലും ഈ ക്രിസ്തുമസ് പൂര്‍ണ്ണമാകും. അപ്പോൾ ഞാനും നീയും ക്രിസ്തുമസ് ആയി മാറും. ക്രിസ്തു ഒരു ശിശുവായി അവതരിച്ചുകഴിഞ്ഞു. ഇനി ഈ ശിശു വളരേണ്ടത് എന്നിലും നിന്നിലുമാണ്. ഈ ശിശുവിനെ നമ്മുടെ ഹൃദയത്തിൽ നമുക്ക് ഏറ്റെടുക്കാം.
എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ!!!
റോസിന പീറ്റി