
ഡോ. ജോജോ ജോസഫുമായി കീർത്തി ജേക്കബ് നടത്തിയ സംഭാഷണത്തിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയത്

ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ലോകത്തിലെ എല്ലാ ജനങ്ങളുടേയും ജീവിതത്തില്‍ കോവിഡ് മഹാമാരി സ്വാധീനം ചെലുത്തുകയുണ്ടായി. കോവിഡ് കാലത്തെക്കുറിച്ചുള്ള ഓരോരുത്തരുടേയും അനുഭവം വ്യത്യസ്തവുമാണ്. കോവിഡ് എന്ന രോഗം മാത്രമല്ല പലരുടേയും ജീവിതങ്ങളെ മാറ്റിമറിച്ചത്. അതുമായി ബന്ധപ്പെട്ട് ലോകമെമ്പാടും ഉണ്ടായ ലോക്ക് ഡൗണും അടച്ചിടലുമെല്ലാമാണ്.
ഇന്ന് കോവിഡ് വാക്സിന് കണ്ടെത്തുകയും നല്ലൊരു ശതമാനം ജനങ്ങളും വാക്സിന് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇത്തരത്തില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഒരു വഴി കണ്ടെത്തിയപ്പോഴേക്കും മറ്റൊരു ഞെട്ടിക്കുന്ന സത്യം പലരും തിരിച്ചറിഞ്ഞിരിക്കുകയാണ്. തങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തെ മറ്റൊരു രോഗാവസ്ഥ ബാധിച്ചിരിക്കുന്നു – കേവ് സിന്‍ഡ്രോം എന്നാണ് അതിന്റെ പേര്. ഭയപ്പെടേണ്ടതല്ലെങ്കിലും ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട രോഗാവസ്ഥ തന്നെയാണിതെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുകയും ചെയ്യുന്നു.
എന്താണ് കേവ് സിന്‍ഡ്രോം?
കേവ് എന്നാല്‍ ഗുഹ. കൊറോണയ്ക്കെതിരെ മുന്‍കരുതലുകളെല്ലാം ഉണ്ടെങ്കിലും പഴയതു പോലെ സമൂഹത്തിലേയ്ക്ക് ഇറങ്ങി പ്രവര്‍ത്തിക്കാനോ പെരുമാറാനോ ഉള്ള ഭയമാണ് ഇത്. പകരം സ്വന്തം വീടിനുള്ളില്‍, മുറിയ്ക്കുള്ളില്‍ മറ്റാളുകളെ അഭിമുഖീകരിക്കാതെ കഴിയാനുള്ള പ്രവണത. ഒരുതരം ഉള്‍വലിയല്‍ സ്വഭാവം. കഴിഞ്ഞ ഏകദേശം 15 മാസത്തെ ലോക്ക് ഡൗണിനു ശേഷം പതിയെ ഓരോ സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഓഫീസുകളും പ്രവര്‍ത്തനം ആരംഭിക്കുമ്പോഴും അവയിലേയ്ക്ക് സ്വന്തം വീട് വിട്ട് ഇറങ്ങിച്ചെല്ലാനുള്ള മടിയും ഭയവും അസ്വസ്ഥതയുമാണിത്.
എന്തുകൊണ്ട് കേവ് സിന്‍ഡ്രോം?
ഏകദേശം 15 മാസത്തെ അടച്ചിടലിനു ശേഷം ആളുകളുടെ മാനസിക, ശാരീരിക അവസ്ഥകള്‍ക്ക് ഏറെ മാറ്റം സംഭവിക്കുകയുണ്ടായി. കോവിഡ് ബാധിച്ചവര്‍ക്ക് അതിന്റെ പരിണിതഫലങ്ങളും അസ്വസ്ഥതകള്‍ക്ക് കാരണമായി. കുടുംബാംഗങ്ങളെ അല്ലാതെ ആരെയും കാണാതെയും അധികം സംസാരിക്കാതെയും ശീലമായതോടെ എല്ലാവരും വീടിന്റെ അല്ലെങ്കില്‍ സ്വന്തം മുറിയുടെ നാല് ചുവരുകള്‍ക്കുള്ളില്‍ ജീവിതത്തെ തളച്ചിടാന്‍ പര്യാപ്തരായി മാറുകയും ചെയ്തു. ചിലര്‍ക്ക് കൊറോണയെ തന്നെയാണ് ഭയം. പുറത്തിറങ്ങിയാല്‍ കോവിഡ് പിടിപെടുമോ എന്ന പേടി.
ഇത്തരമൊരു സാഹചര്യം മന:ശാസ്ത്രഞ്ജരും ഗവേഷകരും നേരത്തെ തന്നെ പ്രവചിച്ചിരുന്നതിനാല്‍ ഈ അവസ്ഥയ്ക്കുള്ള പരിഹാരമാര്‍ഗ്ഗങ്ങളും കണ്ടെത്തിയിരുന്നു. അവ ഏതൊക്കെയെന്ന് നോക്കാം…
1. സ്വയം ക്ഷമ കാണിക്കുക
സാധാരണ ജീവിതത്തിലേക്കുള്ള തിരിച്ചുപോക്ക് ഒരിക്കലും ഒരു ദിവസം കൊണ്ട് സാധ്യമാകുന്ന ഒന്നല്ല. അത് ഏറെ നാളുകള്‍ കൊണ്ട് പല ഘട്ടങ്ങളിലൂടെയാണ് സംഭവിക്കാന്‍ പോകുന്നത്. അതുകൊണ്ട് പഴയ ജീവിതത്തിലേയ്ക്കുള്ള ഓരോ ഘട്ടവും ക്ഷമയോടെ കൈകാര്യം ചെയ്യുക. അന്ന് ഞാനിതൊക്കെ ആസ്വദിച്ചിരുന്നു എന്നത് മനസില്‍ കണ്ടുകൊണ്ട് പതിയെപ്പതിയെ സാധാരണ ജീവിതത്തിലേയ്ക്ക് പ്രവേശിക്കാന്‍ പരിശ്രമിക്കുക.
2. നിങ്ങള്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക
മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും ഇപ്പോള്‍ പല രാജ്യങ്ങളിലും നിര്‍ബന്ധമല്ല. എങ്കിലും നമുക്ക് വ്യക്തിപരമായി ചിലപ്പോള്‍ ഇത്തരം സുരക്ഷാമാനദണ്ഡങ്ങള്‍ ഉപേക്ഷിക്കാന്‍ തോന്നിയെന്നു വരില്ല. അങ്ങനെയെങ്കില്‍ നിങ്ങള്‍ അവ പാലിക്കുക തന്നെ ചെയ്യുക. അങ്ങനെ ചെയ്യുന്നതുവഴി നാണക്കേട് വിചാരിക്കുകയോ, മറ്റുള്ളവരുടെ പരിഹാസങ്ങളെ ഭയക്കുകയോ ചെയ്യേണ്ടതില്ല. നിങ്ങള്‍ സുരക്ഷിതരല്ല എന്ന് തോന്നുന്ന ഇടങ്ങളില്‍ ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം.
3. പ്രതിരോധ നടപടികളെക്കുറിച്ച് അറിവ് നേടുക
കോവിഡ് 19- നെ പ്രതിരോധിക്കാന്‍ എന്തെല്ലാം നടപടികളാണ് പൊതുസമൂഹവും സര്‍ക്കാരും പ്രത്യേകമായി, നിങ്ങള്‍ ജോലി ചെയ്യുന്ന കമ്പനിയും പഠിക്കുന്ന സ്ഥാപനവും എടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള അറിവ് കേവ് സിന്‍ഡ്രോം അകറ്റാനുള്ള ഒരു മാര്‍ഗ്ഗമാണ്. അവയെക്കുറിച്ച് കൂടുതലായി മനസിലാക്കിക്കഴിഞ്ഞാല്‍ പുറത്തിറങ്ങാനുള്ള ഭയത്തിന് കുറവ് വരും.
4. കടന്നുവന്ന വഴികളെക്കുറിച്ച് ചിന്തിക്കുക
വ്യക്തിയെന്ന നിലയിലും സമൂഹമെന്ന രീതിയിലും കഴിഞ്ഞ ഒന്നര വര്‍ഷം നാം അതിജീവിച്ചല്ലോ എന്നോര്‍ത്ത് അഭിമാനിക്കുക. ഇങ്ങനെയൊരു സാഹചര്യത്തോടും അനൂരൂപരാകാന് നമുക്കെല്ലാം സാധിച്ചല്ലോ എന്നും ചിന്തിക്കണം. ഈ പ്രതികൂലസാഹചര്യത്തിലും നാം ജീവിതത്തിലുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കണം.
വ്യക്തിശുചിത്വം, ഭക്ഷണശൈലി, ദിനചര്യകള്‍, തന്നിലേക്കു തന്നെയുള്ള തിരിഞ്ഞുനോട്ടം, വിനോദപരിപാടികള്‍ തുടങ്ങിയ കാര്യങ്ങളില്‍ വരുത്തിയ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങളെക്കുറിച്ചും ചിന്തിക്കണം. അതും പഴയ സാമൂഹികജീവിതത്തെക്കുറിച്ചുള്ള ചില ഓര്‍മ്മകളിലേയ്ക്ക് നമ്മെ കൊണ്ടുപോകും.
5. പുതിയ വിനോദങ്ങളെ കൂടെ കൂട്ടാം
ക്വാറന്റൈന്, ലോക്ക് ഡൗൺ സമയങ്ങളില്‍ നാം കണ്ടെത്തിയ പുതിയ വിനോദങ്ങളെ ഉപേക്ഷിച്ചു കളയാതെ കൂടെക്കൂട്ടാം. സാധാരണ ജീവിതത്തിലേക്ക് മടങ്ങുമ്പോഴും ആ കഴിവുകളും ഇഷ്ടങ്ങളും എപ്രകാരമെല്ലാം ഫലപ്രദമാക്കാമെന്നും ചിന്തിക്കാം. മികച്ച മാനസിക ഉണര്വ്വിന് അവ സഹായിക്കും.
6. മഹാമാരിക്കു മുമ്പുള്ള നല്ല നിമിഷങ്ങളെ ഓര്‍ത്തെടുക്കാം
ഈ ലോക്ക് ഡൗൺ കാലം ഒന്ന് കഴിഞ്ഞിരുന്നെങ്കില്‍ ചെയ്യാനായി കാത്തുവച്ചിരുന്ന പല കാര്യങ്ങളും എല്ലാവരുടേയും ജീവിതത്തില്‍ കാണും. അവയുടെ ഒരു ലിസ്റ്റ് തന്നെ തയ്യാറാക്കുക. അവ നടപ്പിലാക്കുന്നതിനുള്ള പ്ലാനുകളും തയ്യാറാക്കി വയ്ക്കുക. കൊറോണക്കു മുമ്പുള്ള ജീവിതത്തില്‍ സംഭവിച്ച നല്ല നിമിഷങ്ങളെ ഓര്‍ത്തെടുക്കുകയും അവ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുക.
7. സ്വയം വ്യസനിക്കാനും അനുവദിക്കുക
മാനസികാരോഗ്യവും മനസാന്നിധ്യവും വീണ്ടെടുക്കുന്നതിന്റെ ഒരു ഭാഗമാണ്, സ്വയം വ്യസനിക്കാന്‍ അനുവദിക്കുക എന്നതും. കോവിഡ് കാലഘട്ടത്തിലുണ്ടായ നഷ്ടങ്ങളെക്കുറിച്ചും വേദനകളെക്കുറിച്ചും ബുദ്ധിമുട്ടുകളെക്കുറിച്ചും ചിന്തിക്കുന്നതും കുറച്ചു സമയമെങ്കിലും സ്വയം ദുഃഖിക്കാന്‍ അനുവദിക്കുന്നതും നല്ലതാണ്. ആരോടെങ്കിലും ഇവ പങ്കുവയ്ക്കുന്നതും മനസിനെ സൗഖ്യപ്പെടുത്തും. ഏതെങ്കിലും കൗണ്‍സിലര്‍മാരുടേയോ മനശാസ്ത്രഞ്ജരുടേയോ സഹായവും ആവശ്യമെങ്കില്‍ തേടാവുന്നതാണ്.
കേവ് സിന്‍ഡ്രോം അനുഭവപ്പെടുന്നവര്‍ ശ്രദ്ധിക്കേണ്ട മൂന്നു വാക്കുകള്‍
കേവ് സിന്‍ഡ്രോം തിരിച്ചറിയുന്നവര്‍ ശ്രദ്ധിക്കേണ്ട മൂന്നു വാക്കുകളെക്കുറിച്ച് സൈക്കാട്രിസ്റ്റായ ഡോ. ആര്‍തര്‍ ബ്രെഗ്മാന്‍ പറയുന്നതിങ്ങനെ. MAV സിസ്റ്റം എന്നാണ് അദ്ദേഹം ഇതിനെ വിളിക്കുന്നത്. M= Mindfulness, A=Attitude, V=Vision.
1. M = Mindfulness (മാനസികനില)
കേവ് സിന്‍ഡ്രോം എന്നു മാത്രം മനസിലാക്കാതെ പ്രത്യേകമായി എന്ത് കാര്യമാണ് ഈ അവസ്ഥയിലേക്ക് നിങ്ങളെ തള്ളിവിടുന്നത് എന്ന് മനസിലാക്കുക. കോവിഡ് പിടിപെടുമെന്ന ഭയമാണോ? സമൂഹജീവിതം നയിക്കാനുള്ള ഭയമാണോ? ഏകാന്തജീവിതം ഉപേക്ഷിക്കാനുള്ള മടിയാണോ? ഇങ്ങനെ എന്ത് കാരണമാണ് മുറിയില്‍ ഒതുങ്ങിക്കൂടാന്‍ വീണ്ടും പ്രേരിപ്പിക്കുന്നതെന്ന് കൃത്യമായി കണ്ടെത്തണം.
2. A = Attitude (മനോഭാവം)
പുറത്തിറങ്ങാന്‍ നിങ്ങള്‍ ഭയപ്പെടുന്ന കാര്യത്തെക്കുറിച്ച് മാത്രം ചിന്തിക്കാതെ, പുറത്തിറങ്ങി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയാലുണ്ടാകുന്ന ഗുണങ്ങളെക്കുറിച്ചും ഉണ്ടായേക്കാവുന്ന സന്തോഷങ്ങളെക്കുറിച്ചും കൂടുതലായി ചിന്തിക്കുക. അങ്ങനെ മനോഭാവം മാറ്റിയെടുക്കാന്‍ ശ്രമിക്കുക.
3. V = Vision (ദര്‍ശനം)
2020 മാര്‍ച്ചിനു മുമ്പ് നിങ്ങള്‍ ചെയ്തിരുന്നതും കഴിഞ്ഞ ഒന്നര വര്‍ഷമായി സാധിക്കാത്തതും നിങ്ങളെ സന്തോഷിപ്പിച്ചിരുന്നതുമായ കാര്യങ്ങള്‍ ആലോചിക്കുക. കൊറോണക്കു മുമ്പുള്ള പഴയ ഫോട്ടോസ് വീണ്ടും കാണുക. അവധി ദിനങ്ങള്‍ ആഘോഷിച്ചിരുന്നതെങ്ങനെ എന്ന് വീണ്ടും ഓര്‍മ്മിച്ചെടുക്കുക. ഇത്രയുമൊക്കെ ചെയ്തുകഴിയുമ്പോള്‍ വീണ്ടും പുറത്തിറങ്ങണമെന്നും പഴയതു പോലെ തന്നെ ജീവിക്കണമെന്നുമൊക്കെ തോന്നിയേക്കാം.
കീര്‍ത്തി ജേക്കബ്