ചൈതന്യ കാര്‍ഷികമേളയില്‍ ജനത്തിരക്ക് ഏറുന്നു

കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാന കൃഷി വകുപ്പിന്റെ പങ്കാളിത്തത്തോടെ തെള്ളകം ചൈതന്യയില്‍ സംഘടിപ്പിക്കുന്ന 25-ാമത് ചൈതന്യ കാര്‍ഷിക മേളയിലും സ്വാശ്രയസംഘ മഹോത്സവത്തിലും ജനത്തിരക്ക് ഏറുന്നു. ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം മേളാങ്കണത്തില്‍ എത്തിച്ചേരുന്നത്. മേളയോടനുബന്ധിച്ച് കൃഷി, പരിസ്ഥിതി, വിജ്ഞാനം, വിനോദം, ആരോഗ്യം, മൃഗസംരക്ഷണം, സ്വാശ്രയത്വം, വികസന മുന്നേറ്റ മാതൃകകള്‍ തുടങ്ങി വിവിധ മേഖലകളെ കോര്‍ത്തിണക്കിക്കൊണ്ടുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

കാര്‍ഷിക മേളയുടെ അഞ്ചാം ദിനം സാമൂഹ്യ സമഭാവന ദിനമായിട്ടാണ് ആചരിച്ചത്.കടുത്തുരുത്തി മേഖല കലാപരിപാടികളും ദമ്പതികള്‍ക്കായുള്ള കപ്പ കൊത്തി ഞുറുക്കല്‍ മത്സരവും ‘നാട്യരസം’ ഭരതനാട്യ മത്സരവും നടത്തപ്പെട്ടു. ഉച്ചകഴിഞ്ഞ്  നടത്തപ്പെട്ട ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാറിന് കോട്ടയം നാര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി എ.ജെ തോമസ് നേതൃത്വം നല്‍കി. തുടര്‍ന്ന് ‘കേശറാണി’ ഹെയര്‍ ഷോ മത്സരവും സോഷ്യല്‍ വര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ‘വൈബ്രന്‍സ് 2025’ ഫ്‌ളാഷ് ഡ്രാമ മത്സരവും ചലച്ചിത്ര ടിവി താരങ്ങള്‍ അണിനിരക്കുന്ന കോമഡി മ്യൂസിക്കല്‍ ഡാന്‍സ് ഹങ്കാമ നൈറ്റും നടത്തപ്പെട്ടു.

കാര്‍ഷിക മേളയുടെ ആറാം ദിവസമായ ഇന്ന് (ഫെബ്രുവരി 7 വെള്ളി) സ്വാശ്രയസംഗമ ദിനമായിട്ടാണ് ആചരിക്കുന്നത്. 12.30 ന് കൈപ്പുഴ മേഖല കലാപരിപാടികളും 1.00 മണിക്ക് തേങ്ങാപൊതിയ്ക്കല്‍ മത്സരവും 1.30 ന് ‘രാജാറാണി’ പെയര്‍ ഡാന്‍സ് മത്സരവും നടത്തപ്പെടും. 3.00 മണിക്ക് ‘മാനുഷിക മൂല്യങ്ങള്‍ ആധുനിക സമൂഹത്തില്‍’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറിന് ഫാമിലി കൗണ്‍സിലര്‍ ഡോ. ഗ്രേയ്‌സ് ലാല്‍ നേതൃത്വം നല്‍കും. 4 മണിക്ക് ‘താടിവാല’ താടിസുന്ദരന്‍ മത്സരവും 5.00 മണിക്ക് കാരിത്താസ് കോളേജ് ഓഫ് നേഴ്‌സിംഗ് & ഫാര്‍മസി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടി ‘ആരവം’ നടത്തപ്പെടും. വൈകുന്നേരം 6.30 ന് ഫ്യൂഷന്‍ നൈറ്റും അരങ്ങേറും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.