
ഇന്ന് വിശുദ്ധ കുർബാന അർപ്പിച്ചത് കോട്ടയത്ത് കുടമാളൂരുള്ള സംപ്രീതിയിലെ മാലാഖമാർക്കൊപ്പമായിരുന്നു. ഭക്തിയുടെ നിറവിൽ ഭൂമിയിലെ മാലാഖമാർ സ്വർഗത്തിലെ മാലാഖമാരൊപ്പം ദൈവത്തിന് ആരാധനാസ്തുതിഗീതങ്ങൾ ഉയർത്തിയപ്പോൾ മനസ്സും ഹൃദയവും നിറഞ്ഞ അനുഭവമായിരുന്നു. അപ്പോഴെ മനസ്സിൽ വിചാരിച്ചതാണ് ഈ മാലാഖമാർ പഠിപ്പിക്കുന്ന ദിവ്യകാരുണ്യ പാഠങ്ങൾ ഒന്നു കുറിക്കണമെന്ന്.
1. ബലിപീഠത്തോടു ചേർന്നു ജീവിക്കുക
ഭിന്നശേഷിക്കാരായ ഈ ഭവനത്തിലെ മാലാഖമാർ എല്ലാവരും മാനുഷികവീക്ഷണത്തിൽ ബുദ്ധിവികാസം പ്രാപിക്കാത്തവരാണ്. എങ്കിലും അവരുടെ ജീവിതം ബലിപീഠത്തിനു സമീപത്തുതന്നെയാണ്. വിശുദ്ധ കുർബാന അർപ്പിക്കുമ്പോൾ അവരിൽ ചിലർ വചനവേദിയോടും ബലിപീഠത്തോടും ചേർന്നുനിൽക്കും. ബലിപീഠത്തിനുമുമ്പിൽ അവർ പ്രദർശിപ്പിക്കുന്ന ആദരവും ബഹുമാനവും നമുക്കെല്ലാവർക്കും മാതൃകയാണ്. ഈശോയുടെ ബലിക്കല്ലിൽ ജീവിതം സമർപ്പിക്കുന്ന ജീവിതത്തിൽ എന്നും സന്തോഷമാണ്, സംതൃപ്തിയാണ്. ബലിപീഠത്തിനു ചുവട്ടിൽ ജീവിതം നെയ്തെടുക്കണമെന്ന് ഈ മാലാഖമാർ പഠിക്കുന്നു.
2. സജീവ പങ്കാളിത്തം
പരിശുദ്ധ കുർബാനയുടെ ആഘോഷമായ കുർബാനയർപ്പണമാണ് സംപ്രീതിയുടെ അനുദിനജീവിതത്തിലെ കേന്ദ്രം. അതിനാൽ മാലാഖമാർ ഉച്ചത്തിൽ പാടുകയും പ്രാർഥിക്കുകയുംചെയ്യും. ദൈവം തങ്ങൾക്കു തന്നിരിക്കുന്ന സ്വരം മുഴുവനും ഉപയോഗിച്ച് അവർ പാടുകയും അറിയാവുന്ന പ്രാർഥനകൾ ചൊല്ലുകയും ചെയ്യും. പരിശുദ്ധ കുർബാനയിൽ കേവലം കാഴ്ചക്കാരായി സംബന്ധിക്കുന്നവർ സംപ്രീതിയിൽ എത്തുക, ഒരു പരിശുദ്ധ കുർബാനയിൽ പങ്കെടുക്കുക, വിശുദ്ധ കുർബാനയോടുള്ള സമീപനത്തിൽ മാറ്റം വരും തീർച്ച.
3. ഈശോ എന്നു വിളിക്കാൻ പഠിപ്പിക്കുന്ന അധ്യാപകർ
സംപ്രീതിയിലെ മാലാഖമാർ ദിവ്യകാരുണ്യ സന്നിധിയിൽ പ്രാർഥിക്കുമ്പോൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന നാമം ‘ഈശോയെ’, ‘എൻ്റെ ഈശോയെ’ തുടങ്ങിയ വാക്കുകളാണ്. രക്ഷകനായ ഈശോയുമായി അടുത്ത ബന്ധം സ്ഥാപിക്കാൻ തുടർച്ചയായ ഈശോവിളികൾക്കു സാധിക്കുന്നു.
4. ദിവ്യകാരുണ്യ സ്വീകരണശേഷമുള്ള ഉപകാരസ്മരണ
വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം സംപ്രീതിയിലെ മാലാഖമാർ നടത്തുന്ന ഉപകാരസ്മരണ വിശ്വാസികൾ കണ്ടുപഠിക്കേണ്ടതാണ്. കുർബാനയുടെ സമാപനത്തിൽ അവർ മദ്ബഹയ്ക്കു മുമ്പിൽ മുട്ടുകുത്തി ഈശോയെ വിളിച്ചു നന്ദിപറയുന്നതും അന്നത്തെ പ്രത്യേക പ്രാർഥനാ നിയോഗങ്ങൾ ഉപകാരസ്മരണയുടെ വിഷയമാക്കുന്നതും അനുഭവിച്ചറിയുമ്പോൾ ആരുടെയും കണ്ണുകൾ ഈറനണയും. തിരക്കുകൾക്കിടയിൽ ഈശോയോട് നന്ദിപറയാൻ മറന്നുപോകുന്നവർക്ക് എളിയവരുടെ പ്രാർഥനയും ദൈവസന്നിധിൽ ഫലം ചൂടുമെന്നു പഠിപ്പിക്കുന്ന ചെറിയ ദൈവശാസ്ത്രജ്ഞന്മാരാണ് ഈ മാലാഖമാർ.
5. പരാതികളില്ലാത്ത സംതൃപ്തി നിറഞ്ഞ ജീവിതം
മാലാഖമാർ ദിവ്യകാരുണ്യത്തിലധിഷ്ഠിതമായ ജീവിതം നയിക്കുന്നതിനാൽ അവർക്ക് പരാതികളില്ല; സംതൃപ്തി അവരുടെ മുഖത്തു നിന്നു വായിച്ചറിയാം. ആരെയും ദിവ്യകാരുണ്യ അതിഥിസൽക്കാരത്തോടെ സ്വീകരിക്കുന്ന മാലാഖമാർ, അവിടം സന്ദർശിക്കുന്ന ഏവരുടെയും ഹൃദയങ്ങൾ കീഴടക്കുന്നു.
സംപ്രീതിയിലെ മാലാഖമാരുടെ കാവൽമാലാഖമാരായ റ്റിജോ അച്ചനും ജോബിനച്ചനും ജോയൽ ബ്രദറിനും മറ്റു സ്റ്റാഫിനും ഹൃദയം നിറഞ്ഞ നന്ദി.
സംപ്രീതി കുടമാളൂർ കോട്ടയം
9605915748
ഫാ. ജയ്സൺ കുന്നേൽ MCBS